June 13, 2026

കാല്‍ ലക്ഷം പേർ അണിനിരക്കുന്ന ശുചീകരണ മഹായജ്ഞം 30ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മഴക്കെടുതിയിൽ തകർന്ന വയനാടിനെ പുനർനിർമ്മിക്കുന്നതിനുള്ള ശുചീകരണ
മഹായജ്ഞത്തിൽ വ്യാഴാഴ്ച്ച  കാല്‍ ലക്ഷം പേർ അണിനിരക്കും. ജനപ്രതിനിധികൾ, സർക്കാർ
ജീവനക്കാർ, തദ്ദേശഭരണ സ്ഥാപനാധികൃതർ, ജീവനക്കാർ, സന്നദ്ധ
സംഘടനകൾ/പ്രവർത്തകർ, സ്‌ക്രാപ് മെർച്ചന്റ്‌സ്, വ്യാപാരി വ്യവസായി സംഘടനകൾ,
രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, സർവ്വീസ് സംഘടനകൾ, തദ്ദേശവാസികൾ,
ഗുണഭോക്താക്കൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും
സഹകരണത്തോടെയാണ് ശുചീകരണം. 1100 സന്നദ്ധപ്രവർത്തകർ സേവനത്തിനായി
രജിസ്റ്റർ ചെയ്തിട്ടുണ്ട്. 23 സന്നദ്ധ സംഘടനകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ
ജീവനക്കാർ ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡിലെ ശുചീകരണത്തിന് പങ്കാളിയാകണം.
 ശുചീകരണ പ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ എല്ലാം തയ്യാറായിട്ടുണ്ട്.
പഞ്ചായത്ത് ഏകോപനസമിതിയ്ക്കാണ് ശുചീകരണ പ്രവർത്തകർക്ക് ശുചീകരണ
സ്ഥലവും സാമഗ്രികളും ലഭ്യമാക്കേണ്ട ചുമതല. പഞ്ചായത്ത് തയ്യാറാക്കുന്ന വർക് പ്ലാൻ
ജില്ലാ പ്ലാനിങ് ഓഫീസ് മുഖേന കളക്‌ട്രേറ്റിൽ സമർപ്പിക്കണം. പ്രളയബാധിത
പ്രദേശങ്ങളൊന്നും ശുചീകരണ പുനരധിവാസ പ്രവർത്തനത്തിൽ നിന്നും വിട്ടു
പോകാതിരിക്കാൻ ഫോട്ടൊ സഹിതമുള്ള ഡോക്യുമെന്റേഷൻ തയ്യാറാക്കും. ഇ-വേസ്റ്റ്,
പ്ലാസ്റ്റിക് കുപ്പികൾ, മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ എന്നിവ വെവ്വേറെ ശേഖരിക്കും. ഇവ
ഹരിത സഹായ ഏജൻസികളായ ക്ലീൻ കേരള, നിറവ് തുടങ്ങിയ സ്ഥാപനങ്ങൾ
ഏറ്റെടുക്കും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കും.
 വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന്
ആസൂത്രണഭവൻ എപിജെ ഹാളിൽ നടത്തിയ മുന്നൊരുക്ക യോഗത്തിൽ സി.കെ.ശശീന്ദ്രൻ
എം.എൽ.എ. ആവശ്യപ്പെട്ടു. 615 വീടുകൾ പൂർണ്ണമായി തകർന്നിട്ടുണ്ട്. ഇവരെ മാറ്റി
പാർപ്പിക്കാൻ ഒരുക്കുന്ന താൽക്കാലിക ഭൗതിക സൗകര്യങ്ങൾക്കൊപ്പം സാമൂഹ്യ
സുരക്ഷകൂടി ഉറപ്പാക്കണം. പകർച്ചവ്യാധിയെ പ്രതിരോധിക്കന്നതിന് എല്ലാ പഞ്ചായത്തിലും
ഒരു മാസത്തേക്ക് ഒരു ഡോക്ടറുടേയും ഒരു നേഴ്‌സിന്റേയും 6
ആരോഗ്യപ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുെന്നും എം.എൽ.എ അറിയിച്ചു.
ശുചീകരണ മുന്നൊരുക്കം സംബന്ധിച്ച് ആസൂത്രണഭവൻ ഹാളിൽ ചേർന്ന തദ്ദേശ ഭരണ
സ്ഥാപന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ സംഘടനാ
പ്രതിനിധികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
 തൊഴിൽ നഷ്ടമായ 10,030 കുടുംബങ്ങൾക്ക് അടുത്ത ഒരു മാസത്തേക്ക് 5 കിലോ അരി
മാവേലി സ്റ്റോർ വഴി നൽകുന്നതിന് പഞ്ചായത്ത് ഏകോപന സമിതി പട്ടിക തയ്യാറാക്കി
വില്ലേജ് ഓഫീസർക്ക് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ അരി നൽകും. പഠനോപകരണങ്ങൾ പുസ്തകങ്ങൾ എന്നിവ
നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവ സ്‌കൂൾ തുറക്കുന്ന ദിവസം വിതരണം ചെയ്യും. റേഷൻ
കാർഡ്, ആധാർ കാർഡ് എന്നിവ നഷ്ടപ്പെട്ടവർക്കായി പഞ്ചായത്ത് തലത്തിൽ വിവിധ
വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 മുതൽ 15 വരെ പ്രത്യേക അദാലത്ത്
സംഘടിപ്പിക്കും. അക്ഷയകേന്ദ്രങ്ങൾ വഴി ഇതിന്റെ അപേക്ഷ സ്വീകരിക്കുമെന്നും കളക്ടർ 
പറഞ്ഞു. വെള്ളപ്പൊക്കത്തിൽ ചത്ത വളർത്തു മൃഗങ്ങളുടെ ജഡം നനവില്ലാത്ത മണ്ണിൽ
കുഴിയെടുത്ത് ബ്ലീച്ചിങ് പൗഡർ വിതറി ജഡം ഇറക്കി വെച്ച് അതിന് മുകളിലും ബ്ലീച്ചിങ്
പൗഡർ വിതറി മണ്ണിട്ട് മൂടണം. പുഴയിൽ അപകടകരമായ നിലയിലുള്ള മൃഗ ജഡങ്ങൾ
കരയ്ക്കടുപ്പിക്കുന്നതിന് ശുചീകരണത്തിനെത്തിയിട്ടുള്ള പരിശീലനം സിദ്ധിച്ചവരുടെ
സഹായം കൺട്രോൾ റൂമിൽ വിളിച്ചാൽ ലഭിക്കും. പ്രതിരോധ മരുന്ന് കഴിക്കാതെയും
സുരക്ഷാ കവചങ്ങൾ അണിയാതെയും ആരും ശുചീകരണ
പ്രവർത്തനത്തിനിറങ്ങരുതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
 വയനാടിനെ പുനസ്ഥാപിക്കുകയല്ല പുനസൃഷ്ടിക്കുയാണ് ലക്ഷ്യമെന്നും അതിന്
എല്ലാ വിഭാഗമാളുകളുടേയും സഹായവും സഹകരണവും തുടർന്നും ഉണ്ടാകണമെന്നും
സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ, ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് കെ.ബി.നസീമ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു. ശുചീകരണത്തിനും
തുടർന്നുള്ള പുനരധിവാസ പ്രവർത്തനത്തിലും മധ്യമങ്ങളുടെ സഹകരണവും യോഗത്തിൽ
പങ്കെടുത്ത സബ് കളക്ടർ എൻ.എസ്.കെ.ഉമേഷ്, എ.ഡി.എം കെ. അജീഷ്, പ്ലാനിങ്
ഓഫീസ് കെ.എം. സുരേഷ് എന്നിവരും പങ്കുവെച്ചു.
 ശുചീകരണ പ്രവർത്തനത്തിന് 
weforwayand@gmail.com
ഇ-മെയിൽ
വിലാസത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാം. ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റും
ഫോൺ-04936204151. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *