April 25, 2024

തീര്‍ത്ഥാടന ടൂറിസത്തിന് പദ്ധതി നടപ്പിലാക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
Thumb 1.jpg
തീര്‍ത്ഥാടന ടൂറിസത്തിന് പദ്ധതി നടപ്പിലാക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ 

സുല്‍ത്താന്‍ബത്തേരി: മതസൗഹാര്‍ദ്ദത്തിന് പ്രാധാന്യം നല്‍കുന്ന തീര്‍ത്ഥാടന ടൂറിസം പദ്ധതി വയനാട്ടില്‍ നടപ്പിലാക്കണമെന്ന് നിയമസഭയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. രാമായണ സര്‍ക്യൂട്ട് എന്ന പേരില്‍ ഒരു പദ്ധതി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. തീര്‍ത്ഥാടന ടൂറിസത്തിന് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒരു പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ട് കൊണ്ടുവരേണ്ടത്. രാമായണത്തില്‍ സീതയെ ഉപേക്ഷിച്ചതിന് ശേഷമുളള സംഭവങ്ങള്‍ നടന്നത് വയനാട്ടിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുല്‍പ്പള്ളി സീതാദേവിക്ഷേത്രം, ജഡയറ്റ്കാവ്, പൊന്‍കുഴി, എരിയപ്പള്ളി, തൃശിലേരി തിരുനെല്ലി ക്ഷേത്രം ഇവയൊക്കെ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നത്. ജില്ലയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുകിടക്കുന്ന നിരവധി ക്രിസ്ത്യന്‍, മുസ്ലീം പള്ളികളുമുണ്ട്. ചീയമ്പം, നടവയല്‍, പള്ളിക്കുന്ന്, പനമരം, ബത്തേരി മലങ്കരപള്ളികള്‍, വാരാമ്പറ്റ മഖാം, പീച്ചങ്കോട് മഖാം, കുഞ്ഞോം, കോളിയാടി മഖാം എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് തീര്‍ത്ഥാടനടൂറിസം പദ്ധതി നടപ്പിലാക്കണം. വയനാട്ടിലെ ആദിവാസി-പട്ടികവര്‍ഗവിഭാഗങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ടൂറിസം പദ്ധതിയാണ് വേണ്ടത്. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് സ്മാരകം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ 16 കോടി അനുവദിച്ചിട്ടുണ്ട്. ഈ തുക വകയിരുത്തി പനമരത്തെ തലക്കല്‍ ചന്തു സ്മാരകം വികസിപ്പിക്കണം. പഴശിരാജാവിനൊപ്പം ഇടച്ചന കുങ്കനെയും, തലക്കല്‍ചന്തുവിനെയും കൂട്ടിയിണക്കിക്കൊണ്ട് മാനന്തവാടിയില്‍ കുങ്കിച്ചിറയുമായി ബന്ധപ്പെട്ട് ടൂറിസം പദ്ധതി കൊണ്ടുവരണം. കബനിനദിയെയടക്കം കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു വലിയ പദ്ധതി കൊണ്ടുവന്നാല്‍ ടൂറിസം മേഖലക്ക് അത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കിഫ്ബിയുടെ പദ്ധതികള്‍ പാതിവഴിയില്‍ കിടക്കുകയാണ്. മൂന്ന് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമരം-ബീനാച്ചി റോഡ് ഇപ്പോഴും ദയനീയാവസ്ഥയില്‍ കിടക്കുകയാണ്. മന്ത്രി സ്ഥലം സന്ദര്‍ശിച്ച് പോയതാണ്. ഇന്ന് കര്‍ഷകരടക്കമുള്ളവര്‍ റോഡില്‍ വാഴയടക്കം നട്ട് പ്രതിഷേധിക്കുകയാണ്. 55 കോടി രൂപക്ക് കരാറെടുത്ത കമ്പനിക്ക് നിര്‍മ്മാണപ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നില്ല. 2019-ല്‍ ആരംഭിച്ച പ്രവൃത്തി 2021 ആയിട്ടും പൂര്‍ത്തീകരിക്കാനാവുന്നില്ല. അതുകൊണ്ട് അടിയന്തരമായി മൂന്ന് എം എല്‍ എമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രത്യേക യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *