ഫലം ചെയ്യാതെ മാവോവാദി കീഴടങ്ങല്‍-പുനരധിവാസ പദ്ധതി


Ad
ഫലം ചെയ്യാതെ മാവോവാദി കീഴടങ്ങല്‍-പുനരധിവാസ പദ്ധതി

താഴ്ത്തട്ടിലുള്ളവര്‍ നേതൃത്വത്തെ ഭയന്നു കീഴടങ്ങാന്‍ ധൈര്യപ്പെടുന്നില്ലെന്നു വിലയിരുത്തല്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മാവോവാദി കീഴടങ്ങല്‍-പുനരധിവാസ പദ്ധതി വിഫലം. ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍നടപടികള്‍ റദ്ദു ചെയ്യലും പൊതുജീവിതത്തിലേക്കു തിരിച്ചുവരുന്നതിനു സാമ്പത്തിക പിന്തുണയും സുരക്ഷയും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാവോയിസ്റ്റ്‌പോലും കീഴടങ്ങിയില്ല. മാവോയിസ്റ്റ് ദളങ്ങളിലെ കീഴ്ത്തട്ടിലുള്ളതില്‍ പലര്‍ക്കും പദ്ധതിയോടു താത്പര്യമുണ്ടെങ്കിലും നേതൃത്വത്തോടുള്ള ഭയം കീഴടങ്ങുന്നതില്‍ അവര്‍ക്കു മുന്നില്‍ കടമ്പയാകുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളില്‍ കൊലക്കുറ്റങ്ങളിലടക്കം ഉള്‍പ്പെട്ടവരാണ് മാവോയിസ്റ്റ് ദളങ്ങള്‍ക്കു അമരം പിടിക്കുന്നത്. മാവോവാദികളില്‍ കൊലപാതമടക്കം വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു പദ്ധതിയില്‍ കേസ് സംബന്ധമായ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. പ്രസ്ഥാന രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുന്ന വിധത്തില്‍ ചോദ്യം ചെയ്യുമെന്ന ശങ്കയും മാവോവാദികളെ കീഴടങ്ങുന്നതില്‍ നിരുത്സാഹപ്പെടുത്തുന്നുവെന്നു കരുതുന്നവരും പോലീസിലുണ്ട്. 
കീഴടങ്ങല്‍-പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് വയനാട്് ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ പോലീസ് പതിച്ചിരുന്നു. മാവോയിസ്റ്റുകളിലെ കബനിദളം കാഡറുകളെന്നു പോലീസ് കരുതുന്ന ബി.ജി. കൃഷ്ണമൂര്‍ത്തി, വിക്രം ഗൗഡ, സാവിത്രി, പ്രഭ, ലത, എ.എസ്. സുരേഷ്, സുന്ദരി, ജയണ്ണ, രമേശ്, ഷര്‍മിള, വനജാക്ഷി, രവി മുരുകേശ്, സി.പി. മൊയ്തീന്‍, സന്തോഷ്, സോമന്‍, ചന്ദ്രു, കവിത, കാര്‍ത്തിക്, ഉണ്ണിമായ, രാമു, രവീന്ദ്രന്‍, യോഗേഷ്, ജിഷ എന്നിവരുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു നോട്ടീസ്. വഴിതിരിച്ചുവിടപ്പെട്ട ചെറുപ്പക്കാരെയും മറ്റും സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും അവര്‍ക്കു വിദ്യാഭ്യസവും ധനസമ്പാദന മാര്‍ഗങ്ങള്‍ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. 
കീഴടങ്ങുന്നയാള്‍ക്കു പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയംതൊഴിലിനും മറ്റും വായ്പയെടുക്കാന്‍ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്കു അഭിരുചിക്കനുസരിച്ചു തൊഴില്‍ പരിശീലനം നല്‍കും. മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാത്തപക്ഷം മൂന്നു വര്‍ഷം വരെ പരിശീലനകാലത്തു മാസം 10,000 രൂപ വരെ അനുവദിക്കും. 
ആയുധങ്ങള്‍ സമര്‍പ്പിച്ചാല്‍ 35,000 രൂപ പാരിതോഷികം, വീട്, വിദ്യാഭ്യാസച്ചെലവിനു പ്രതിവര്‍ഷം 15,000 രൂപ വരെയും നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനു കാല്‍ ലക്ഷം രൂപ വരെയും സഹായം, നിയമ പിന്തുണ, കേസുകളുടെ അതിവേഗ കോടതികള്‍ മുഖേനയുള്ള തീര്‍പ്പ് എന്നിവയും പദ്ധതി വാഗ്ദാനങ്ങളാണ്. 
ലഘുവായ കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകളില്‍ മാത്രം ഉള്‍പ്പെട്ടവരാണ് കബനി ദളത്തിലെ മാവോയിസ്റ്റ് കാഡറുകളില്‍ പലരുമെന്നു പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. പദ്ധതി ഉപയോഗപ്പെടുത്തി പൊതുജീവിതത്തിലേക്കു തിരിച്ചുവരാന്‍ ഇവര്‍ക്കു കഴിയും. എന്നാല്‍ ദളത്തിന്റെ നേതൃനിരയിലുള്ള ചിലര്‍ വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരാണ്. കീഴടങ്ങിയാല്‍ത്തന്നെയും ഇവര്‍ വിചാരണ നേരിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരും. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *