മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം: പരിഷത്ത് പ്രതിഷേധ സംഗമം നാളെ
ഹയര്‍സെക്കന്‍ഡറിതലംവരെ മലയാളം പഠിക്കാത്തവര്‍ക്കും എല്‍.പി, യു.പി. വിദ്യാലയങ്ങളില്‍ അധ്യാപകരാകാം എന്ന സർക്കാർ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു .
ഹയര്‍സെക്കന്‍ഡറിതലം വരെ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്ന മുന്‍ തീരുമാനം തിരുത്തിയാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ ഉത്തരവ്.
ഈ ഉത്തരവ് നിയമസഭ പാസ്സാക്കിയ മാതൃഭാഷാനിയമത്തിന്റെ അന്തഃസത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളും ഓറിയന്റെല്‍ സ്കൂളുകളും ഉള്‍പ്പെടെ എല്ലായിടത്തും മലയാളപഠനം നിര്‍ബന്ധമാക്കിയുള്ള ഉത്തരവിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇറക്കിയ ഈ ഉത്തരവ് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല.
മാതൃഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഒട്ടും ആത്മാര്‍ത്ഥതയില്ലാതെയും തികച്ചും യാന്ത്രികമായും ആണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് മലയാളം മീഡിയം വിദ്യാലയങ്ങളില്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍, (എല്‍.പി.എസ്.ടി), യു.പി. സ്കൂള്‍ ടീച്ചര്‍ (യു.പി.എസ്.ടി.) എന്നീ തസ്തികകളിലേക്ക് നിയമനം നേടുന്നവര്‍ക്കുള്ള യോഗ്യതകള്‍ ഏകീകരിച്ചുകൊണ്ട് 1980ലാണ് സര്‍ക്കാര്‍ ആദ്യ ഉത്തരവിറക്കിയത്. ഇതിലുണ്ടായ ചില ആശയക്കുഴപ്പങ്ങളില്‍ വ്യക്തതവരുത്തി 2002ല്‍ ഇറക്കിയ ഉത്തരവിലാണ് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിബന്ധന ഉള്‍പ്പെടുത്തിയിരുന്നത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പന്ത്രണ്ടാം ക്ലാസ്സുവരെ മലയാളം പഠിച്ച കുട്ടികളോടുള്ളതിനേക്കാള്‍ ഒരു ചെറു ന്യൂനപക്ഷത്തിന്റെ താത്പര്യ സംരക്ഷണമാണ് ഈ ഉത്തരവിന്റെ പിന്നിലെന്ന് പരിഷത്ത് കരുതുന്നു.
പ്രൈമറിതലങ്ങളില് മലയാളം പഠിക്കാത്തവര്‍ അതേ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത് ആശയവിനിമയത്തിലും ആശയസ്വാംശീകരണത്തിലും തടസ്സം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.
ഈ സാഹചര്യത്തില്‍ പ്രസ്തുത ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പരിഷത് പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായാണ് വയനാട് ജില്ലയിലും നാളെ പ്രതിഷേധ സംഗമ നടക്കുന്നത്. കൽപ്പറ്റ HIMUP സ്കൂൾ പരിസരത്ത് 5 മണിക്ക് ആണ് പ്രതിഷേധ സംഗമം നടക്കുക.





Leave a Reply