April 19, 2024

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷില്‍ കൈ കരുത്തുകാട്ടാന്‍ 14 അംഗ വയനാടന്‍ സംഘം.

0
Panchagusti 1
കല്‍പറ്റ: -ജൂണ്‍ 19 മുതല്‍ 24 വരെ ഛത്തീസ്ഗഡിലെ ഭിലായിയില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷില്‍ കരുത്തുകാട്ടാന്‍ 14  അംഗ വയനാടന്‍ സംഘം. സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പ്രതിഭ തെളിയിച്ച 13 താരങ്ങളാണ്  കേരള ടീമിന്റെ ഭാഗമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ.വി.അബ്രഹാമും വയനാടന്‍ സംഘത്തിനൊപ്പം  ഉണ്ടാകും. 
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ 50 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സനിത് രവി, 55 കിലോയില്‍  ഒന്നാമനായ എം.വി. നവീന്‍, 60 കിലോയില്‍ സ്വര്‍ണം കൊയ്ത യദു സുരേഷ്, 65 കിലോയില്‍ സ്വര്‍ണം നേടിയ സ്റ്റീവ് തോമസ്, 60 കിലോ വിഭാഗത്തില്‍ വെള്ളി നേടിയ തേജസ് ഉണ്ണി മാധവന്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 70  പ്ലസ് കിലോ വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കിയ ശ്രീജയ ജെ. ചന്ദ്ര, 
ഭിന്നശേഷി വിഭാഗം 70 കിലോയില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഇ.എച്ച്.വിഷ്ണുപ്രസാദ്, വനിത  60 കിലോ വിഭാഗത്തില്‍(വലതുകൈ) സ്വര്‍ണം നേടിയ വര്‍ഷ ഷാജി, സീനിയര്‍ 85 കിലോ വിഭാഗത്തില്‍(വലതുകൈ) രണ്ടാം സ്ഥാനം നേടിയ വി.എസ്.സിജില്‍, സീനിയര്‍ 55 കിലോയില്‍(ഇടതുകൈ) വെള്ളി നേടിയ അശ്വിന്‍ തമ്പി, സീനിയര്‍ 55 കിലോയില്‍(ഇടതുകൈ) ഒന്നാമനായ നന്ദു സുരേഷ്, സീനിയര്‍ 65 കിലോയില്‍ വെങ്കലം നേടിയ എസ്.ഹരിദാസ്, സീനിയര്‍ 80 കിലോയില്‍(ഇടതുകൈ)മൂന്നാം സ്ഥാനത്തെത്തിയ അജയ് വിനായക് എന്നിവരാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനുവേണ്ടി ജഴ്‌സിയണിയുന്നത്. താരങ്ങളില്‍ മീനങ്ങാടിയില്‍നിന്നുള്ള വര്‍ഷ ഷാജിയും വൈത്തിരിയില്‍നിന്നുള്ള ശ്രീജയ ജെ. ചന്ദ്രയുമൊഴികെയുള്ളവര്‍ പുല്‍പള്ളി സ്വദേശികളാണെന്ന പ്രത്യേകതയും ഉണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ 60 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന യദു സുരേഷ് 2018ല്‍ തുര്‍ക്കിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പന്ത്രണ്ടാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍  60 കിലോ ഇടതുകൈ  വിഭാഗത്തില്‍ ഒന്നാം സ്ഥാനവും വലതുകൈ വിഭാഗത്തില്‍ വെങ്കലും യദുവിനായിരുന്നു. വര്‍ഷ ഷാജി മൂന്നു വര്‍ഷമായി 69 കിലോ വിഭാഗത്തില്‍ ദേശീയ ചാമ്പ്യനാണ്. 
പുല്‍പള്ളി ഫിറ്റ്‌വെല്‍ ജിംനേഷ്യത്തിലെ ആം റസ്‌ലിംഗ് പരിശീലകന്‍ നവീന്‍ പോള്‍, വൈത്തിരിയിലെ ചലഞ്ച് മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആം റസ്‌ലിംഗ്  പരിശീലകന്‍ എം.ജെ. ഗ്രിഗറി എന്നിവര്‍ക്കു കീഴില്‍ ശിക്ഷണം നേടിയവരാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍വേട്ട നടത്തിയത്. നവീനും ഗ്രിഗറിയും കേരളത്തിലെ  അംഗീകൃത പഞ്ചഗുസ്തി റഫറിമാരുമാണ്.
ഇക്കഴിഞ്ഞ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ വയനാടന്‍ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ജില്ലയുടെ കായിക ചരിത്രത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ ഇത്രയും മെഡല്‍ നേട്ടം ആദ്യമാണ്. മത്സരം തുടങ്ങി മൂന്നു സെക്കന്‍ഡിനകം എതിരാളികളെ കീഴ്‌പ്പെടുത്തുന്ന രാജ്യാന്തര കളിമുറയാണ് ജില്ലയില്‍നിന്നുള്ള താരങ്ങള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പ്രയോഗിച്ചത്. ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ നവീന്‍ പോളിനു കീഴിലായിരുന്നു ഈ കളിമുറയില്‍ പരിശീലനം. സമയമെടുത്ത് എതിരാളിയെ കീഴ്‌പ്പെടുത്തുന്നതാണ് പരമ്പരാഗത തന്ത്രം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള കായിക ഇനമാണ് പഞ്ചഗുസ്തി. ജില്ലയില്‍ 2011ലാണ്  പഞ്ചഗുസ്തി അസോസിയേഷന്‍ പ്രവര്‍ത്തനം സജീവമായത്. അഡ്വ.ജോഷി സിറിയക്കാണ്  അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്. പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഇ.വി.അബ്രഹാമാണ് സെക്രട്ടറി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *