തൊവരിമല ഉൾപ്പടെയുള്ള നിക്ഷിപ്‌ത വനഭൂമി ആദിവാസികൾക്ക് അടിയന്തിരമായി പതിച്ചു നൽകണം : എം ഗീതാനന്ദൻ
കൽപ്പറ്റ:
ആദിവാസികൾക്ക് ഭൂമി നൽകി പുനരധിവസിപ്പിക്കുക, ഹാരിസൺ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് പതിച്ചു നൽകുക, അറസ്റ്റ് ചെയ്ത സമരനേതാക്കളെ വിട്ടയക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വയനാട് കലക്ടറേറ്റിന് മുന്നിൽ പതിനൊന്നു ദിവസമായി നടന്നു വരുന്ന തൊവരിമല ഭൂസമരത്തിന് പിന്തുണ നൽകി വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. കുടിൽകെട്ടി മുത്തങ്ങ സമരത്തെ തുടർന്ന് ആദിവാസി പുനരധിവാസത്തിനായി ആറായിരത്തിൽ അധികം നിക്ഷിപ്‌ത വനഭൂമിയാണ് സർക്കാർ വയനാട് ഏറ്റെടുത്തിട്ടുള്ളത്. ഈ ഭൂമി ഇതുവരെ വിതരണം ചെയ്തിട്ടില്ല. തൊവരിമല ഉൾപ്പടെയുള്ള നിക്ഷിപ്‌ത വനഭൂമി ആദിവാസികൾക്ക് അടിയന്തിരമായി പതിച്ചു നൽകണമെന്നും ഹാരിസൺസ് ഭൂമിയേറ്റെടുക്കാൻ സമഗ്ര നിയമനിർമ്മാണം നടത്തണമെന്നും ആദിവാസി ഗോത്രമഹാസഭ കോഡിനേറ്ററും ഭൂഅധികാര സംരക്ഷണ സമിതി ജനറൽ കൺവീനറുമായ എം.ഗീതാനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. തൊവരിമലയിൽ ആദിവാസികൾ കയറിയ 104 ഹെക്ടർ ഭൂമി വനഭൂമിയാണെന്ന വാദം ശുദ്ധകള്ളമാണ്. വയനാട് ജില്ലയിൽ മാത്രം അറുപതിനായിരം ഏക്കർ ഭൂമി ആദിവാസികൾക്ക് പതിച്ചു കൊടുക്കാൻ മാധവമേനോൻ റിപ്പോർട്ടിലുണ്ട്. അത് പരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഗീതാനന്ദൻ അഭിപ്രായപ്പെട്ടു. ഹാരിസൺസ് ഭൂമിയേറ്റെടുക്കൾ കേസുകൾ മുഴുവൻ സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. ഹാരിസൺനിൽ നിന്ന് സർക്കാർ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമി ഹാരിസൺസ് മലയാളത്തിന് തിരിച്ചു നൽകാനുള്ള സർക്കാർ ഗൂഡാലോചനയുടെ ഭാഗമാണ് ആദിവാസികളെയും ഭൂരഹിതരെയും തൊവരിമലയിൽ നിന്ന് പോലീസിനെ ഉപയോഗിച്ച് അടിച്ചിറക്കിയതെന്നും ഇടതുപക്ഷമെന്നവകാശപ്പെടുന്ന സർക്കാരിന് ഇത് ഭൂഷണമല്ലെന്നും എം.ഗീതാനന്ദൻ അഭിപ്രായപ്പെട്ടു.
കെ ശിവരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീരാമൻ കൊയ്യോൻ ( അരിപ്പ ഭൂസമര സമിതി), അമ്മിണി കെ.വയനാട് ( സാമൂഹിക പ്രവർത്തക ), ടി.കെ.വാസു ( ലാലൂർ സമര സമിതി നേതാവ് ), ഐ.ഗോപിനാഥ് ( മനുഷ്യാവകാശ പ്രവർത്തകൻ, എഴുത്തുകാരൻ ), എം.കെ.ദാസൻ (സി.പി.ഐ (എംഎൽ) റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി ), സി.ജെ.തങ്കച്ചൻ (ആദി ജനസഭ കൺവീനർ), ബാലകൃഷ്ണൻ പുൽപ്പള്ളി ( ഇരുളം ഭൂസമര നേതാവ് ) ചന്തുണ്ണി (ആദിവാസി ഫോറം), കെ.സന്തോഷ്കുമാർ, കെ.സഹദേവൻ ( എഴുത്തുകാരൻ, ആക്ടിവിസ്റ്റ് ), മാർക്സൺ തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.





Leave a Reply