June 20, 2026

പട്ടികവര്‍ഗ-ദളിത് സംഘടനകളുടെ കൂട്ടായ്മ ലോക ആദിവാസി ദിനമായ ഓഗസ്റ്റ് ഒമ്പതിനു രാജ്ഭവന്‍ മാര്‍ച്ച് നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ലോക ആദിവാസി ദിനമായ ഓഗസ്റ്റ് ഒമ്പതിനു രാജ്ഭവന്‍ മാര്‍ച്ചുമായി പട്ടികവര്‍ഗ-ദളിത് സംഘടനകളുടെ കൂട്ടായ്മ. ആദിവാസി ഗോത്ര മഹാസഭ, കേരള ദളിത് മഹാസഭ, കെഎസ്‌വിഎംഎസ്, ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി, വോട്ടേഴ്‌സ് അലയന്‍സ്, എംഡിഎംഎസ്, അരിപ്പ ഭൂസമര സമിതി, കൊടുങ്ങല്ലൂര്‍ കൂട്ടായ്മ, എസ്‌സി-എസ്ടി കോ ഓര്‍ഡിനേഷന്‍- പാലക്കാട്, സൈന്ധവമൊഴി, ആദിജനസഭ, ഡിഎസ്എസ് പാലക്കാട്, ആദിശക്തി സമ്മര്‍ സ്‌കൂള്‍, ചെങ്ങറ ഭൂസമര സമിതി, ഭൂ അധികാര സംരക്ഷണ സമിതി, ഗിരിവര്‍ഗ മഹാസഭ, കേരള ആദിവാസി ഫോറം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാര്‍ച്ച്. 
വയനാട്ടിലെ കുറിച്യാട് ഉള്‍പ്പെടെ വനമേഖലകളില്‍നിന്നു ആദിവാസികളെ കുടിയിറക്കുന്നതു നിര്‍ത്തലാക്കുക, പട്ടികവര്‍ഗ ഡയറക്ടര്‍ സ്ഥാനത്തുനിന്നു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ മാറ്റുക, ആദിവാസി കുട്ടികളുടെ ഹയര്‍ സെക്കന്‍ഡറി പഠനം ഉറപ്പുവരുത്താന്‍ വിദ്യാലയങ്ങളില്‍ കൂടുതല്‍ കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുക, ആദിവാസി വിരുദ്ധ വനനിയമ ഭേദഗതി ഒഴിവാക്കുക, വേടന്‍ ഗോത്രത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ആദിവാസി വകുപ്പിനു പ്രത്യേകം മന്ത്രിയെയും ഡയറക്ടറെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരത്തിന്റെ തുടക്കമാണ് രാജ്ഭവന്‍ മാര്‍ച്ചെന്നു ആദിവാസി ഗോത്ര മഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, നേതാക്കളായ രമേശന്‍ കൊയാലിപ്പുര, ഷാജന്‍ പയ്യമ്പള്ളി, കേരള ആദിവാസി ഫോറം പ്രസിഡന്റ് എ. ചന്തുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പട്ടികവര്‍ഗ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും മാര്‍ച്ചിന്റെ ലക്ഷ്യമാണ്. 
നിയമവിരുദ്ധമെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും സ്വയംസന്നദ്ധ പുനരധിവാസത്തിന്റെ പേരില്‍ വന മേഖലകളില്‍ ആദിവാസി കുടുംബങ്ങളെ  കുടിയിറക്കുന്നതു തുടരുകയാണ്.  സംസ്ഥാനത്തു വനവകാശ നിയമത്തിന്റെ അട്ടിമറിക്കും നിര്‍ബന്ധിത കുടിയിറക്കിനും പ്രധാന കാരണം വനം മേധാവിയെ  പട്ടികവര്‍ഗ ഡയറക്ടര്‍ സ്ഥാനത്തു നിയമിച്ചതാണ്. വനാവകാശനിയമം നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി പട്ടികവര്‍ഗ വികസന വകുപ്പാണ്. വനംമേധാവി പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്റായതോടെ നോഡല്‍ ഏജന്‍സിയും യഥാര്‍ഥത്തില്‍ വനം വകുപ്പായി. ചീഫ് സെക്രട്ടറിയും പട്ടികവര്‍ഗ ഡയറക്ടറും അടങ്ങുന്ന ഉന്നതാധികാര സമിതി വനത്തില്‍നിന്നു ആദിവാസികളെ ഒഴിപ്പിക്കുന്നതിനു 52 കോടി രൂപ  കോര്‍പസ് ഫണ്ടില്‍നിന്നു അനുവദിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ഇതേ ആവശ്യത്തിനു വനം വകുപ്പ് നേരത്തേ  ഫണ്ടില്‍നിന്നു കടമെടുത്ത 7.5 കോടി രൂപ തിരികെ നല്‍കിയിട്ടുമില്ല. ഉന്നത പഠനത്തിനു മറ്റു ജില്ലകളില്‍ പോകുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്കു 5,000 രൂപ വീതം സഹായധനം നല്‍കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ സ്‌കീം ഇല്ലെന്നു പറഞ്ഞവരാണ് ആദിവാസികളെ കുടിയിറക്കാന്‍ പട്ടികവര്‍ഗ കോര്‍പസ് ഫണ്ടില്‍നിന്നു വന്‍തുക അനുവദിക്കുന്നത്. 
മഴു, കത്തി, വാക്കത്തി തുടങ്ങിയവ കൃഷി-പണി ആയുധങ്ങളാണ്. എന്നാല്‍ ഇവയുമായി വനത്തില്‍ കാണുന്നവരെ വെടിവച്ചുകൊല്ലാന്‍ വനം ഉദ്യോഗസ്ഥര്‍ക്കു അധികാരം നല്‍കുന്ന വിധത്തിലാണ് വനനിയമം ഭേദഗതി ചെയ്യുന്നത്. ഗ്രാമസഭാ തീരുമാനങ്ങളെ മറികടക്കാന്‍ വനം വകുപ്പിനു അധികാരം നല്‍കുന്ന വ്യവസ്ഥയും നിയമഭേദഗതിയിലുണ്ട്. 
സാമ്പത്തിക സംവരണ നിയമം റദ്ദാക്കുക, ഹാരിസണ്‍ കമ്പനിയുടെ അനധികൃത കൈവശ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിക്കുമെന്നും ഗോത്ര മഹാസഭ, കേരള ആദിവാസി ഫോറം നേതാക്കള്‍ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *