June 25, 2026

തൊണ്ണൂറാം വയസിലും കൃഷിയില്‍ സജീവമായിരുന്ന മാത്യു ഇനി ഓര്‍മ്മ

0
charamam-mathew-copy.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ണൂറാം വയസിലും കൃഷിയില്‍ സജീവമായിരുന്ന മാത്യു ഇനി ഓര്‍മ്മ

പുല്‍പ്പള്ളി: തൊണ്ണൂറാം വയസിലും കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്ന പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു ഇനി ഓര്‍മ്മ. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന മാത്യു ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. തൊണ്ണൂറാം വയസിലും കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്ന മാത്യുവിനെയും ഭാര്യ മേരിയെയും കുറിച്ച് വീഡിയോ സഹിതം രാഹുല്‍ഗാന്ധി എം പി ട്വീറ്റ് ചെയ്തിരുന്നു. ആദ്യദിവസം തന്നെ ഈ വീഡിയോ കണ്ടത് പതിനായിരങ്ങളായിരുന്നു. കൃഷിയിടത്തില്‍ ചിലവഴിക്കുന്ന ഈ ദമ്പതികള്‍ പങ്കുവെക്കുന്ന രാജ്യത്തെ കൃഷിക്കാരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സര്‍ക്കാരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോക കാര്‍ഷികദിനത്തില്‍ രാഹുല്‍ഗാന്ധി പങ്കുവെച്ച ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ജീവിതസായന്തനത്തിലെത്തിയിട്ടും ഒരുനിമിഷം പോലും വെറുതെയിരിക്കാതെ കൃഷിയിടത്തില്‍ ചിലവഴിക്കുന്നവരായിരുന്നു മാത്യുവും മേരിയും. കര്‍ഷകസമൂഹത്തിനൊന്നാകെ പ്രചോദനമാകുന്ന ഈ ദമ്പതികള്‍ക്ക് പിന്നില്‍ വയനാടിന്റെ കാര്‍ഷികസംസ്‌ക്കാരത്തിന്റെ ചരിത്രവുമുണ്ട്. 
1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യു വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പൈസ കൊണ്ട് പുല്‍പ്പള്ളി സുരഭിക്കവലയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. വയനാട്ടിലെത്തിയ ഘട്ടത്തില്‍ ആദ്യമെല്ലാം ജീവിതമാര്‍ഗം സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു. സ്വന്തം കൃഷിയിടത്തില്‍ മണ്ണിനോടിണങ്ങി ജീവിച്ച പതിറ്റാണ്ടുകള്‍ തന്നെയായിരുന്നു സഹായമില്ലാതെ നടക്കാനുള്ള ആര്‍ജവം നല്‍കുന്നതെന്നായിരുന്നു മാത്യു പറഞ്ഞിരുന്നത്. കപ്പ, ചേന, കാച്ചില്‍, ചേമ്പ് വിവിധതരം പച്ചക്കറികള്‍ എന്നിവയെല്ലാം മാത്യുവും മേരിയും നട്ട് പരിപാലിച്ചിരുന്നു. വാര്‍ധക്യത്തിന്റെ അലോസരപ്പെടുത്തലുകളും, നേരിയ വിഷമതകളുമെല്ലാം അലട്ടുമ്പോഴും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുന്ന ഈ വൃദ്ധദമ്പതികള്‍ വയനാട്ടിലെ വേറിട്ട കാഴ്ചകളിലൊന്നായിരുന്നു. ഒടുവില്‍ മാത്യു അരങ്ങൊഴിയുമ്പോള്‍ വയനാടിന്റെ കാര്‍ഷികചരിത്രത്തിന്റെ തന്നെ ഒരേടാണ് നഷ്ടമാകുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ബീന ജോസ്, ബിന്ദുപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ വിജയന്‍, ടി എസ് ദിലീപ്കുമാര്‍, മുന്‍ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, എം എസ് സുരേഷ്ബാബു, ഫാ. സെബാസ്റ്റ്യന്‍ ഉണ്ണ്യാപ്പള്ളി അടക്കമുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ മാത്യുവിന്റെ വസതിയിലെത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *