വില ഇടിഞ്ഞു. : ജൈവനേന്ത്രപ്പഴം റോഡരുകിൽ വിൽപ്പനക്ക് വെച്ച് ദമ്പതികൾ


Ad
 വില ഇടിഞ്ഞു. : ജൈവനേന്ത്രപ്പഴം റോഡരുകിൽ വിൽപ്പനക്ക് വെച്ച് ദമ്പതികൾ
( *ജിത്തു തമ്പുരാൻ* )
പനമരം :  ജൈവ നേന്ത്രപ്പഴത്തിന് കിലോയ്ക്ക് വെറും 25 രൂപ . പച്ച നേന്ത്രക്കായക്ക് 20 രൂപ.  വിൽക്കുന്നത് ഉൽപാദിപ്പിച്ച കർഷകൻ തന്നെ . വിൽപ്പനക്കായി തെരഞ്ഞെടുത്തത് സ്റ്റേറ്റ് ഹൈവേയും. .കർഷക സൗഹൃദ പേക്കേജുകളുമായി സർക്കാരുകളുടെ വാർഷിക ബഡ്ജറ്റുകളും മന്ത്രിസഭാ തല പ്രഖ്യാപനങ്ങളും പെരുമഴപോലെ . എന്നിട്ടും കർഷകൻ പെരുവഴിയിൽ . 
  കൂളിവയൽതേമാങ്കുഴി ദേവസ്യക്ക് ആണ് ഹോർമോണുകളോ വിഷം വമിക്കുന്ന രാസവസ്തുക്കളോ ചേർക്കാതെ ചാരവും ചാണകവും പച്ചിലവളവും ഇട്ട് സ്വന്തം തോട്ടത്തിൽ വിളയിച്ചെടുത്ത വയനാടൻ നേന്ത്രക്കായ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട ഗതികേട്  . ദേവസ്യയ്ക്കൊപ്പം അദ്ദേഹത്തിൻറെ ഭാര്യ ലീലാമ്മയും  കാർഷികോൽപ്പന്ന  കച്ചവടത്തിന് സജീവമായിട്ടുണ്ട്  .
ഓപ്പൺ മാർക്കറ്റിൽ കർഷകന് നേന്ത്രക്കായയ്ക്ക് കിലോയ്ക്ക് 18 രൂപ കിട്ടുന്നു .അതിൽ തന്നെ കുലത്തണ്ടിന്റെ കിഴിവായി ഒന്നര കിലോ ആണ് കച്ചവടക്കാർ കിഴിച്ചെടുക്കുന്നത്  . പക്ഷേ ഒരു കുലയ്ക്ക് 450 -500 ഗ്രാമിൽ കൂടുതൽ തണ്ട് ഉണ്ടാവുകയില്ല. മാത്രമല്ല, കുലയിൽ കായ്കളുടെ എണ്ണം കുറവാണെങ്കിൽ കാണാൻ ഭംഗി ഇല്ല എന്ന പേര് പറഞ്ഞ് സെക്കൻഡ് കുല വിഭാഗത്തിൽ ഉൾപ്പെടുത്തി കിലോയ്ക്ക് 10 രൂപ വെച്ചാണ് കച്ചവടക്കാർ കൊടുക്കുന്നത്. ഒരു വാഴയുടെ കുല മൂത്ത് പാകമായി വെട്ടി എടുക്കുമ്പോഴേക്കും 110 രൂപയോളം ചെലവ് വരുന്നുണ്ട്. 
ഓപ്പൺ മാർക്കറ്റിൽ  വിറ്റാൽ ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് കട ബാധ്യതയായി വരിക .
ഈ അവസരത്തിൽ ഒരു പരീക്ഷണമെന്ന നിലയിലാണ് കുല പഴുപ്പിച്ച് ഹൈവേ റോഡ് സൈഡിൽ സ്വന്തംനിലയ്ക്ക് കച്ചവടം ചെയ്യുക എന്ന ആശയത്തിലേക്ക് ദേവസ്യച്ചേട്ടൻ എത്തിച്ചേരുന്നത്. കൃഷിഭവനിലും മറ്റും ഉൽപ്പന്ന വില തകർച്ചയെക്കുറിച്ച് സംസാരിച്ചെങ്കിലും വർഷത്തിലൊരിക്കൽ ഓണച്ചന്തക്ക് സംഭരിക്കുന്നതിലപ്പുറം ഒരു വിപണി കണ്ടെത്തിക്കൊടുക്കാൻ അവർക്ക് സാധ്യമല്ല എന്ന് പറഞ്ഞു . സ്വന്തം ഭൂമിയുടെ ആധാരം തന്നെ എസ് ബി ഐ യിൽ ഈടുവച്ച്  എടുത്ത കാർഷിക ലോൺ ഓരോ വർഷവും ഏതെങ്കിലും വിധത്തിൽ പണം തിരിമറിയാക്കി പുതുക്കി  ആധാരം നഷ്ടപ്പെടാതെ നോക്കുന്നു. 
വിശ്രമ ജീവിതം നയിക്കേണ്ട അമ്പത്തിയേഴാം വയസ്സിലും തന്നെ ഈ വിധത്തിലൊക്കെ ചെയ്യിക്കാൻ നിർബന്ധിതനാക്കുന്നത് തൻറെ കാർഷിക കടങ്ങൾ തന്നെയാണെന്ന് ദേവസ്യ സാക്ഷ്യപ്പെടുത്തുന്നു. പുതിയ വാഴക്കുഞ്ഞുങ്ങളെ  നിലമൊരുക്കി നടുന്നതിനുള്ള ചെലവ് പോലും ഈ കാർഷിക ഉത്പന്ന വിപണനത്തിൽ നിന്ന് കണ്ടെത്തണമെന്ന് ദേവസ്യ ഒരു നെടുവീർപ്പോടെ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും വിലത്തകർച്ചയും പ്രതികൂലമായി ബാധിച്ച് ജീവിതത്തെ നിരന്തരം ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഒരു നല്ല നാൾ വരും എന്ന പ്രതീക്ഷയിലാണ് കൃഷിയും വിപണനവും തുടരുന്നത് എന്നും ഓരോ ശരാശരി കർഷകനും കടങ്ങളുടെ സുൽത്താൻമാരാണ് എന്നും  ദേവസ്യയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *