പണി തുടങ്ങിയിട്ട് രണ്ടര വര്‍ഷം; പണിതിട്ടും തീരാതെ ദുരിതം വിതച്ച് കൈതക്കല്‍ റോഡ്


Ad
പണി തുടങ്ങിയിട്ട് രണ്ടര വര്‍ഷം; പണിതിട്ടും തീരാതെ ദുരിതം വിതച്ച് കൈതക്കല്‍ റോഡ് 
മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്‍റെ പ്രധാന പ്രചരണായുധം വികസനമായിരുന്നു. മികച്ച റോഡുകള്‍ ഇതില്‍ പ്രധാനമായിരുന്നു. എന്നാല്‍ വയനാട് മാന്തവാടി കൈതക്കല്‍ റോഡിന്‍റെ വികസനം അക്ഷരാര്‍ഥത്തില്‍ നാട്ടുകാര്‍ക്ക് ദുരിതം സമ്മാനിച്ചിരിക്കുകയാണ്. പുല്‍പ്പള്ളിയില്‍ നിന്നും കൊയ്ലേരിയിൽ നിന്നും പനമരത്ത് നിന്നും മാനന്തവാടിക്ക് വരാനുള്ള എളുപ്പ വഴിയാണ് കൈതക്കല്‍ റോഡ്. രണ്ടര വര്‍ഷം മുന്‍പ് കിഫ്ബി ഫണ്ടില്‍ നിന്ന്‍ 44 കോടി രൂപ വകയിരുത്തി ആരംഭിച്ച റോഡ് പണി പക്ഷേ ഇതുവരെയായിട്ടും തീര്‍ന്നിട്ടില്ല. 10.400 കിലോമീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മ്മാണം . എന്നാല്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വീടുകളായതിനാല്‍ പലരും സ്ഥലം വിട്ടു നല്‍കാന്‍ മടിച്ച് നില്‍ക്കുന്നത് നിര്‍മാണം സമയബന്ധിതമായി തീരാന്‍ കാലതാമസമെടുക്കുന്നതായി പിഡബ്ല്യുഡി പറയുന്നു. ഇതുവരെ കൈതക്കല്‍ മുതല്‍ കാെയിലേരി വരെ 6 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി. കാെയിലേരി മുതല്‍ വള്ളിയൂര്‍ക്കാവ് വരെ 2 കിലോമീറ്ററിന്‍റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. വള്ളിയൂര്‍ക്കാവ് മുതല്‍ മാനന്തവാടി ടൗൺ വരെയുള്ള നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കാന്‍ മുനിസിപ്പാലിറ്റിയുടെ സഹകരണം വേണമെന്നാണ് പിഡബ്ല്യുഡി ആവശ്യപ്പെടുന്നത്. അതേസമയം കരാറുകാരന്‍റെ അനാസ്ഥയാണ് റോഡ് പണി തീരാന്‍ കാല താമസമെടുക്കുന്നതെന്ന് വാര്‍ഡ് കൗൺസിലർ അശോകന്‍ പറയുന്നു. കൂടാതെ ചിലര്‍ സ്ഥലം വിട്ടു നല്കാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചെന്നും കൗൺസിലർ പറഞ്ഞു. 
   റോഡ് പണി അനന്തമായി നീണ്ടതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗൺസിൽ രൂപീകരിക്കുകയും സമരപരിപാടികള്‍ നടത്തുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി രണ്ട് മാസം മുന്‍പ് വീണ്ടും നിര്‍മാണം തുടങ്ങുകയും ആറാട്ടുതറ സ്കൂള്‍ മുതല്‍ താനിക്കല്‍ വരെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ബാക്കി പണി നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇന്നലെ താന്നിക്കല്‍ കണ്ണിവയലില്‍ പുഴയോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. ഇതോടെ ഇത് വഴിയുള്ള ഗതാഗതം കൂടുതല്‍ ദുഷ്കരമായിരിക്കുകയാണ്. മഴക്കാലത്തതിന് മുന്‍പ് റോഡ് പണി തീരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *