ജാഗ്രതയില്‍ സി വിജില്‍ പരാതികളില്‍ 100 മിനുട്ടില്‍ നടപടി


Ad
കൽപ്പറ്റ:സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് നേരെ ജാഗ്രതയുടെ കണ്ണുകളുമായി  സി വിജില്‍ മൊബൈല്‍ ആപ്പ്. പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടുളള 38 പരാതികള്‍  സി വിജില്‍ ആപ്പ് വഴി  ഇതുവരെ കണ്‍ട്രോള്‍ റൂമിലെത്തി. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചുളള പരാതികളാണ് ഇവയില്‍ ഏറെയും. പരാതികളിലെല്ലാം സമയബന്ധിതമായി നടപടിയെടുത്തതായി എം.സി.സി നോഡല്‍ ഓഫീസര്‍ അറിയിച്ചു. സിവിജില്‍ വഴി ലഭിക്കുന്ന പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പ്പെടുത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പാണ് സി-വിജില്‍. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാനാകും. ഫ്ളൈയിംഗ് സ്‌ക്വാഡ്, ആന്റീ ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്.
പണം, മദ്യം, ലഹരി, മറ്റ് പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് സിവിജില്‍ സംവിധാന ത്തിലൂടെ പരാതി നല്‍കാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *