തൃശ്ശിലേരി പെരുന്നാൾ 24 മുതൽ, കൊടിയേറ്റിന് ക്ഷേത്രം, മസ്ജിദ് ഭാരവാഹികൾ എത്തും


Ad

തൃശ്ശിലേരി മോർ ബസേലിയോസ് പള്ളിയിൽ പെരന്നാൾ 24ന് തുടങ്ങും
ബസേലിയിൻ പ്രതിഭ പുരസ്കാരം സജ്ന സജീവന്
മാനന്തവാടി ∙ വടക്കേ വയനാട്ടിൽ മോർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള ഏക
ദേവാലയമായ തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ
പെരുന്നാൾ 24ന് തുടങ്ങും. കോതമംഗലത്ത് കബറടങ്ങിയ മോർ ബസേലിയോസ് ബാവായുടെ
തിരുശേഷിപ്പ് സ്ഥാപിച്ച വടക്കേ വയനാട്ടിലെ ഏക ദേവാലയമാണിത്. നാനാജാതി
മതസ്ഥർ അഭയം കണ്ടെത്തുന്ന ദേവാലയം മലബാറിന്റെ കോതമംഗലമാണെന്നാണ്
അറിയപ്പെടുന്നത്.

സമൂഹത്തിൽ വർഗീയ വേർതിരിവുകൾ ഏറി വരുമ്പോഴും തൃശ്ശിലേരി ഗ്രാമത്തിന്റെ മത
സൗഹാർദത്തിന്റെ പ്രതീകം കൂടിയാവുകയാണ് ഇൗ ദേവാലയം. മുൻ കാലങ്ങളിലേതുപോലെ
ഇൗ വർഷവും കൊടിയേറ്റിന് പ്രദേശത്തെ ക്ഷേത്രം, മസ്ജിത് ഭാരവാഹികൾ എത്തും.
തൃശ്ശിലേരി മഹാ ശിവക്ഷേത്രം, അരീക്കര ഭഗവതി ക്ഷേത്രം, കാറ്റാടി ചേരിക്കൻ
ക്ഷേത്രം, കാക്കവയൽ ജുമാ മസ്ജിത് എന്നിവയുടെ ഭാരവാഹികളുടെ
സാന്നിധ്യത്തിലാണ് 26ന് രാവിലെ 10ന് കൊടിയേറ്റ് നടത്തുക. മലബാർ
ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപ്പോസ് കൊടിയേറ്റും. വിവിധ മത
നേതാക്കളിൽ നിന്ന് നേർച്ച ഭക്ഷണത്തിനുള്ള അരി മെത്രാപ്പോലീത്ത
ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന സൺഡേസ്കൂൾ അധ്യാപക സംഗമം ഒ.ആർ. കേളു
എംഎൽഎ ഉദ്ഘാടനം ചെയ്യും. എംജെഎസ്എസ്എ ഡിസ്ട്രിക് കമ്മിറ്റി
പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്
പി.വി. ബാലകൃഷ്ണൻ നിർവഹിക്കും.

24 മുതൽ ഒക്ടോബർ 3 വരെ എല്ലാ ദിവസവും രാവിലെ 8ന് മൂന്നിൻമേൽ കുർബാന,
മധ്യസ്ഥ പ്രാർഥന, പാച്ചോർ നേർച്ച വൈകിട്ട് സന്ധ്യാ പ്രാർഥന എന്നിവ
നടക്കും. 25ന് മാസാന്ത്യ പെരുന്നാൾ നടക്കും. റവ. ബന്യാമീൻ റമ്പാൻ, റവ.
കൗമ റമ്പാൻ, കോർ–എപ്പിസോകോപ്പാമാർ, ഭദ്രാസനത്തിലെ വൈദീകർ എന്നിവർ വിവിധ
ദിവസങ്ങളിലായി ബലിയർപ്പിക്കും.

28ന് ‘ജ്യോതിർഗമയ’ രക്തദാന–ജീവകാരുണ്യ പദ്ധതിയുടെ ആഭിമുഖ്യത്തിൽ രക്തദാന
ക്യാംപ് നടക്കും. ഒക്ടോബര്‍ 2ന് എൽദോ–ബേസിൽ സംഗമം നടക്കും. 3ന് കോവിഡ്
പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കും. വൈകിട്ട്
4.30ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന്
മേഖലാ തീർത്ഥയാത്ര ആരംഭിക്കും. മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ
പോളികാർപ്പോസിന്റെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കും. സമാപന ദിവസമായ
4നടക്കുന്ന മൂന്നിൻമേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്ത കാർമികത്വം
വഹിക്കും. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സജ്ന സജീവന് ബസേലിയിൻ പ്രതിഭ
പുരസ്കാരം സമ്മാനിക്കും.സഭാ അംഗമായ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്
കെ.ഇ. വിനയനെ ആദരിക്കും. ചടങ്ങിൽ അഗതികളുടെ ആചാര്യൻ ഗീവർഗീസ് കാട്ടുചിറ
അച്ചന്റെ സ്മരണക്കായി നടത്തുന്ന ഒാൺലൈൻ സുവിശേഷഗാന മത്സര വിജയികൾക്ക്
ക്യാഷ് അവാർഡുകൾ സമ്മാനിക്കും. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള
സ്കോളർഷിപ്പ് വിതരണം, ചാരിറ്റി സഹായ വിതരണം എന്നിവയും നടക്കും.
പ്രദക്ഷിണം, ആസീർവാദം, ലേലം, നേർച്ച ഭക്ഷണം എന്നിവയോടെ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ പള്ളിയുടെ ഫെയ്സ് ബുക് പേജിലൂടെ കാണുന്നതിനും
സൗകര്യം ഒരുക്കും.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക. തൃശ്ശിലേരിയുടെ
ഉത്സവമായ പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. സിബിൻ
താഴത്തുകുടി, ട്രസ്റ്റി പി.കെ. ജോർജ് പുളിക്കക്കുടി, സെക്രട്ടറി ബിനോയി
ഐസക് കണ്ടത്തിൽ, പെരുന്നാൾ കൺവീനർ ബെന്നി കട്ടയ്ക്കാമെപ്പുറത്ത്,
സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ പി.കെ. സ്കറിയ എന്നിവർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *