April 25, 2024

സി.പി.എം. ജില്ലാ സമ്മേളനം: അരലക്ഷം പേരുടെ റാലി വ്യാഴാഴ്ച

0
Img 20171223 143017
കല്‍പ്പറ്റ:കര്‍ഷകരുടേയും തൊഴിലാളികളുടേയും ആദിവാസികളുടേയും ചെറുത്ത് നില്‍പ്പിന്റെ ചോര കിനിയുന്ന ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണില്‍ സി.പി.ഐ. എം 22ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായ വയനാട് ജില്ല സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം.  അനശ്വര രക്തസാക്ഷികളുടെ ദീപ്തസ്മരണകളും മുന്‍ നിന്ന് നയിച്ച് മണ്‍മറഞ്ഞ ധീരസഖാക്കളുടെ ജ്വലിക്കുന്ന  സ്മരണകളും  ആവേശമായി അലയടിച്ച അന്തരീക്ഷത്തില്‍ മുതിര്‍ന്ന നേതാവ് വി. പി. ശങ്കരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തിയതോെടയാണ് മൂന്ന് നാള്‍ നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ല സെക്രട്ടരിയറ്റംഗം കെ ശശാങ്കന്റെ താല്‍ക്കാലിക അധ്യക്ഷതയിലാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. അന്തരിച്ച   സിപിഐ എം മുന്‍ ജില്ല സെക്രട്ടറി സി. ഭാസ്കരന്റെ നാമധേയത്തില്‍ കൈനാട്ടിയില്‍ പ്രത്യേകം തയ്യാറാക്കിയ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.  സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 204 പ്രതിനിധികളാണ്  സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.  
ഉദ്ഘാടനത്തിന് ശേഷം ജില്ലാ സെക്രട്ടറി  എം .വേലായുധന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ പ്രതിനിധികളുടെ  ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും തുടങ്ങി.  ചൊവ്വാഴ്ച വൈകിട്ട് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടന്ന സാംസ്കാരിക സമ്മേളനത്തോടെ ആദ്യദിന പരിപാടികള്‍ക്ക് പരിസമാപ്തിയായി. മന്ത്രി എ. കെ .ബാലന്‍  സാംസ്കാരിക സമ്മേളനം ഉദ്ഘാടനം   ചെയ്തു.
റിപ്പോര്‍ടിന്മേലുള്ള പൊതു ചര്‍ച്ച  ബുധനാഴ്ചയും തുടരും. വ്യാഴാഴ്ച   ചര്‍ച്ചകള്‍ക്ക് മറുപടി പറയും. തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ  കല്‍പ്പറ്റ നഗരത്തെ ചെമ്പട്ടണിയിച്ച്  തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തും സംഘടിത ശേഷിയും വിളിച്ചോതുന്ന ഉജ്വല  ബഹുജനറാലി നടക്കും. അര ലക്ഷം പേര്‍ അണിനിരക്കുന്ന റാലിക്കും  റെഡ് വളണ്ടിയര്‍ മാര്‍ച്ചിനും ശേഷം  ചെഗുവേര നഗറില്‍ നടക്കുന്ന പൊതുസമ്മേളനം  സി.പി.ഐ. എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് സാരംഗ് വയനാട് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. എ കെ ബാലന്‍,  എം. എം മണി, പി .കെ ശ്രീമതി  എം.പി, എളമരം കരീം, എം .വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *