April 16, 2024

ചായക്കടക്കാരനിൽ നിന്ന് പിഴയീടാക്കാനെത്തിയ സെക്ടറൽ മജിസ്ട്രേറ്റിനെ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു

0
ചായക്കടക്കാരനിൽ നിന്ന് പിഴയീടാക്കാനെത്തിയ സെക്ടറൽ മജിസ്ട്രേറ്റിനെ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു.

കൽപ്പറ്റ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് വൈത്തിരിയിൽ ചായക്കടക്കാരനിൽ നിന്ന് പിഴയീടാക്കാനെത്തിയ സെക്ടറൽ മജിസ്ട്രേറ്റിനെ നാട്ടുകാർ തടഞ്ഞു. ഇന്നലെയാണ് സംഭവം. ദയനീയാവസ്ഥ വിവരിച്ച് കടയുടമ ഉദ്യോഗസ്ഥരുടെ വാഹനത്തിനു മുന്നിൽ റോഡിൽ കിടന്നതോടെ ടൗണിൽ സംഘർഷാവ സ്ഥയായി. “ആത്മഹത്യയുടെ വക്കിലാണ്, എന്റെ മുകളിലൂടെ വാഹനം എടുത്തു കൊള്ളൂ' എന്നുപറഞ്ഞാണ് കടയുടമ സെക്ടറൽ മജിസ്ട്രേറ്റിന്റെ വാഹനത്തിനു മുന്നിൽ കിടന്നത്.
പഴയ വൈത്തിരിയിലെ ഹോട്ട്, കൂൾ ചായ് പോയൻറ് എന്ന കടയിലെത്തിയ സെക്ടറൽ മജിസ്ട്രേറ്റും ഉദ്യോഗസ്ഥരും കടയ്ക്കുപുറത്ത് മൂന്നുപേർ ചായ കുടിച്ചുകൊണ്ടിരുന്നതിന്റെ പേരിലാണ് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടത്. സഹോദരങ്ങളായ വൈത്തിരി ചാരിറ്റി ഈന്തൻകുഴിയിൽ ആഷിക്, ഷമീർ, ഷഹീർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട.
പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് കടയുടമകൾ സംസാരിക്കുന്നതിനിടെ ഇടപെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റു കളിലും സ്വകാര്യ റിസോർട്ടുകളിലും പരിശോധന നടത്താതെ പാവപ്പെട്ട കച്ചവടക്കാരെ ഉപദ്രവിക്കുകയാണെന്നാ രോപിച്ചായിരുന്നു തർക്കം. നാട്ടുകാർ കൂട്ടം കൂടി എതിർത്തതോടെ താക്കീതുമാത്രം നൽകി ഉദ്യോഗസ്ഥർ മടങ്ങി.
മൂന്നുമാസമായി അടച്ചിട്ടതിനുശേഷം രണ്ടാഴ്ച മുമ്പാണ് കട തുറന്നതെന്ന് കടയുടമ ഷമീർ പറഞ്ഞു. ഇതിനു മുമ്പ് നിയന്ത്രണങ്ങളിൽ ഇളവുലഭിച്ച് കട തുറന്നപ്പോഴും ഉദ്യോഗസ്ഥരെത്തി പിഴയീടാക്കി. പാർസൽ സൗകര്യം മാത്രമേയുള്ളൂ.
കടയിൽനിന്ന് ചായവാങ്ങിയ ലോഡിങ് തൊഴിലാളികൾ റോഡരികിൽനിന്ന് ചായ കുടിച്ചതിനാണ് അന്നും പിഴ ഈടാക്കിയത്. കടയുടമയോടും ചായ വാങ്ങിയ തൊഴിലാളികളായ രണ്ടുപേരോടും 500 വീതം 1500 രൂപയാണ് അന്നു വാങ്ങിയത്. വീണ്ടും പിഴ ആവശ്യപ്പെട്ടതോടെയാണ് വൈകാരികമായി പ്രതികരിച്ചതെന്ന് ഷമീർ പറഞ്ഞു. കോവിഡിൻ്റെ മറവിൽ സാധാരണക്കാരിൽ നിന്ന് സർക്കാർ സാമ്പത്തിക ചൂഷണമാണ് നടത്തുന്നതെന്ന് പൊതുവെ ആരോപണമുയരുന്നുണ്ട്. മലപ്പുറത്ത് ഡ്രൈവർ പിഴ ചീട്ട് മാലയണിഞ്ഞ് തെരുവിലിറങ്ങിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഈ പശ്ചാതലത്തിലാണ് .വ്യാപാരികളുടെ കേസുകൾ സംഘടന ഏറ്റെടുത്ത് നടത്തുമെന്ന് കഴിഞ്ഞ ദിവസം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവൻ പറഞ്ഞിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *