April 25, 2024

ഇനി ഞാനൊഴുകട്ടെ: നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് – ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
Img 20191212 Wa0269.jpg
 
കല്‍പ്പറ്റ : ഹരിത കേരളം മിഷന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ 14 മുതല്‍ 22 വരെ ഇനി ഞാനൊഴുകട്ടെ'  നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ' എന്ന പേരില്‍ ഒരു ബഹുജന ക്യാമ്പയിന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുകയാണ്. ഇതിന് മുന്നോടിയായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടത്തിയ ജില്ലാതല യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു.
 
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിലും ഒരു പ്രധാനപ്പെട്ട തോടോ നീര്‍ച്ചാലോ തിരഞ്ഞെടുത്ത് ജനകീയമായി ശുചീകരിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. ഇത്തരത്തില്‍ 26 തദ്ദേശ സ്ഥാപനങ്ങളിലായി 126.75 കി.മീ നീളത്തില്‍ 39 നീര്‍ച്ചാലുകള്‍ ഈ ക്യാമ്പയിനിലൂടെ വീണ്ടെടുക്കപ്പെടും.സര്‍ക്കാര്‍,സര്‍ക്കാരിതര വകുപ്പുകള്‍,ജനപ്രതിനികള്‍,സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ, എന്‍എസ്എസ്,എസ്പിസി,സന്നദ്ധ സംഘടനകള്‍,വ്യാപാരി വ്യവസായികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തിയുള്ള ബഹുജന പരിപാടിയായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തപ്പെടും.
   
നമ്മുടെ പുഴകള്‍ മലിനമാകുന്നതിന് പ്രധാന കാരണം അവയുടെ കൈവഴികളായ തോടുകളും അവയിലേക്കെത്തുന്ന നീര്‍ച്ചാലുകളും മലിനമാകുന്നതാണ്. അതിനാല്‍ തന്നെ പുഴകള്‍ മാലിന്യ മുക്തമാക്കുന്നതിന് ആദ്യം കൈവഴികള്‍ ശുചിയാക്കേണ്ടതുണ്ട്. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് 2019 ആഗസ്റ്റ് ഒന്നാം തീയ്യതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിത കേരളം മിഷന്‍ യോഗത്തില്‍ നീര്‍ച്ചാല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ടിട്ടുള്ളത്.
 
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഹരിത കേരളം മിഷന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത ഉപയോഗിച്ചുകൊണ്ടും ഇതുവരെ 390 കി.മീ നീളത്തില്‍ പുഴകളും 34289 കി.മീ നീളത്തില്‍ നീര്‍ച്ചാലുകളും പുനരുജ്ജീവിച്ചിച്ചിട്ടുണ്ട്. കൂടാതെ 2018 ഡിസംബര്‍ 8 ന് ഹരിത കേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 210 കി.മീ നീളത്തില്‍ 137 നീര്‍ച്ചാലുകള്‍ ശുചീകരിക്കപ്പെട്ടു. 
ഹരിത കേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ ക്യാമ്പയിന്റെ മുന്നോടിയായി ജലസമൃദ്ധി ഉപമിഷന്റെ  ജില്ലാതല സാങ്കേതിക സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ബ്ലോക്ക്,ഗ്രാമപഞ്ചായത്ത്തല സമിതികള്‍ ചേര്‍ന്ന് പഞ്ചായത്ത് തല പരിപാടി ആസൂത്രണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട തോട്/നീര്‍ച്ചാല്‍ കടന്നു പോകുന്ന വാര്‍ഡുകളില്‍ പ്രത്യേക പ്രദേശിക സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തും. 
നീര്‍ച്ചാലുകള്‍ വീണ്ടും മലിനപ്പെടാതിരിക്കാനായി ബോധവല്‍ക്കരണം,പാര്‍ശ്വ സംരക്ഷണത്തിനായി ജൈവ രീതികള്‍ അവംലംഭിച്ച് ഭിത്തി നിര്‍മാണം,നീര്‍ത്തടാധിഷ്ഠിത ആസൂത്രണത്തിലൂടെ കൈവഴികളുടെയും വൃഷ്ടി പ്രദേശത്തിന്റെയും സംരക്ഷണം, വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനമെന്ന നിലയില്‍ ചെറു തടയണ നിര്‍മ്മാണം തുടങ്ങിയവയും ക്യാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളായി ആസൂത്രണം ചെയ്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *