ഗ്രാമീണ കുടിയേറ്റ ജീവിതത്തിന്റെ കരുത്തും വന്യതയും ഉൾച്ചേർന്നതാണ് വിനോയ് തോമസിന്റെ കഥകളെന്ന് പുസ്തക ചർച്ച
മാനന്തവാടി: ഗ്രാമീണ കുടിയേറ്റ ജീവിതത്തിന്റെ കരുത്തും വന്യതയും ഉൾച്ചേർന്നതാണ് വിനോയ് തോമസിന്റെ കഥകളെന്ന് മാനന്തവാടി ഗവ. അധ്യാപക പരിശീലന കേന്ദ്രത്തിൽ വെച്ചു നടന്ന പുസ്തക ചർച്ച വിലയിരുത്തി. സ്വന്തം ജീവിത പരിസരങ്ങളിലെ അനുഭവങ്ങളുടെ അടിത്തറയിൽ നിന്ന് വിശാലമായ ലോകത്തിലേക്കുള്ള കാഴ്ചകളാണ് രാമച്ചി എന്ന സമാഹാരത്തിലെ ഓരോ കഥകളും. രാഷ്ട്രീയം, അധികാരം, പുരുഷമേൽക്കോയ്മ, പരിസ്ഥിതി എന്നിവയെല്ലാം പച്ചയായ നാട്ടു ജീവിതത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
ഹൈടെക് കാലത്ത് ഇന്നിന്റെ പ്രശ്നങ്ങളെ, സ്വന്തം വേരുകളിലേക്ക് തിരിഞ്ഞ് നാട്ടു മൊഴിവഴക്കങ്ങളിലൂടെ അവതരിപ്പിക്കാനാണ് കഥാകൃത്ത് ശ്രമിച്ചിട്ടുള്ളതെന്ന് പുസ്തകാവതരണം നടത്തിയ
ചെറുകഥാകൃത്ത് ഡോ.കെ.എസ് പ്രേമൻ അഭിപ്രായപ്പെട്ടു.
പുസ്തക രചയിതാവ് വിനോയ് തോമസ് ഓരോ കഥയുടെയും പിറവി സംബന്ധിച്ച കാര്യങ്ങൾ സദസ്സുമായി പങ്കുവെച്ചു. അധ്യാപക ജീവിതത്തിലെയും, നാട്ടു ജീവിതത്തിലെയും നേർക്കാഴ്ചകളും അനുഭവങ്ങളും കഥകൾക്ക് വിഷയമായിട്ടുണ്ടെന്ന് വിനോയ് പറഞ്ഞു. മനുഷ്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ കഥകളിൽ ആവിഷ്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ചർച്ച സംഘടിപ്പിച്ചത്.
ബി.എഡ് സെൻറർ കോഴ്സ് ഡയറക്ടർ എ.സജിത് അധ്യക്ഷത വഹിച്ചു.
ഷാജി പുൽപ്പളളി, അനിൽ കുറ്റിച്ചിറ, എം.ഗംഗാധരൻ, റോയ്സൺ പിലാക്കാവ്, ദിപു ആന്റണി, എൻ.അനിൽ കുമാർ, ഷുക്കൂർ പടയങ്ങോട്, ശ്രീലക്ഷ്മി.ബി, ജിത്തു.വി, ജിൽന ചന്ദ്രൻ, രഞ്ജിത്ത്.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.






Leave a Reply