April 25, 2024

കന്നുകാലികൾ അത്യുഷ്ണം അതിജീവിക്കുന്ന ജീൻ കണ്ടെത്തി; ഗവേഷണം പൂക്കോട് യൂണിവേഴ്സിറ്റി പ്രൊഫസറുടെ നേതൃത്വത്തിൽ

0
Img 20210831 Wa0051.jpg
വൈത്തിരി: കാലാവസ്ഥ വ്യതിയാന ഭീഷണി നേരിടുന്ന കാലത്ത് വലിയ മുന്നേറ്റം നടത്തി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം.  കന്നുകാലികളിൽ ചൂട് സഹിക്കുന്ന ATP1A1 എന്ന മാർക്കർ ജീൻ ആണ് ഗവേഷണത്തിലൂടെ സംഘം കണ്ടെത്തിയത്.
യു കെയിലെയും ഓസ്‌ട്രേലിയയിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ടീമിന്റെ തലവനും പൂക്കോട് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ജനിതക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറുമായ ഡോ. മുഹമ്മദ് ഇളയടത്ത് മീത്തലിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് മാർക്കർ ജീനിന്റെ കണ്ടെത്തൽ നടന്നത്. കന്നുകാലികളിൽ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ ഈ മാർക്കർ ജീനിന്റെ ആഗമനം ശാസ്ത്രജ്ഞർക്ക് വലിയ സഹായമാകും.
'കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, ഉയർന്ന ചൂടും ഈർപ്പവും മൃഗങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കുന്നു. ഈ ചൂട് കാരണമുള്ള സമ്മർദ്ദം കന്നുകാലികളിൽ വളർച്ച, ഉത്പാദനം, പ്രത്യുൽപാദന കാര്യക്ഷമത എന്നിവയിൽ വലിയ നഷ്ടം ഉണ്ടാക്കുന്നു' പൂക്കോട് യൂണിവേഴ്സിറ്റിയിലെ മൃഗങ്ങളുടെ ജനിതകശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുഹമ്മദ് പറഞ്ഞു.
“ലോകം ചൂടാകുകയാണ്. ചൂടുള്ള കാലാവസ്ഥ സഹിക്കാൻ കഴിയുന്ന മൃഗങ്ങളെയാണ് നമുക്ക് വേണ്ടത്. ചൂട് സഹിക്കുന്ന മൃഗങ്ങളെ തെരഞ്ഞെടുക്കുക എന്നതാണ് ഒരു വഴി. മാർക്കർ ജീനുകളുടെ ആഗമനം വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു മികച്ച ഇനങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു സുപ്രധാന വഴിത്തിരിവാണ്'. അദ്ദേഹം കൂട്ടിച്ചേർത്തു.
വെച്ചുർ പശുക്കളുടെയും സങ്കരയിനം കന്നുകാലികളുടെയും ചൂട് സഹിഷ്ണുത താരതമ്യം ചെയ്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരുടെ മൾട്ടി ഡിസിപ്ലിനറി ടീം ഈ പ്രവർത്തനത്തിനായി ചേരുകയും ഫലങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. യു.കെയിലെ ഹാർപ്പർ ആഡംസ് സർവകലാശാല, ആസ്‌ത്രേലിയയിലെ വെസ്റ്റേൺ ആസ്‌ട്രേലിയ സർവ്വകലാശാല, ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അനിമൽ ന്യൂട്രിഷ്യൻ ആൻഡ് ഫിസിയോളജി എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാരും ഗവേഷക സംഘത്തിലുണ്ടായിരുന്നു,
സമ്പന്നമായ ജനിതക വൈവിധ്യം ചൂട് സഹിഷ്ണുതയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു അവസരം നൽകുന്നു, പ്രത്യേകിച്ച് ചൂടുള്ളതും ഈർപ്പമുള്ളതുമായ ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് അനുയോജ്യമാണ് പുതിയ കണ്ടെത്തൽ.
കാലാവസ്ഥക്കു അനുയോജ്യമായ മൃഗങ്ങളെ പ്രജനനത്തിനായി കണ്ടെത്തി പ്രയോജനപ്പെടുത്താൻ ഗവേഷകരുടെ ടീം ഇപ്പോൾ ലക്ഷ്യമിടുന്നു. 45 ഡിഗ്രി ചൂട് വരെ വരുന്ന വേനലിനെ നേരിടുന്ന വിൽവദ്രി പശുക്കളെപ്പോലുള്ളവയുടെ പ്രയോജനപ്പെടുത്തലും ഇതിൽ പ്രാധാന്യമർഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളുടെയും ഭീഷണികളുടെയും വെളിച്ചത്തിൽ സുസ്ഥിരമായതും പ്രബലമായതുമായ കന്നുകാലി ഉൽ‌പാദനത്തിനുള്ള പരിഹാരങ്ങൾ തേടുന്നതിന് വൈവിധ്യമാർന്ന ഗവേഷണങ്ങളും കാർഷിക സൗകര്യങ്ങളും ബന്ധിപ്പിക്കുന്നതിന് ഗ്ലോബൽ ഫാം പ്ലാറ്റ്ഫോം ഇതോടനുബന്ധിച്ചു നിലവിൽ വന്നു. യുകെയിലെ ഹാർപ്പർ ആഡംസ് സർവകലാശാലയുടെ ഡെപ്യൂട്ടി വൈസ് ചാൻസലറായ റോത്താംസ്റ്റഡ് റിസർച് പ്രൊഫസർ മൈക്കിൾ ലീയും ഡോ മുഹമ്മദിനൊപ്പം ഗവേഷണത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു.
ഗവേഷണ ഫലം സ്വിസ്സർലാണ്ടിൽ നിന്നും ഇറങ്ങുന്ന 'ദി അനിമൽസ്' ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *