March 19, 2024

മടത്തുംകുനി കോളനിയിലെ കാവൽക്കാരനായി ‘അളിയൻ’ എന്ന പട്ടി

0
Img 20210522 Wa0012.jpg
മടത്തുംകുനി കോളനിയിലെ കാവൽക്കാരനായി 'അളിയൻ' എന്ന പട്ടി

ജിത്തു തമ്പുരാൻ
▪️▪️▪️▪️▪️▪️▪️▪️
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനാറാം മൈൽ പാണ്ടങ്കോട് മടത്തുംകുനി കോളനിയിലെ കാവൽക്കാരനാണ് അളിയൻ എന്ന് പേരുള്ള ഒരു നാടൻ പട്ടി. കോളനിയിലെ ഇടുമ്മനാം കുഴിയിൽ എന്ന കുഞ്ഞു വീട്ടിലാണ് അളിയന്റെ താമസം. ഇടുമ്മനാംകുഴി വീട്ടിലെ സുധയുടെ ഏക മകൾ ജിഷ 2010 ൽ സ്കൂളിൽ പോയി തിരികെ വരുമ്പോൾ കൂടെ കൂടിയതാണ്. പിന്നീടങ്ങോട്ട് പതുക്കെ പതുക്കെ വീട്ടിലെ കാവലും കൂട്ടും എല്ലാമായി മാറിയ പട്ടിയെ സുധ സ്നേഹത്തോടെ അളിയൻ എന്ന് വിളിച്ചു. പിന്നീടങ്ങോട്ട് മടത്തും കുനി കോളനിയുടെ സ്വന്തം അളിയനായി മാറുകയായിരുന്നു. കോളനിയിലെ താമസക്കാരനായ പിഞ്ചു കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള എല്ലാവരെയും അളിയന് ഒരേപോലെ പ്രിയമാണ്.  പുറമേ നിന്ന് ആരെങ്കിലും ആ കോളനിയിലേക്ക് പ്രവേശിക്കണമെങ്കിൽ അളിയന്റെ അനുവാദം വേണം.  കോളനിക്കാർ സംസാരിച്ചാൽ അളിയന് മനസ്സിലാകും. ഒരല്പം ദൂരെയുള്ള പുഴയിൽ പോയി സ്വന്തമായി നീന്തിക്കുളിച്ച് തിരികെ വരാറുണ്ട്. കോളനിയിലെ കുട്ടികൾ കളിക്കുമ്പോൾ അവർക്കൊപ്പം കൂടാൻ താല്പര്യം പ്രകടിപ്പിച്ച് അതിന് നടുവിൽ തന്നെ പോയി ഇരിക്കും. അവിടുത്തെ ചെറിയ കുട്ടികൾക്ക് ധൈര്യമായി അളിയന്റെ പുറത്തു കയറാം. ദേഹശുദ്ധിയുടെയും വൃത്തിയുടെയും കാര്യത്തിൽ അളിയന് മനുഷ്യനേക്കാൾ ബോധമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
     ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ അളിയന് വളരെ ഇഷ്ടമാണ്. 2015 ൽ ഒരുതവണ അളിയൻ വീട്ടുകാർക്കൊപ്പം സ്വകാര്യ ബസിൽ കയറിയിരുന്നു. പക്ഷേ ഒരു വലിയ പട്ടി സ്വാഭാവികമല്ലാത്ത രീതിയിൽ ബസിന്റെ പിറകുവശത്തേക്ക് ഓടിക്കയറിയത് കണ്ട് ജനങ്ങൾ അലറിവിളിച്ചു. ഇത് ചെറിയൊരു സീൻ ഉണ്ടാക്കിയ സംഭവം ആയിത്തീർന്നു. അതിനുശേഷം അളിയന്റെ യാത്ര ഓട്ടോറിക്ഷയിൽ മാത്രമായി മാറുകയായിരുന്നു. കോളനിയിലെ മനുഷ്യരെയോ വളർത്തു മൃഗാളെയോ ആരെയും അളിയൻ ഉപദ്രവിക്കാറില്ല. ബിസ്ക്കറ്റും പാലും ആണ് അളിയൻറെ ഇഷ്ടഭക്ഷണം. ചിക്കൻ മസാലയിട്ട് വേവിച്ചത് , പച്ച മത്സ്യം പീരവറ്റിച്ചത് ഇങ്ങനെ അളിയൻറെ ഇഷ്ട ഭക്ഷണ മെനുവും പക്വതയുള്ള ഒരു മനുഷ്യനെപ്പോലെ തന്നെ. മടത്തും കുനി കോളനി നിവാസികൾ ആരും അളിയനെ പട്ടി എന്ന് വിളിക്കാറില്ല, കാരണം , അവർക്ക് വ്യക്തമായി അറിയാം അളിയൻ വെറുമൊരു പട്ടിയല്ല എന്ന് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *