April 24, 2024

“…. പരമാവധി പറഞ്ഞു നോക്കി.. ആ ചേച്ചിമാരെ രക്ഷിക്കാനായില്ല…. പിന്നെ അവരെ മല കൊണ്ടു പോയി.: തൊണ്ടയിടറി രഞ്ജിത്ത്.

0
Img 20190814 Wa0365.jpg
സി.വി.ഷിബു.
കൽപ്പറ്റ:
എട്ടാംതിയതി  രാത്രി പതിനൊന്നരയോടെയാണ് പച്ചക്കാട് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. മണ്ണും പാറയും ഒലിക്കുന്ന ശബ്ദംകേട്ട് അമ്മ പ്രസന്നയാണ് എല്ലാവരേയും വിളിച്ചുണര്‍ത്തിയതെന്ന് പ്രദേശവാസിയായ രവീന്ദ്രന്റെ മകന്‍ രഞ്ജിത്ത് പറഞ്ഞു. അച്ചനും അമ്മയ്ക്കുമൊപ്പം ജ്യേഷ്ഠന്‍ പ്രസാദും പ്രസാദിന്റെ ഭാര്യ വിനീതയും ഒന്നര വയസ്സുള്ള മകള്‍ അവന്തികയും ഉണ്ടായിരുന്നു. ഉടന്‍തന്നെ എല്ലാവരേയുമെടുത്ത് പ്രാണരക്ഷാര്‍ത്ഥം തൊട്ടടുത്ത അമ്മായിയുടെ വീട്ടിലേക്കോടി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പേ വീടിന്റെ ഒരുഭാഗം തകര്‍ന്നുവീണു. അമ്മായിയുടെ വീട്ടില്‍ നില്‍ക്കുന്നതും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി അവിടെയുള്ളവരേയും കൂട്ടി പുറത്തേക്കിറങ്ങിയോടി. നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ വീടിന്റെ ഒരുഭാഗവും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള എല്ലാവരേയും ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കി. പരമാവധി ആളുകളെ അന്ന് രാത്രിയിലും മറ്റുള്ളവരെ പിറ്റേദിവസവുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജ്യേഷ്ഠന്റെ കൂട്ടുകാരന്‍ പ്രശോഭിനേയാണ് ആദ്യം വിളിച്ചറിയിച്ചത്. പ്രശോഭ് അയാളുടെ കൂട്ടുകാരന്‍ ആഷിനെ വിളിച്ചു. ആഷിനും കുടുംബവും വീട്ടില്‍ നിന്ന് രക്ഷപെട്ടതിന് തൊട്ടുപിന്നാലെ അവരുടെ വീടും തകര്‍ന്നു. ഇങ്ങനെ ഈ പ്രദേശത്ത് ആകെ അന്‍പത്തിയേഴ് വീടുകളാണ് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പൂര്‍ണമായും തകര്‍ന്നത്. ആദ്യം പുത്തുമല യു.പി.സ്‌കൂളിലേക്കാണ് എല്ലാവരേയും പാര്‍പ്പിച്ചത്. എന്നാല്‍ വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവിടെനിന്നെല്ലാവരേയും മേപ്പാടിയിലേക്ക് മാറ്റി. വന്‍ ദുരന്തത്തിനിടയാക്കിയ പ്രധാന ഉരുള്‍പൊട്ടല്‍ നടന്നത് ഒമ്പതാം തിയ്യതി വൈകുന്നേരം 4.20ഓടെയാണ്. ഉരുള്‍പൊട്ടലിന് തൊട്ടുമുമ്പ് രഞ്ജിത്തും കൂട്ടുകാരും ഇവിടെയെത്തിയിരുന്നു. പരമാവധി ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാവശ്യപ്പെട്ടു. മാറാതെ നിന്നവരാണ് മണ്ണിനടിയില്‍പെട്ടത്.  സുഹൃത്തിന്റെ അമ്മ അജിതയോടും പ്രദേശവാസിയായ ലോറന്‍സ് എന്നയാളുടെ ഭാര്യയോടും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ ഇനി ദുരന്തമുണ്ടാവില്ലെന്ന പ്രതീക്ഷയില്‍ ഇവര്‍ അവിടെതന്നെ തങ്ങുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ രണ്ടുപേരേയും പിന്നീട് കാണാതായി. അവരെ രക്ഷിക്കാനാവാത്തതിന്റെ ദു:ഖം മനസ്സില്‍ തളംകെട്ടി നില്‍ക്കെയാണ് ദുരന്തമുഖത്തെ വിവരങ്ങള്‍ രഞ്ജിത്ത് ഞങ്ങളോട് വിവരിച്ചത്. ഉരുൾപൊട്ടലിൽ രഞ്ജിത്തിന്റെ വീടിരുന്ന സ്ഥലം പൂർണ്ണമായും ഒലിച്ചുപോയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *