തൊഴിലാളികളെ കേട്ട് എം.വി. ശ്രേയാംസ് കുമാർ
പൊഴുതന: വെയിൽ കനക്കുന്നേയുള്ളൂ, പൊഴുതന അച്ചൂർ എസ്റ്റേറ്റിൽ തേയില കൊളുന്തുനുള്ളുകയാണ് വനിതാ തൊഴിലാളികൾ. അവർക്കിടയിലേക്ക് എൽ.ഡി.എഫ്. പ്രവർത്തകർക്കൊപ്പം വോട്ടഭ്യർഥനയുമായി കല്പറ്റ നിയോജകമണ്ഡലം സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറെത്തി. കാണുമ്പോഴെല്ലാം പരിഭവങ്ങളുടെ വലിയ നിരയുണ്ടാകും ഇവർക്കോരോരുത്തർക്കും – പേരെടുത്തു വിളിച്ച് പരിചയം പുതുക്കി എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ഇത്തവണയില്ല, റേഷനും കൂലിയും തൊഴില്ദിവസങ്ങളും എല്ലാം കിട്ടുന്നുണ്ട്. തൊഴിലാളികളുടെ മറുപടി നൽകി. നിലവിലെ തൊഴിൽപ്രതിസന്ധികളെയും അവയുടെ പരിഹാരങ്ങളെയും കുറിച്ചായി പിന്നെ ചർച്ച. പിന്നാലെ കുറിച്യർമല, വേങ്ങാത്തോട്, പെരുങ്കോട മേഖലകളിലെ തോട്ടംതൊഴിലാളി മേഖലകളിലും വോട്ടഭ്യർഥനയുമായി സ്ഥാനാർഥിയെത്തി.
വൈത്തിരിയിലെ കോളിച്ചാൽ, തളിപ്പുഴ, ചാരിറ്റി മേഖലകളിലെ തൊഴിലുറപ്പു തൊഴിലാളുകളുമായും എം.വി. ശ്രേയാംസ് കുമാർ സംവദിച്ചു. തൊഴിലുറപ്പു വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറക്കുന്നതും അതിനെ പ്രതിരോധിക്കാനായി ചെയ്യേണ്ട കാര്യങ്ങളും ചർച്ചയായി. തൊഴിലാളികളും അദ്ദേഹത്തെ കേട്ടു. കുടുംബശ്രീ യോഗത്തിലും അദ്ദേഹമെത്തി തൊഴിലാളികളുടെ പ്രയാസങ്ങൾ കേട്ടു. കല്പറ്റയിലെ ആദിവാസി തയ്യൽ പരിശീലന കേന്ദ്രവും സന്ദർശിച്ചു. വൈകിട്ട് മുട്ടിൽ കുട്ടമംഗലത്തെ ഫുട്ബോൾ ടൂർണമെന്റിലും വൈസ് മെൻക്ലബിന്റെ പരിപാടിയിലും പങ്കെടുത്തു.




Leave a Reply