April 19, 2024

മൈസൂര്‍- ഗോണിക്കുപ്പ മാനന്തവാടി – കല്ലോടി – കുറ്റ്യാടി – കോഴിക്കോട് പാത വികസിപ്പിക്കണം – കല്ലോടി വികസനസമിതി

1
Whatsapp Image 2018 03 23 At 1.14.41 Am


മാനന്തവാടിയിലെ ജനനേതാക്കളും വികസന സമിതിയും മൈസൂരിലെ മലയാളി സമാജങ്ങളും വര്‍ഷങ്ങളായി ആവശ്യപെടുന്ന വയനാടിനെ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന മൈസൂര്‍- ഗോണിക്കുപ്പ മാനന്തവാടി – കല്ലോടി കുറ്റ്യാടി – കോഴിക്കോട് റോഡ്‌ രാത്രി കാല യാത്രാ നിരോധനത്തില്‍നിന്ന് മോചനം നേടുവാന്‍ പര്യാപ്തമായ ബദല്‍ റോഡ്‌ എന്ന നിലയില്‍ ദേശീയ പാതയായി വികസിപ്പിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കല്ലോടി വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ദിനം പ്രതി അനുഭവപ്പെടുന്ന യാത്രാകുരുക്കില്‍ വര്‍ഷങ്ങളായി വയനാട്ടിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. രാത്രികാല യാത്രാ നിരോധനം അടുത്ത് ഒന്നും പിന്‍വലിക്കുവാന്‍ സാധ്യതയില്ല. ചുരത്തിലെ ഗതാഗത തടസ്സത്തിന് പൂര്‍ണ്ണ പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ രാത്രികാല യാത്രാ നിരോധനവും ചുരത്തിലെ ഗതാഗത തടസ്സവുമില്ലാത്ത ഈ റോഡ്‌ യാഥാര്‍ത്യമാക്കുവാന്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു നേതൃത്വപരമായ പങ്ക് ഏറ്റെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കുറ്റ്യാടി നാദാപുരം പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും, മാനന്തവാടി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും പുല്‍പ്പള്ളി നിവാസികള്‍ക്കും, കര്‍ണ്ണാടകയില്‍ പഠിക്കുന്ന നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്കും, മൈസൂരുമായി ബന്ധപ്പെടുവാന്‍ കഴിയുന്ന, ദൂരത്തിലും, ബസ്സ്‌ ചാര്‍ജ്ജിലും വളരെ കുറവുള്ള റോഡാണിത്. 


മാനന്തവാടി, കുടക് റോഡ്‌ വികസനത്തിന് കുടകിലെ ജനങ്ങളും അനുകൂലമാണ്. പക്രംതളം ചുരം റോഡ്‌ കയറ്റം കുറച്ച് വീതി കൂട്ടിയാല്‍ വലിയ വാഹനങ്ങള്‍ക്കും കടന്നു പോകുവാന്‍ കഴിയും. വനം ഏറ്റെടുക്കേണ്ടതിന്‍റെയോ, സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ടതിന്‍റെയോ ആവശ്യം ഇല്ലാത്തതും, വലിയ സാമ്പത്തിക മുടക്കോ കാലതാമസമോ ഇല്ലാതെ മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്ന ഈ റോഡിന്‍റെ ആവശ്യകത സംസ്ഥാന മുഖ്യ മന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ട് വരുവാന്‍ ഏപ്രില്‍ 7-ന് കല്ലോടിയില്‍  ജനകീയ കൂട്ടായ്മയും വികസന സെമിനാറും സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. 

വികസന സെമിനാര്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ഈ റോഡ്‌ കടന്നു പോകുന്ന തിരുനെല്ലി, മാനന്തവാടി, എടവക, തൊണ്ടര്‍നാട് തുടങ്ങിയ പ്രദേസങ്ങളിലെ പ്രസിഡണ്ടുമാരും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, പൊതുപ്രവര്‍ത്തകരും പങ്കെടുക്കും. സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ഷിനോജ് മോഡറേറ്റര്‍ ആയിരിക്കും.  ടെണ്ടര്‍ കഴിഞ്ഞ് സാങ്കേതിക കാരണത്താല്‍ നിര്‍മ്മാണം വൈകുന്ന മാനന്തവാടി – കല്ലോടി റോഡിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കല്ലോടി വികസന സമിതി  ചെയര്‍മാന്‍ ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു, കെ. എ ആന്‍റണി, ഫാദര്‍ സുനില്‍ മഠത്തില്‍, മത്തച്ചന്‍ കുന്നത്ത്, ജോസ് മച്ചുകുഴി, ലോറന്‍സ് കെ.ജെ., സാബു ചക്കാലക്കുടി, ഷൈജു പി.ജി., വര്‍ക്കി മണിയത്ത്, ഷൈജന്‍ പി.റ്റി., ജോര്‍ജ്ജ്, പി.റ്റി., അബ്രാഹം കുഴിമുള്ളില്‍, വല്‍സ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

1 thought on “മൈസൂര്‍- ഗോണിക്കുപ്പ മാനന്തവാടി – കല്ലോടി – കുറ്റ്യാടി – കോഴിക്കോട് പാത വികസിപ്പിക്കണം – കല്ലോടി വികസനസമിതി

  1. കോഴിക്കോട് -കുറ്റിയാടി -കല്ലോടി -മാനന്തവാടി -കാട്ടിക്കുളം -പനവല്ലി -തോൽപ്പെട്ടി -കുട്ട -തിഥിമതി -ഹുൻസൂർ വഴി ആണെങ്കിൽ ദുരക്കുറവും വനപ്രദേശങ്ങൾ ഏതാണ്ട് മുഴുവനായും ഒഴിവാക്കാൻ കഴിയുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *