April 24, 2024

ജോസഫ് തൊണ്ടിപ്പറമ്പിലച്ചൻ വിടവാങ്ങി: ആദരാഞ്ജലി അർപ്പിച്ച് വിശ്വാസി സമൂഹം

0
സ്നേഹപൂര്‍ണ്ണമായ ജീവിതത്തിനും കഠിനാദ്ധ്വാനത്തിനും ലളിതജീവിതത്തിനും പാണ്ഡിത്യത്തിനും അനേകര്‍ക്ക് മാതൃകയും പ്രചോദനവുമായ ഫാ:  ജോസഫ് തൊണ്ടിപ്പറമ്പിൽ   കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മൃതസംസ്കാരകര്‍മ്മം ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍. 
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്നു. എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18-ാം തിയതി ജോസഫസച്ചന്‍ ജനിച്ചു. സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജിയും പൂര്‍ത്തിയാക്കി. അഭി. മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും 1975 ഡിസംബര്‍ 31-ാം തിയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ അഭി. പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു. ഈ കാലയവളവില്‍ത്തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും അച്ചന്‍ സേവനം ചെയ്തു. 1980-ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അച്ചന്‍ 1984-ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു. 2014-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായും സേവനം ചെയ്തു വരികയായിരുന്നു. 
എളിമയും കഠിനാദ്ധ്വാനവും മുഖമുദ്രയാക്കിയ അച്ചന്‍ ജീവിതത്തിന്‍റെ ഭൂരിഭാഗവും സെമിനാരി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി ചിലവഴിച്ചു. വിശുദ്ധഗ്രന്ഥത്തിലെ ഗഹനമായ ചിന്തകള്‍ നര്‍മ്മത്തില്‍ ചാലിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള അച്ചന്‍റെ കഴിവ് വിദ്യാര്‍ത്ഥികളായ വൈദികരും മെത്രാന്മാരും നന്ദിപൂര്‍വ്വം അനുസ്മരിക്കാറുണ്ട്. സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള അച്ചന്‍റെ വചനപ്രഘോഷണത്തിലൂടെയും ദൃശ്യസ്രാവ്യമാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണപരമ്പരകളിലൂടെയും പലതരത്തിലുള്ള എഴുത്തുകളിലൂടെയും ലോകത്തുടനീളം അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അച്ചന് സാധിച്ചു. നന്മയുടെയും സ്നേഹത്തിന്‍റെയും ദീപം അനേകര്‍ക്ക് കൈമാറി ദൈവസന്നിധിയിലേക്ക് യാത്രയായ അച്ചന്‍റെ പാവന സ്മരണക്ക് മുമ്പില്‍ മാനന്തവാടി രൂപതാകുടുംബം നിറമിഴികളോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news