August 31, 2026

മാനസാന്തരത്തിനൊരു കാരുണ്യസ്പർശം: ജയിലിലും കാൽകഴുകൽ ശുശ്രൂഷ

0
IMG-20180329-WA0058
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പാപപരിഹാരത്തിന്റെയും പശ്ചാതാപത്തിന്റെയും അലയൊലികൾ ലോകമാകെ മുഴങ്ങുന്ന വലിയ ആഴ്ചയിൽ ജയിൽപുള്ളികൾക്കും മാനസാന്തരത്തിന് വഴിതുറന്ന് സംസ്ഥാന ജയിൽ വകുപ്പ്. പെസഹാ വ്യാഴാഴ്ച സെൻട്രൽ ജയിലുകളിൽ മാത്രം നടത്തിയ കാൽ കഴുകൽ ചടങ്ങ് ഇത്തവണ വയനാട് ജില്ലാ ജയിലിലും നടത്തി. വയനാട്ടിൽ ഇതാദ്യമായാണ് പെസഹ വ്യാഴാഴ്ച    ജയിൽപുള്ളികളുടെ കാൽ കഴുകുന്നത്.
       ജയിൽ വകുപ്പ് അന്തേവാസികളുടെ വ്യക്തിത്വ വികാസത്തിന് വേണ്ടി ജീസസ് ഫ്രട്ടേണിറ്റി നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ്   ജയിൽ ഡി.ജി.പി. ശ്രീലേഖയുടെ  പ്രത്യേക ഉത്തരവ് പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലും മാനന്തവാടിയിലെ വയനാട് ജില്ലാ ജയിലിലും കാൽകഴുകൽ ശുശ്രൂഷ നടത്തിയത്. ജയിൽ അന്തേവാസികൾക്കിടയിൽ സാമുഹ്യ പ്രവർത്തനം നടത്തുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്. അറുപതിലധികം അന്തേവാസികൾ ഉള്ള ജില്ലാ ജയിലിൽ 16 പേരുടെ കാൽ കഴുകലാണ് നടത്തിയത്. ഫാ. ജോൺ ചൂരപ്പുഴ, ഫാ. ബിജോ കറുകപ്പള്ളിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 
ജയിൽ വകുപ്പും  ജീസസ് ഫ്രട്ടേണിറ്റിയും  വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് നിലവിൽ അന്തേവാസികൾക്ക് ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിൽ പരിശീലനം നൽകി വരുന്നുണ്ട്. മെഴുക് തിരി നിർമ്മാണം, സോപ്പ് നിർമ്മാണം, ബുക്ക് ബൈൻഡിംഗ്, പേപ്പർ ബാഗ് നിർമ്മാണം, തുണി സഞ്ചി നിർമ്മാണം ,കുരുമുളകു തൈകളുടെ നഴ്സറി എന്നിവ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലും  ക ,എൽ.ഇ.ഡി. ബൾബ് നിർമ്മാണം, വെൽഡിംഗ് പരിശീലനം എന്നിവ ജയിലധികൃതരുടെ നേതൃത്വത്തിലുമാണ് പരിശീലിപ്പിക്കുന്നത്. 
      മറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ജയിൽ സൂപ്രണ്ട് എസ്. സജീവന്റെ നേതൃത്വത്തിൽ  ജയിൽ ക്ഷേമദിനാഘോഷം, കാത്തിരിക്കുന്ന കുടുംബം, നന്മ പൂക്കുന്ന മരം ,സൗഹൃദത്തിന്റെ മാസ്മരികത തുടങ്ങിയ വിവിധ പരിപാടികളും നടത്തിയിരുന്നു.
     കാൽ കഴുകൽ തങ്ങളെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നുവെന്നും നന്മയുടെ വഴി തിരിച്ചറിയാനും മനപരിവർത്തനത്തിനുള്ള പ്രചോദനമായെന്നും  അന്തേവാസികൾ പ്രതികരിച്ചു. പലരും ഒരു നല്ല സുഹൃത്തിനെപ്പോലെയാണ് തങ്ങളെ കണ്ടതെന്നും യഥാർത്ഥത്തിൽ സാഹചര്യങ്ങളിൽ തെറ്റുകാരായി മാറിയ പലർക്കും ജീവിതത്തെക്കുറിച്ച് നല്ല പ്രതീക്ഷകളുണ്ടന്നും ഫാ: ജോണും ഫാ.ബിജോയും പറഞു. കേരളത്തിൽ ജയിൽ അന്തേവാസികളോടുള്ള സമീപന രീതി മാറുന്നതിന്റെയും അവരെ മാനസികമായി നല്ല മേഖലകളെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനും ഇത്തരം വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടന്നും സുപ്രണ്ട് എസ്. സജീവൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *