July 15, 2026

അഭിഭാഷകന് നടുറോഡില്‍ പോലീസിന്റെ അപമാനം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
അഭിഭാഷകന് നടുറോഡില്‍ പോലീസിന്റെ അപമാനം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ സുല്‍ത്താന്‍ ബത്തേരി ബാറിലെ അഭിഭാഷകനോട് കോടതിയിലേക്കുള്ള യാത്രാമധ്യ അപമര്യാദയായി പെരുമാറിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. 
മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍, എസ് ഐ എന്നിവരില്‍ നിന്നാണ് പരാതിക്കാരനായ അഡ്വ. പി ഡി സജിക്ക് ദുരനുഭവമുണ്ടായത്. 
ജൂലൈ 14ന് വൈകിട്ട് നാലരക്കാണ് സംഭവം. ജില്ലാ കോടതിയില്‍ നിന്നും ജാമ്യ ഉത്തരവ് വാങ്ങി സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിക്കുന്നതിന് വേണ്ടി സ്വന്തം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് മീനങ്ങാടി സ്റ്റേഷന് മുന്നില്‍ ഷബീര്‍ അലി എന്ന പോലീസുകാരന്‍ വാഹനം തടഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. വാഹനത്തിന്റെ രേഖകളുമായി സ്റ്റേഷനില്‍ വരാന്‍ സി പി ഒ നിര്‍ദേശിച്ചു. അഞ്ച് മണിക്ക് മുമ്പ് കോടതിയിലെത്തേണ്ടതാണെന്ന് പറഞ്ഞിട്ടും കേട്ടില്ല. 25 മിനിറ്റ് അഭിഭാഷകനെ റോഡില്‍ നിര്‍ത്തി. തുടര്‍ന്ന് എസ് ഐ 500 രൂപക്ക് പെറ്റി എഴുതി നല്‍കി. സീറ്റ് ബല്‍റ്റ് ധരിച്ചില്ല എന്ന കുറ്റമാണ് ചുമത്തിയത്. എന്നാല്‍ സീറ്റ് ബല്‍റ്റ് അടക്കമുള്ള എല്ലാ നിയമങ്ങളും അനുസരിച്ചിരുന്നതാണെന്ന് പരാതിക്കാരന്‍ പറഞ്ഞു. 
വാഹനം തടഞ്ഞു നിര്‍ത്താനോ രേഖകള്‍ ആവശ്യപ്പെടാനോ അധികാരമില്ലാത്ത സിവില്‍ പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കേസ് കല്‍പ്പറ്റയില്‍ അടുത്ത മാസം നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *