ആരോഗ്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി


Ad
ആരോഗ്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യ-വനിത-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജുമായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ദിഖ് ചര്‍ച്ച നടത്തി. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ച സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ താല്‍കാലിക ജീവനക്കാരിയായിരുന്ന ലാബ് ടെക്‌നീഷ്യ യു.കെ.അശ്വതി മരിക്കാനിടയായ സംഭവം മന്ത്രിയുമായി ചര്‍ച്ച നടത്തുകയും, അവരുടെ കുടുംബത്തിന് ആശ്വാസമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, അര്‍ഹമായ നഷ്ടപരിഹാരവും, കുടുബത്തില്‍ ആര്‍ക്കെങ്കിലും ജോലി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നല്‍കണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
താല്‍കാലികമോ, സ്ഥിരമെന്നോ വേര്‍തിരിവില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണമെന്നും, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ അപകടം പറ്റുന്നവര്‍ക്കും, അപായം സംഭവിക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
കാലവര്‍ഷവും, പ്രളയവും മുന്‍കൂട്ടി കാണുകയും, ചുരം പാതയില്‍ ഗതാഗത തടസ്സവും, ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് വയനാട് ജില്ലയ്ക്ക് ആവശ്യമായ ഓക്‌സിജന്റെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. റെയില്‍-വായു ഗതാഗതം ഇല്ലാത്ത ഒരു ജില്ല എന്നുള്ള നിലക്കും, രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന സ്ഥലം എന്നതുകൊണ്ടും കാലവര്‍ഷക്കെടുതിയുടെ സമയത്ത് ഓക്‌സിജന്റെയും, ജീവന്‍രക്ഷാ മരുന്നുകളുടെയും ക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന കോവിഡ് ക്ലസ്റ്ററുകളില്‍ ഏറിയ പങ്കും ഗോത്രവര്‍ഗ വിഭാഗത്തില്‍ ആയത്‌കൊണ്ട് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷനും, കോവിഡ് പരിശോധനകളും നടത്താന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ഈ വിഷയങ്ങള്‍ എല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി പറയുകയും, വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനം മന്ത്രിക്ക് കൈമാറുകയും ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *