April 24, 2024

പുത്തുമല:തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്

0


പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള  ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഒമ്പതാം ദിവസത്തിലേക്ക്.  മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തുക എന്ന ഉറച്ച തീരുമാനത്തോടെയാണ് സര്‍വസന്നാഹങ്ങളുമായി തിരച്ചില്‍ തുടരുന്നത്. ദുരന്തത്തില്‍പ്പെട്ട ഏഴ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ സംഘം രൂപീകരിച്ചിട്ടുള്ളത്. സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.  15 ഹിറ്റാച്ചി, നാല് ജെ.സി.ബി. മൂന്ന് ട്രാക്ടറുകള്‍ തുടങ്ങിയ യന്ത്ര സാമഗ്രികള്‍ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍ തുടരുന്നത്.  ഇടയ്ക്കിടെ പെയ്യുന്ന മഴ തിരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നുവെങ്കിലും അവയെ പ്രതിരോധിച്ചുകൊണ്ടാണ് സംഘാംഗങ്ങള്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നത്.
വ്യാഴാഴച ഡ്വാഗ് സ്‌ക്വാഡിനെ കൊണ്ടുവന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെളി പുതഞ്ഞ് നില്‍ക്കുന്ന ചതുപ്പില്‍ നായ്ക്കള്‍ക്ക് ഇറങ്ങുന്നത് പ്രയാസമായിരുന്നു.  കോഴിക്കോട് നിന്നെത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവര്‍ത്തകര്‍ മാപ്പ് തയ്യാറാക്കി തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  മണ്ണിനടിയില്‍പ്പെട്ടവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഒട്ടുമിക്ക പ്രദേശവും ഇതിനകം മണ്ണ് നീക്കി പരിശോധിച്ചു കഴിഞ്ഞു.  കാണാതായവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലാണ് ഇന്നലെ തിരച്ചില്‍ നടന്നത്.  റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടന്നുവരുന്നു.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചില്‍ സംഘത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു.  ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ്, ഹരിത കേരളം മിഷന്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, വൈത്തിരി   തഹസില്‍ദാര്‍ ടി.പി.ഹാരിസ് എന്നിവരും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍ എന്നിവര്‍ ഇന്നലെ പുത്തുമല സന്ദര്‍ശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *