May 8, 2024

ലാന്‍ഡ് അക്വിസിഷന്‍ കേസുകളുടെ നടത്തിപ്പിലെ വീഴ്ച: നഷ്ടം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

0
കല്‍പ്പറ്റ: ലാന്‍ഡ് അക്വിസിഷനുമായി ബന്ധപ്പെട്ട(എല്‍എആര്‍) കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായി. എല്‍എആര്‍ കേസുകളുടെ നടത്തിപ്പിലെ വീഴ്ച മൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാകുന്നതായി ധനവകുപ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 
ഓരോ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍മാരും കാര്യാലയത്തില്‍ നിലവിലുള്ള എല്‍എആര്‍ കേസ് രജിസ്റ്ററുകള്‍ കോടതി നടപടികള്‍ക്കനുസൃതമായി നാളതീകരിച്ച് പരിപാലിക്കണമെന്നതാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. മറ്റു നിര്‍ദേശങ്ങള്‍: ജില്ലാ കളക്ടറേറ്റുകളില്‍ കോടതി കാര്യങ്ങള്‍ക്കായി റവന്യൂ ഇന്‍സ്‌പെക്ടറുെട റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഈ ഉദ്യോഗസ്ഥന്‍ ഗവ.പ്ലീഡറുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ ഏകോപിപ്പിക്കണം. ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍മാര്‍ എല്‍എആര്‍ കേസുകളില്‍ തെളിവുകളും രേഖകളും യഥാസമയം ഹാജരാക്കി സര്‍ക്കാര്‍ഭാഗം സംരക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിന്റെ വിശദമായ റിപ്പോര്‍ട്ടും പട്ടികയും ജില്ലാ കളക്ടര്‍ക്ക് നല്‍കണം. പ്രതിമാസ സ്യൂട്ട് കോണ്‍ഫറന്‍സില്‍ ഇവ അവലോകനം ചെയ്യണം. വിലനിര്‍ണയത്തിനു അടിസ്ഥാനമാക്കിയ ആധാരങ്ങളുടെ പകര്‍പ്പുകള്‍ സഹിതം റഫറന്‍സ് കോടതിയിലേക്കു അയയ്ക്കുന്നതിനു എല്‍എ ഓഫീസര്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കേസുകളുടെ വിചാരണ, പുനര്‍വിചാരണ വേളകളില്‍ സര്‍ക്കാര്‍ഭാഗം സംരക്ഷിക്കുന്നതിനു ആവശ്യമായ തെളിവുകളും രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഗവ.പ്ലീഡര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുന്നുവെന്നു  ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ഉറപ്പുവരുത്തണം. കേസുകളുടെ പുരോഗതി എല്‍എ ഓഫീസര്‍മാര്‍ പരിശോധിച്ച് പ്രതിമാസ റിപ്പോര്‍ട്ടായി കളക്ടര്‍ക്ക് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടുകള്‍ പ്രതിമാസ സ്യൂട്ട് കോണ്‍ഫറന്‍സില്‍ ഗവ.പ്ലീഡറുമായി പ്രത്യേകം ചര്‍ച്ച ചെയ്ത് കേസുകള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുവരുത്തണം. ഏതെങ്കിലും കേസില്‍ ഉദ്യോഗസ്ഥരെ വിസ്തരിക്കേണ്ട ആവശ്യമുണ്ടെങ്കിലോ പുതിയ രേഖകള്‍ ഹാജരാക്കുന്നതു പ്രയോജനകരമാണെന്നു ബോധ്യപ്പെടുകയോ ചെയ്താല്‍ ഗവ.പ്ലീഡര്‍ ഇക്കാര്യം എല്‍എ ഓഫീസറെയോ ജില്ലാ കളക്ടറെയോ അറിയിക്കുന്നുണ്ടെന്നു ജില്ലാ ഗവ.പ്ലീഡര്‍ ഉറപ്പുവരുത്തണം. കാര്യവിവരപത്രികയും സത്യവാങ്മൂലവും തയാറാക്കുമ്പോള്‍ വിലനിര്‍ണയത്തിനു അടിസ്ഥാനമായ രേഖകളും ഉള്‍ക്കൊള്ളിക്കണം. 
കേസുകളില്‍ കോടതി ഉത്തരവ് ജില്ലാ കാര്യാലയത്തില്‍ ലഭിച്ച് 15 ദിവസത്തിനകം അഭിപ്രായം രേഖപ്പെടുത്തി സെക്ഷന്‍ ക്ലാര്‍ക്ക് മേലുദ്യോഗസ്ഥര്‍ക്കു സമര്‍പ്പിക്കണം. അപ്പീല്‍ സാധ്യതയുള്ള കേസുകളില്‍ നിയമോപദേശം ലഭിച്ച്  രണ്ടു മാസത്തിനകം അപ്പീല്‍ ഫയല്‍ ചെയ്യുന്നുണ്ടെന്നു ജില്ലാ ലോ ഓഫീസര്‍ ഉറപ്പുവരുത്തണം. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്ന കേസുകളില്‍ വിധി പുറപ്പെടുവിച്ച് മൂന്നു മാസത്തിനകം നിയമോപദേശം ലഭ്യമാക്കുന്നതിനു ജില്ലാ ലോ ഓഫീസര്‍ മുഖേന നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനൊപ്പം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തികനഷ്ടം തസ്തികഭേദമില്ലാതെ ഈടാക്കണം. സബ് ഓഫീസുകളിലെ സ്യൂട്ട് രജിസ്റ്റര്‍, റഫറന്‍സ് ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ തുടങ്ങിയവ മൂന്നു മാസം കൂടുമ്പോള്‍ എല്‍എ ഡപ്യുട്ടി കളക്ടര്‍ പരിശോധിച്ച് അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. പൊന്നുംവില നടപടികളിലെ പോസ്റ്റ് അവാര്‍ഡ് ആക്ഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണം. ഭൂമി വിലയില്‍ വന്‍ വര്‍ധവ് ഉത്തരവാകുന്ന കേസുകളില്‍ ജില്ലാ ഗവ.പ്ലീഡറോട് അപ്പീല്‍ സാധ്യത തേടുന്നതിനൊപ്പം കേസ് നടത്തിപ്പില്‍ വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം സ്യൂട്ട് കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യണം. പിശക് ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വിവരം സര്‍ക്കാരില്‍ അറിയിക്കണം. എല്‍എആര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു കാര്യപ്രാപ്തിയും പ്രാവീണ്യവുമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ നിയമനാധികാരി ശ്രദ്ധ ചെലുത്തണം. 
നിര്‍ത്തലാക്കുന്ന എല്‍എ ഓഫീസുകളില്‍നിന്നുള്ള രേഖകള്‍ അറ്റാച്ചു ചെയ്യുന്ന ഓഫീസുകളില്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *