തേനീച്ച കുഞ്ഞുങ്ങളെ ഭക്ഷണമാക്കി കാട്ടുനായ്ക്ക വിഭാഗക്കാർ
തേനീച്ച കുഞ്ഞുങ്ങളെ ഭക്ഷണമാക്കി കാട്ടുനായ്ക്ക വിഭാഗക്കാർ
സി.വി ഷിബു
മാനന്തവാടി: തേനീച്ചയെ ഭക്ഷണമാക്കുന്ന മനുഷ്യരുണ്ടെന്ന് കേൾക്കുമ്പോൾ ഒരു പക്ഷേ കൗതുകം തോന്നിയേക്കാം. അതും നമ്മുടെ കേരളത്തിലാണന്ന് കേട്ടാലോ, അതിലേറെ കൗതുകമുണ്ടായേക്കാം. വയനാട്ടിലെ തിരുനെല്ലിയിലാണ് ഇത്തരക്കാരുള്ളത്.
തേൻ ശേഖരണത്തിന് ശേഷം ലഭിക്കുന്ന അറകളിലെ തേനീച്ച കുഞ്ഞുങ്ങളെ ഭക്ഷണമാക്കി കഴിക്കുകയാണ് പ്രാക്തന ഗോത്രവർഗ്ഗത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവർ. വനത്തിലെ വൻമരങ്ങളിലും മൺപുറ്റുകളിലുമുള്ള തേനീച്ചക്കൂടുകളിൽ നിന്നുമാണ് ഇവർ തേൻ ശേഖരിക്കുന്നത്. തേൻ ശേഖരിക്കുന്നതിന് ഒരാഴ്ച വരെ വനത്തിൽ തമാസിക്കേണ്ടി വരുന്ന സമയത്ത് ഭക്ഷണം തേനീച്ച കുഞ്ഞുങ്ങളും കാട്ടുകിഴങ്ങുകളുമാണ് .കഴുകി വൃത്തിയാക്കിയ ശേഷം മസാല പൊടികൾ ചേർത്ത് വഴറ്റിയെടുത്താൽ തേനീച്ചക്കറിക്ക് നല്ല രുചിയാണന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ചില നേരങ്ങളിൽ വനത്തിൽ നിന്ന് ലഭിക്കുന്ന ഇലകളും വേവിച്ച് കഴിക്കും.
ഉൾവനങ്ങളിലെ താന്നി, കരിമരുത്, വെണ്ടേക്ക് തുടങ്ങിയിനം മരങ്ങളിലാണ് തേനീച്ചക്കൂടകൾ അധികവും. പരമ്പരാഗതമായി ഇവരുടെ മുഖ്യ ഉപജീവന മാർഗ്ഗം തേൻ ശേഖരണമാണ്. ദിവസങ്ങളോളം കാട്ടിൽ കഴിയേണ്ടി വരുമ്പോൾ ഇത്തരം ഭക്ഷണമല്ലാതെ വിശപ്പടക്കാൻ മറ്റൊന്നും കിട്ടാറില്ല . പുറത്ത് നിന്ന് സാധനങ്ങൾ വാങ്ങി പാചകം ചെയത് കഴിക്കുന്ന ശീലം ഇവർക്ക് കുറവാണ്.
വൻതേൻ, ചെറുതേൻ, കൊമ്പു തേൻ, പുറ്റുതേൻ എന്നിങ്ങനെ നാലിനം തേനാണ് വയനാട്ടിലെ വനങ്ങളിൽ നിന്ന് ലഭിക്കുന്നത്. തേൻ വിളയിക്കുന്ന അടകളിലും അറകളിലും നിന്നുമാണ് തേനീച്ച കുഞ്ഞുങ്ങളെ ലഭിക്കുന്നത്. തേനീച്ച കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്നത് വിശപ്പടക്കാൻ മാത്രമല്ല ഏറെ ഔഷധമാണിതെന്ന് ഇവർ പറയുന്നു. ഏപ്രിൽ മാസത്തിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിക്കുന്നതാണ് വയനാട്ടിലെ തേൻകാലം. തേൻ ഉൽപ്പാദനത്തിന് പ്രസിദ്ധമാണ് വയനാട് വന്യജീവി സങ്കേതം ഉൾപ്പെടുന്ന വനങ്ങൾ.എന്നാൽ കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസത്തിലെ കനത്ത മഴ കാരണം തേൻകൂടുകൾ നശിച്ചത് ഇത്തവണ തേൻ കുറയാൻ കാരണമായെന്ന് തിരുനെല്ലി മധ്യപ്പാടി കാട്ടുനായ്ക്കകോളനിയിലെ ബാലൻ പറഞ്ഞു.
വനത്തിനുള്ളിൽ പോയി ഇവർ ശേഖരിക്കുന്ന തേൻ സഹകരണ സംഘങ്ങൾക്കാണ് നൽകുന്നത്. കിലോക്ക് 250 രൂപ വരെ മാത്രം ഇവർക്ക് ലഭിക്കുന്ന തേൻ ഇത്തരം സംഘങ്ങൾ ശേഖരിച്ച് സംസ്കരിച്ച് പ്രത്യേകം ബ്രാൻഡ് ചെയ്താണ് വിൽക്കുന്നത് .





Leave a Reply