April 19, 2024

വായനമുറിയും പഠനമുറിയും ഒരുക്കി എസ്.പി.സി

0
   മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരെ ആദ്യം സ്വീകരിക്കുക വായനമുറിയെന്ന ഫലകമാണ്. ക്യാമ്പിലെത്തുന്നവര്‍ക്ക് ആദ്യം കൗതുകം തോന്നുമെങ്കിലും സംഭവം മനസ്സിലാക്കുമ്പോള്‍ കുട്ടിപൊലീസിനെ അഭിനന്ദിക്കാതെ വയ്യ… കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സര്‍വ്വതും ഉപേക്ഷിച്ചെത്തിയവരില്‍ മിക്കവരും പത്രവായന ശീലമാക്കിയവരായിരുന്നു. ഇവരുടെ ഈ പ്രയാസം മനസ്സിലാക്കുകയും പുറംലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ക്യാമ്പിലെത്തിക്കാനുമായാണ് ആദ്യം വായനമുറിയൊരുക്കിയത്. ഈ ആശയം പത്ര ഏജന്റുമാരിലെത്തിയപ്പോള്‍ അവര്‍ സൗജന്യമായി പത്രം നല്‍കാമെന്നും ഏറ്റു. പീന്നിട് ആവശ്യമായ സൗകര്യമൊരുക്കി ഒരു വായനമുറി തുറന്നു. ഇന്നിവിടെ മലയാളത്തിലെ പ്രചാരത്തിലുള്ള മിക്ക പത്രങ്ങളും ചില മാഗസിനുകളും വരുന്നുണ്ട്. പത്രങ്ങളും മാഗസിനുകളും ചിട്ടയായി അടക്കിവയ്ക്കാനും കുട്ടിപൊലീസ് രംഗത്തുണ്ട്. പത്രം പുറത്തു കൊണ്ടുപോവാനും അനുവദിക്കില്ല. ക്യാമ്പിലെ കുട്ടികള്‍ക്ക് പഠനം സൗകര്യമൊരുക്കാന്‍ രാവിലെ ആറു മുതല്‍ എട്ടു വരെയും വൈകീട്ട് ആറിനു ശേഷവും വായനമുറി പഠനമുറിയായും മാറും. 
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മേപ്പാടി എച്ച്എസ്എസ്സിലെ തന്നെ പതിനാലോളം സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അംഗങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ നേരിട്ടുണ്ട്. എന്നാല്‍ ഈ ദുഖങ്ങളെല്ലാം അതിജീവിച്ചും ഈ കുട്ടിസംഘം ക്യാമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന പത്രവാര്‍ത്ത അറിഞ്ഞെത്തിയ ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി വി. റജികുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്‌ഐ എം.സി സോമന്‍, സ്‌കൂളിലെ ഡ്രില്‍ ഇന്‍ട്രക്ടര്‍ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തിലാണ് വായനമുറി, പഠനമുറി എന്നീ ആശയത്തിന് തുടക്കം കുറിച്ചത്. അടുത്ത ദിവസങ്ങളിലെ മഴയുടെ സാഹചര്യം നോക്കി പഠനമുറി കൂടുതല്‍ സജീവമാക്കാനാണ് തീരുമാനം. മേപ്പാടി ജിഎച്ച്എസ്എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍ 163 കുടുംബങ്ങളില്‍ നിന്നായി 483 പേരുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *