April 18, 2024

ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം

0
Img 20210713 Wa0027.jpg
ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം

കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കും- മന്ത്രി മുഹമ്മദ് റിയാസ്
കൽപ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍ ഡെസ്റ്റിനേഷനുകളും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ടൂറിസം മേഖലയുടെ കുതിപ്പിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ഇതാവശ്യമാണ്. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് സംസ്ഥാന പ്രധാനപ്പെട്ട മുഴുവന്‍ വിനോദ സഞ്ചാര മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. മന്ത്രി പറഞ്ഞു.
വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ആദ്യ ഡോസ് വാക്സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേര്‍ക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്സിന്‍ നല്‍കുന്നത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍ എന്നീ രണ്ട് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പഞ്ചായത്തില്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നേടുന്ന ആദ്യ ഗ്രാമ പഞ്ചായത്തായി വൈത്തിരി മാറും.
സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യൂ വിന്റെ കൂടി സഹകരണത്തോടെയാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്. വിദഗ്ധ ഡോക്ടര്‍മാരും സ്റ്റാഫുമടങ്ങുന്ന മൂന്ന് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളാണ് ഇതിനായി ഡോക്ടേഴ്‌സ് ഫോര്‍ യൂ അനുവദിച്ചത്. തുടര്‍ന്ന് ജില്ലയിലെ മറ്റ് കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുന്നതിനും ഈ മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭിക്കും. പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ സന്നദ്ധ പ്രവര്‍ത്തകരും സേവന രംഗത്തുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ (ഡബ്ലിയു.ടിയഒ) സൗജന്യ ഉച്ച ഭക്ഷണം നല്‍കും. ദിവസം 100 എണ്ണം ആകെ 500 ഭക്ഷണ പൊതികളാണ് രണ്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി വിതരണം ചെയ്യുക.
ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്ര നായര്‍, ഡി.പി.എം ഡോ. അഭിലാഷ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍, സുഗന്ധഗിരി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോയ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. മുഹമ്മദ് സലീം തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *