June 13, 2026

പഠനോപകരണങ്ങൾ നഷ്ടപ്പെട്ട നാലായിരം കുട്ടികൾക്ക് കൈത്താങ്ങായി കെ.എസ്.ടി.എ.

0
IMG-20180828-WA0013
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മഴക്കെടുതിയിൽ നഷ്ടപ്പെട്ട പഠനോപകരണങ്ങൾ സ്കൂൾ തുറന്നാലുടൻ കുട്ടികൾക്ക് എത്തിച്ചു നൽകാൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കെ.എസ്.ടി.എ. ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിതരണത്തിന്‍റെ ജില്ലാ തല ഉദ്ഘാടനം സപ്തംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് കല്‍പ്പറ്റ കെ.എസ്.ടി.എ മന്ദിരത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ദുരിത ബാധിത പ്രദേശങ്ങളിലെ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട  കുട്ടികളുടെ കണക്ക് കെഎസ്ടിഎ പ്രവർത്തകർ ശേഖരിച്ച് കഴിഞ്ഞു. നാലായിരത്തോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങൾ നല്‍കേണ്ടിവരും എന്നാണ് പ്രാഥമിക വിവരം. ജില്ലയിയിലെ അധ്യാപകരിൽ നിന്നും അയൽ ജില്ലകളിലെ കെഎസ്ടിഎ ഘടകങ്ങൾ വഴിയും ആവശ്യമായ പഠന സാമഗ്രികൾ സമാഹരിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം  ജില്ലാ കമ്മിറ്റികള്‍ ശേഖരിച്ച  പഠനോപകരണങ്ങൾ ജില്ലയിലെത്തിച്ചു. അവ കിററുകളാക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി. ബാഗ്, കുട, നോട്ട് ബുക്കുകൾ, പെൻസിൽ, പേന,  പെന്‍സില്‍ പൗച്ച്, ഇന്‍സ്ട്രുമെന്റ് ബോക്സ്   തുടങ്ങിയവ ആവശ്യാനുസരണം കിററിൽ ഉൾപ്പെടുത്തും. സ്കൂൾ തുറന്ന് ആദ്യ രണ്ട് ദിവസങ്ങളിൽ കെ.എസ്ടി.എ ബ്രാഞ്ച് കമ്മററികൾ വഴി സ്കൂളുകളിൽ നിന്നും അർഹരായ കുട്ടികളെ കണ്ടെത്തി തൊട്ടടുത്ത ദിവസം മുതൽ പഠനോപകരണങ്ങൾ സ്കൂളുകളില്‍ എത്തിക്കും. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ കുറിച്ച്യാര്‍മല ഗവ.എല്‍.പി.സ്കൂളിന് യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍ നിന്ന് പ്രവര്‍ത്തിച്ചവരെ കെ.എസ്.ടി.എ അഭിനന്ദിച്ചു. ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ കെ.എസ്.ടി.എ നല്‍കും. പ്രവൃത്തി  ദിവസങ്ങളുടെ കുറവ് മൂലം ഉണ്ടായ പഠന നഷ്ടം പരിഹരിക്കുന്നതിന് അധ്യാപകരുടെ പൂര്‍ണ സഹകരണം ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ അധ്യാപക മേഖലയില്‍ നിന്ന് പരമാവധി തുക എത്തിക്കുന്നതിന് ആവശ്യമായ പ്രചരണ പരിപാടികള്‍ നടത്തും. ദുരിത ബാധിതര്‍ക്ക് വസ്ത്രം, ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായം  എത്തിക്കുന്നതിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിലും ക്യാമ്പുകളില്‍ സന്നദ്ധ സേവനത്തിലും   ഇതര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട ജില്ലയിലെ മുഴുവന്‍ അധ്യാപകരെയും കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.    
പി.ജെ.ബിനേഷ് സെക്രട്ടറി, വിത്സണ്‍ തോമസ്‌ ജോ.സെക്രട്ടറി, കെ. അശോക് കുമാര്‍, പി.പി.അനിത  വൈസ് പ്രസിഡണ്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *