ലോക്ക്ഡൗൺ പെറ്റിക്കേസിൽ 31,000 രൂപ പിഴ വിധിച്ച് കോടതി: പണമന്വേഷിച്ച് പോയ പ്രതി മുങ്ങി, വീണ്ടും അറസ്റ്റ് വാറണ്ട്


Ad
ലോക്ക്ഡൗൺ പെറ്റിക്കേസിൽ 31,000 രൂപ പിഴ വിധിച്ച് കോടതി: പണമന്വേഷിച്ച് പോയ പ്രതി മുങ്ങി, വീണ്ടും അറസ്റ്റ് വാറണ്ട്

മാനന്തവാടി: ലോക്ക്ഡൗൺ കാലത്തെ പെറ്റിക്കേസിൽ 31000 പിഴ വിധിച്ച് കോടതി. പിഴയടക്കാൻ പണമന്വേഷിച്ച് പോയ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ തെങ്ങുംമുണ്ട സ്വദേശി കുറ്റിയിൽ അഷ്റഫിനെതിരെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് വാറണ്ട് പുറപ്പെടുവിച്ചത്.
ഒന്നാം ഘട്ട ലോക്ക് ഡൗണിൽ 
2020 മെയ് 19- നായിരുന്നു കേസിനാസ്പദമായ സംഭവം. പടിഞ്ഞാറത്തറ ടൗണിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പോയ അഷ്റഫ് ഹെൽമെറ്റില്ലാത്തതിനാൽ പോലീസ് പരിശോധനയിൽ കുടുങ്ങുകയായിരുന്നു .500 രൂപയാണ് പോലീസ് പിഴ ചുമത്തിയത്‌. പ്രവാസിയായിരുന്ന അഷ്റഫ് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണന്നും കൈയ്യിൽ പണമില്ലെന്നും ഒരു തവണ മാപ്പാക്കണമെന്നും പോലീസിനോട് അഭ്യർത്ഥിച്ചെങ്കിലും പിഴ അടക്കാതെ വിട്ടയക്കാൻ കഴിയില്ലന്ന് നിലപാട് പോലീസ് സ്വീകരിച്ചു. ഇതിനിടെ വാക്കുതർക്കമായി, ബൈക്കിൻ്റെ താക്കോൽ പോലീസ് ആവശ്യപ്പെട്ടങ്കിലും നൽകിയില്ല. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ച് അഷ്റഫിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. രണ്ട് അയൽവാസികൾ സ്റ്റേഷനിലെത്തി ജാമ്യമെടുക്കുകയും അഷ്റഫിന് വേണ്ടി ആയിരം രൂപ പിഴ അടക്കുകയും ചെയ്തു. ആ പ്രശ്നം അവിടെ അവസാനിച്ചുവെന്നാണ് അഷ്റഫ് കരുതിയത്. പിന്നീട് മൂന്ന് മാസത്തിന് ശേഷം സമൻസ് വന്നപ്പോഴാണ് ഇത് പൊല്ലാപ്പായെന്ന് അഷ്റഫിന് മനസ്സിലാക്കുന്നത്. 
ഐ.പി.സി. 269, കേരള പോലീസ് ആക്ട് 117 (ഇ),118 (ഇ), കേരള പകർച്ചവ്യാധി നിയമം എന്നിവ ചേർത്താണ് 776/20 ആയി പടിഞ്ഞാറത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
31000 രൂപയാണ് മജിസ്ട്രേട്ട് പിഴ വിധിച്ചത്.തൊഴിൽ ഇല്ലാത്തതിനാൽ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ സാമ്പത്തികാവസ്ഥ മോശമാണന്നും കൈയ്യിൽ പണമില്ലന്നും ഘഡുക്കളാക്കി അടക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഷ്റഫ് മജിസ്ട്രേട്ടിന് അപേക്ഷ നൽകി. ആദ്യഘഡുവായ പതിനായിരം രൂപ സ്വരൂപിക്കാൻ പോയ പ്രതി കോടതി സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. 
2021 ജനുവരി 13 – ലെ കേസ് 2021 സെപ്റ്റംബർ 29 ലേക്കാണ് കോടതി മാറ്റിവെച്ചത്. പ്രതിയുടെ ആവശ്യം മാനിച്ചാണ് ഇന്നലെ കോടതി നേരത്തെ കേസ് പരിഗണനക്കെടുത്തത്.  
അഷ്റഫ് ഒളിവിലാണന്നാണ് വിവരം. 
ലോക്ക് ഡൗൺ കാലത്തെ നിരവധി പെറ്റികേസുകളാണ് ഇന്നലെ മാനന്തവാടി കോടതിയിൽ പരിഗണനക്കെടുത്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *