നാല് മലയാളി സ്ത്രീകൾ കൂടി കുവൈത്തിലെ വീട്ടുതടങ്കലിലെന്ന് രക്ഷപ്പെട്ട നഴ്സ്
കൽപ്പറ്റ:
നാല് മലയാളി സ്ത്രീകൾ കൂടി കുവൈത്തിലെ വീട്ടുതടങ്കലിലെന്ന്
ഏജന്റിന്റെ വീട്ടുതടങ്കല്ലില്‍ നിന്നും രക്ഷപ്പെട്ടെത്തിയ മലയാളി നേഴ്‌സ്. പുല്‍പ്പള്ളി പാലമൂല പൗലോസിന്റെ മകള്‍ സോഫിയാ പൗലോസാണ് വീട്ടുതടങ്കലില്‍നിന്നും മോചിതയായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്.
നേഴ്‌സിങ് ഉള്‍പ്പെടെയുള്ള ജോലി വാഗ്ദാനം ചെയ്ത് കുവൈത്തില്‍ എത്തിച്ച സ്ത്രീകളെ ഇഷ്ടമില്ലാത്ത കഠിന ജോലികള്‍ ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതായി ഇവർ പറഞ്ഞു.
തന്നെ വീട്ടുതടങ്കലിലാക്കിയ കുവൈത്തിലെ ഫാഹേലിലുള്ള ഏജന്‍സി ഓഫീസില്‍ നാല് മലയാളി സ്ത്രീകളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതായി സോഫിയ പറഞ്ഞു. പത്തനംതിട്ട, കണ്ണൂര്‍, ചെന്നൈ സ്വദേശികളായ മലയാളികളാണ് പീഡനത്തിനിരകളായി കഴിയുന്നത്.
കഠിന ജോലികാണ് ഇവര്‍ക്ക് കൊടുക്കുന്നത്. ശമ്പളവും നല്‍കുന്നില്ല. വീട്ടുകാരുമായി ബന്ധപ്പെടാനും സമ്മതിക്കുന്നില്ല.
പെരിന്തല്‍മണ്ണയിലെ ട്രാവല്‍ ഏജന്‍സി വഴി നേഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് 15ന് ദുബായിലെത്തിയ തനിക്ക് വലിയ ദുരനുഭവമാണ് നേരിടേണ്ടിവന്നത്. ദുബൈയില്‍ ഇസ്മയില്‍ എന്ന ഏജന്റാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത്.
നേഴ്‌സിങ് ജോലിക്കുള്ള വേരിഫിക്കേഷന്‍ ഇസ്മയിലിന്റെ ഓഫീസില്‍ നടത്തി. തുടര്‍ന്ന് ദുബൈ അജ്മാനിലുള്ള ലേബര്‍ റിക്‌റൂട്ട്‌മെന്റ് ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. ഇവിടെ എത്തിയപ്പോഴാണ് ജോലി ഹോം നേഴ്‌സിന്റേതാണെന്നും വീട്ടുജോലി നിര്‍വഹിക്കണമെന്നും അറിയുന്നത്. ഇത് പറ്റില്ലെന്ന് പറഞ്ഞതോടെ പത്തോളം സ്ത്രീകള്‍ ഒരുമിച്ചു താമസിക്കുന്ന വീട്ടില്‍ അടച്ചിട്ടു. ഹോം നേഴ്‌സിങിന് പോകാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചു. ഫോണ്‍ പിടിച്ചുവെച്ചു. വീട്ടിലേക്ക് ഫോണ്‍ ചെയ്യണമെന്നും നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഏജന്റ് കൂട്ടാക്കിയില്ല.
വീട്ടില്‍ പോകണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്നാണിവര്‍ ആവശ്യപ്പെട്ടത്. ജൂണ്‍ 10വരെ ഇവിടെ താമസിപ്പിച്ചു. 11ന് കുവൈത്തിലേക്ക് കൊണ്ടുപോയി. കുവൈത്തിലെ ഫാഹേലിലെ ഏജന്‍സി ഓഫീസിലാണ് എത്തിച്ചത്. ഇവിടെ ജനലുകള്‍പോലുമില്ലാത്ത മുറിയിലിട്ട് പൂട്ടി. ഭക്ഷണം നല്‍കിയില്ല. വീട്ടുകാരോട് സംസാരിക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഏജന്റുമാര്‍ അനുവദിച്ചില്ല. നാട് കാണിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനിടെ ദുബൈയില്‍ നിന്നുമുള്ള ഏജന്റ് കുവൈത്തിലെത്തി. താന്‍ വീട്ടുജോലി ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദിച്ചു. ഇവിടെ താമസിപ്പിച്ചിരുന്ന എല്ലാവരുടേയും ഫോണ്‍ പിടിച്ചുവെച്ചിരുന്നു. പിന്നീട് എത്തിയ സ്ത്രീയുടെ ഫോണില്‍നിന്നുമാണ് വിവരം ശബ്ദസന്ദേശം വഴി വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് കേരള സര്‍ക്കാരും വിവിധ സംഘടനകളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ തീവ്ര പരിശ്രമത്തിലൂടെയാണ് നാട്ടിലെത്താനായത്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇവരുടെ കൈകളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. വിദേശ ജോലിയുടെ ഇടനിലക്കാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരേയും ട്രാവല്‍ ഏജന്‍സികളെയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സോഫിയ പറയുന്നു. ഒരിടവേളക്ക് ശേഷമാണ് ഏജന്റുമാരുടെ ഇത്തരം തട്ടിപ്പുകൾ പുറത്തു വരുന്നത്.





Leave a Reply