April 26, 2024

സര്‍വീസ് വോട്ടുകള്‍: പിന്നിടേണ്ടത് നിരവധി നടപടിക്രമങ്ങള്‍

0

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) മുഖേന ചെയ്ത സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിന് ക്യുആര്‍ കോഡ് റീഡിംഗ് ഉള്‍പ്പെടെ നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സായുധസേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഈ രീതിയില്‍ വോട്ടു ചെയ്തിട്ടുള്ളത്. സര്‍വീസ് വോട്ടുകളും എണ്ണാനായി ക്യുആര്‍ കോഡ് റീഡറും അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കും. ആദ്യം പുറം കവറിന്റെ(ഫോം 13-സി) താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യു ആര്‍ കോഡ് യന്ത്രം ഉപയോഗിച്ച് റീഡ് ചെയ്യുന്നു. അതോടൊപ്പം വോട്ടറുടെ വെരിഫിക്കേഷനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള അവശ്യ പരിശോധനങ്ങളും നടത്തും. കമ്പ്യൂട്ടറില്‍ നിന്നു ലഭിക്കുന്ന പ്രത്യേക സീരിയല്‍ നമ്പര്‍, പരിശോധിക്കുന്ന കവറിന് പുറത്ത് റിട്ടേണിങ് ഓഫീസര്‍ എഴുതിച്ചേര്‍ക്കും. ഇരട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കിയശേഷം പുറം കവര്‍ (ഫോം 13-സി) തുറക്കും. ഫോം 13 എയിലുള്ള പ്രസ്താവനയും പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ കവറു(ഫോം 13-ബി)മാണ് ഇതിലുണ്ടാവുക. റിട്ടേണിങ് ഓഫീസര്‍ ഇവ പുറത്തെടുക്കും. ഫോം 13 എയിലെ രണ്ട് ക്യുആര്‍ കോഡുകള്‍ ഒന്നിനു പിറകെ അടുത്തത് എന്ന രീതിയില്‍ സ്‌കാന്‍ ചെയ്യും. തുടര്‍ന്ന് ഫോം 13-ബിയുടെ താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം സീരിയല്‍ നമ്പറുകള്‍ രേഖപ്പെടുത്തും. ക്യുആര്‍ കോഡ് റീഡിങില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഫോം 13-ബി കവറും പ്രസ്താവനയും ഫോം 13-സി കവറില്‍ ഇട്ടശേഷം എണ്ണുന്നതിനുള്ള സാധുവായ വോട്ടുകള്‍ സൂക്ഷിക്കുന്ന ട്രേയില്‍ നിക്ഷേപിക്കും. ക്യുആര്‍ കോഡ് റീഡിങില്‍ രേഖകള്‍ സാധുവല്ലാതിരിക്കുക, ഒരേ രേഖയുടെ ഒന്നിലധികം പകര്‍പ്പുകള്‍ കണ്ടെത്തുക തുടങ്ങിയ അപാകതകള്‍ ഉണ്ടായാല്‍ ഇത്തരം കവറുകള്‍ തള്ളപ്പെടുന്ന കവറുകള്‍ക്കുള്ള ട്രേയില്‍ നിക്ഷേപിക്കും. ഒരു വോട്ട് എണ്ണുന്നതിന് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *