April 23, 2024

കൂട്ടായ്മയാണ് അതിജീവനം മതനിരപേക്ഷതയാണ് സ്വാതന്ത്ര്യം :മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

0
05.jpg

      രാജ്യത്തിന്റെ നിലനില്‍പ്പ് മതനിരപേക്ഷതയിലാണെന്നും നാടിന്റെ അതിജീവനത്തിന് കൂട്ടായ്മയാണ് അനിവാര്യമെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ സ്വാതന്ത്ര്യദിന പരേഡിനെ ഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആയിരക്കണക്കിന് ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും. ഈ സ്വാതന്ത്ര്യദിനം വന്നെത്തുമ്പോള്‍ നാട് ഒരു വലിയ പ്രളയ ദുരന്തത്തിന്റെ ഞെട്ടലിലാണ്. നാടിന്റെ അതിജീവനത്തിന് കൈത്താങ്ങാവേണ്ടത്  ഒരോരുത്തരുടെയും കടമയാണ്. പ്രളയദുരിതത്തില്‍പ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്. കിടപ്പാടം നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പുനരധിവാസം ഒരുക്കേണ്ടതുണ്ട്. ജനകീയമായ ഇടപെടലുകളാണ് ഇതിനെല്ലാം അനിവാര്യം. സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യത്തിനായി അണിനിരന്നവരാണ് നമ്മള്‍ ഭാരതീയര്‍. അനവധി കഷ്ടപ്പാടുകളെ അതിജീവിച്ച് നമ്മള്‍ കരുത്താര്‍ജ്ജിച്ചു. സാമ്രാജ്യശക്തികളുടെ മര്‍ദ്ദനമുറകളേറ്റ് പലപ്പോഴും രക്തരൂക്ഷിതമായിട്ടാണ് സ്വാതന്ത്ര്യസമരം നടന്നത്. ജാലിയന്‍വാലാബാഗും വാഗണ്‍ട്രാജഡിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

    രവീന്ദ്രനാഥ ടാഗോറിനെ പോലുളളവരുടെ വാക്കുകളില്‍ കാണുന്ന സ്വാതന്ത്ര്യമാണ് നാം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാത്രം ജനാധിപത്യമുണ്ടെന്ന് പറയാനാകില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാ വിഭാഗം ആളുകള്‍ക്കും അവസരസമത്വം നല്‍കണം. ദളിതാനയതിന്റെ പേരിലോ ഇതരമതസ്ഥനായതിന്റെ പേരിലോ ആക്രമിക്കപ്പെടാത്ത സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണമായെന്ന് പറയാന്‍ സാധിക്കുകയുളളു. ലിംഗ ജാതി മത വര്‍ഗ ഭേദമില്ലാത്ത പൗരന്‍മാര്‍ക്ക് അവസര സമത്വം ഉറപ്പാക്കണം.രാജ്യത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞിനും അവസരസമത്വം നല്‍കുമെന്നതാണ് സ്വാതന്ത്ര്യദിനത്തില്‍ നാമെടുക്കേണ്ട പ്രതിജ്ഞ. നാനാജാതി മതസ്ഥരെ ഉള്‍ക്കൊളളുന്ന രാജ്യത്ത് മതനിരപേക്ഷത നിര്‍ബന്ധമാണ്. ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത മുറുകെ പിടിക്കണം.അശാന്തിയുടെ നാളുകള്‍ ഇനിയും രാജ്യത്തിന്‍മേല്‍ വിതയ്ക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.

      വിവിധ സേനകള്‍ പരേഡില്‍ അണിനിരന്നു. എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  വിവിധ സ്‌കൂളുകളില്‍ നിന്നുളള കുട്ടികളുടെ ദേശഭക്തിഗാനവും നടന്നു. പ്രളയ പശ്ചാത്തലത്തില്‍ ഇത്തവണ എന്‍.സി.സി, സ്‌കൗട്ട് ഗൈഡ്  വിദ്യാര്‍ഥികളെ പരേഡില്‍ നിന്നും ഒഴിവാക്കിയിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *