June 20, 2026

പ്രളയ ശേഷം പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം : ആരോഗ്യ വകുപ്പ്.

0
By ന്യൂസ് വയനാട് ബ്യൂറോ
      ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.പകര്‍ച്ചവ്യാധി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം സ്വീകരിക്കണം. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം. വീടിന്‍റെ അവശിഷ്ടങ്ങളും മരച്ചില്ലകളും മണ്ണിനടിയില്‍ ഉള്ളതിനാല്‍ ശരീരത്തില്‍ മുറിവേല്‍ക്കാതെ ശ്രദ്ധിക്കണം.വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ അവയുടെ ആഴം അറിയാതെ ഇറങ്ങരുത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നടക്കുന്ന സ്ഥലത്തെ സന്നദ്ധപ്രവര്‍ത്തകരും ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചുവെന്നു ഉറപ്പാക്കണമെന്നും അരോഗ്യവകുപ്പ് അറിയിച്ചു.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-
 
1.പാമ്പ് കടി, പരിക്കുകള്‍
 
* കടിയേറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് വിഷം വേഗം രക്തത്തില്‍ കലരാന്‍ വഴിവെക്കും.
* കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ/കാല്‍ ഇളകാതിരിക്കാന്‍ ശ്രദ്ധിക്കുക.
* മുറിവില്‍ അമര്‍ത്തുകയോ, തടവുകയോ, മുറിവ് വലുതാക്കുകയോ ചെയ്യരുത്.
* രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ)     കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
* സമയം വൈകുന്നത് രോഗിയുടെ ജീവന് ആപത്താണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളത് ആണോ എന്ന് അറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യമാണ്
 
2. ജലജന്യ രോഗങ്ങള്‍
വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, അതിസാരം, മുതലായവ പിടിപെടാന്‍ സാധ്യതയേറെയാണ്. അതിനാല്‍
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
* എല്ലാ വെള്ളവും വെള്ളപ്പൊക്കത്തില്‍ മലിനമാകുമെന്നതുകൊണ്ട്  കിണര്‍ വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേറ്റ്  ചെയ്യുക. (നന്നായി ക്ലോറനേറ്റുചെയ്യുകയാണെങ്കില്‍ കിണറിലെ വെള്ളം വറ്റിച്ചു കളയേണ്ട ആവശ്യം ഇല്ല)
* സാധാരണയില്‍ നിന്നും വ്യത്യസ്തം ആയി വെള്ളപ്പൊക്കത്തിനു ശേഷം കുടിക്കുന്ന വെള്ളം മാത്രം ശുദ്ധീകരിച്ചാല്‍ മതിയാകില്ല. പാത്രം കഴുകുന്ന വെള്ളം, പച്ചക്കറികള്‍ കഴുകുന്ന വെള്ളം ഒക്കെ ശുദ്ധം ആകണം. ഇതിനായി ക്ലോറിന്‍ ടാബ്ലറ്റ് ബക്കറ്റിലെ വെള്ളത്തില്‍ നിക്ഷേപിക്കാം.
* ഭക്ഷണത്തിന് മുന്‍പും, ശുചിമുറി ഉപയോഗ ശേഷവും കൈകള്‍ നിര്‍ബന്ധമായും സോപ്പിട്ടു കഴുകുക.
* ഭക്ഷണം പാചകം ചെയ്യും മുന്‍പും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം
* ആറുമാസത്തില്‍ താഴെ പ്രായം ഉള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക. 6 മാസം കഴിഞ്ഞ കുട്ടികള്‍ക്ക് വെള്ളത്തിന് പകരം പരമാവധി മുലപ്പാല്‍ തന്നെ കൊടുക്കുക. ആവശ്യാനുസരണം വെള്ളം കൊടുക്കുമ്പോള്‍ നന്നായി തിളപ്പിച്ച വെള്ളം ആണെന്ന് ഉറപ്പു വരുത്തുക.  കുട്ടികള്‍ക്ക് ആണ് വെള്ളത്തിലൂടെ രോഗങ്ങള്‍ പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത.
* വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ് ലായനി തയ്യാറാക്കി കുടിപ്പിക്കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളവും കൂടുതലായി നല്‍കുക.
* വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും, വെള്ളവും കൂടുതല്‍ ആയി നല്‍കണം.
* നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങള്‍ (വര്‍ദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട തൊലി,  മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തില്‍ മൂത്രം, മുതലായവ)  കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
3. എലിപ്പനി
എലിപ്പനി എന്ന പേര് ഉണ്ടെങ്കിലും വയനാട്ടില്‍ കന്നുകാലികള്‍, നായ്ക്കള്‍ എന്നിവ ആണ് ഏറ്റവും കൂടുതല്‍ എലിപ്പനിക്കു കാരണം ആകുന്നത്. അതിനാല്‍
* ഇവയുടെ മൂത്രം കൊണ്ട് മലിനം ആകാന്‍ സാധ്യത ഉള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം.
* തൊഴുത്തുകള്‍, നായ്ക്കൂടുകള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ ഗം ബൂട്ടുകള്‍, കട്ടി ഉള്ള കയ്യുറകള്‍ എന്നിവ ഉപയോഗിക്കുക.
* കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ പരമാവധി മലിന ജലവും ആയി സമ്പര്‍ക്കം ഒഴിവാക്കുക
* അഴുക്ക് വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഗം ബൂട്ടും, കൈയ്യുറയും നിര്‍ബന്ധം ആയതും ഉപയോഗിക്കുക.
* മലിന ജലത്തില്‍ ജോലി ചെയ്യുന്നവരും, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗം ആയി ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ഡോക്സിസൈക്ലിന്‍ 100 മില്ലിഗ്രാം ആഴ്ചയില്‍ ഒന്ന് വീതം)കഴിക്കണം. ഗുളികകള്‍ സൗജന്യം ആയി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കും.
 
4. കൊതുക് ജന്യ രോഗങ്ങള്‍
ഇവ രണ്ടാം ഘട്ടത്തില്‍ വരുന്ന രോഗങ്ങള്‍ ആണ്. ഡെങ്കിപനി, മലേറിയ തുടങ്ങിയവ ഇങ്ങനെ പിടിപെട്ടേക്കാം. അതിനാല്‍ വെള്ളം മുഴുവന്‍ ഒഴുകി പോയ ശേഷം പല സ്ഥലങ്ങളിലും കെട്ടി നില്‍ക്കാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി വെള്ളക്കെട്ടുകള്‍ ഒഴിവാക്കണം.
* ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്ന് ഒരാഴ്ച കൊണ്ട് കൊതുകുകള്‍ വിരിഞ്ഞു ഇറങ്ങുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യും. അതിനാല്‍ ഇത്തരം വെള്ളക്കെട്ടുകള്‍ ഇല്ലാതെ നോക്കണം    
* ഈഡിസ് കൊതുക് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ പോലും മുട്ടയിടും എന്നതുകൊണ്ട് ഡെങ്കിപനി പടരാന്‍ സാധ്യത കൂടുതലാണ്. വീടും പരിസരവും അല്പം പോലും വെള്ളം കെട്ടി നില്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.
 
5. ത്വക് രോഗങ്ങള്‍
* കഴിയുന്നതും തൊലി ഉണക്കി വെക്കാന്‍ ശ്രദ്ധിക്കുക.
* വളംകടി പോലുള്ള രോഗങ്ങള്‍ കണ്ടാല്‍ കൈകാലുകള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കുക. വളംകടി ഉള്ള സ്ഥലങ്ങളില്‍ ഓയിന്‍റ്മെന്‍റ് പുരട്ടുക. ആവശ്യമെങ്കില്‍ ഡോക്ടറെ കാണിക്കുകയും ചെയ്യണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *