ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം : രൂപരേഖ തയ്യാറായി
കൽപ്പറ്റ:
ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മെയ് 11,12 തിയ്യതികളില്‍ ജില്ലയില്‍ നടക്കുന്ന സമഗ്ര ശുചീകരണ യജ്ഞത്തിന് രൂപരേഖയായി. അമ്പത് വീടുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടങ്ങുന്ന ഒരു ക്ലസ്റ്റര്‍,വാര്‍ഡുകള്‍ എന്ന തലത്തിലാണ് ശുചീകരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിംഗും മൈക്രോ ലെവല്‍ കര്‍മ്മപരിപാടികളും ആസൂത്രണം ചെയ്യും .ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായും പഞ്ചായത്ത് ഉപഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലാ ഭരണകൂടത്തൊടൊപ്പം ശുചിത്വമിഷനും ഹരിതകേരള മിഷനും ഏകോപന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. കുടംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍,യുവജന ക്ലബ്ബുകള്‍,സംഘടനകള്‍,തുടങ്ങിയ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, പണിയായുധങ്ങള്‍ തുടങ്ങിയവ ആരോഗ്യവകുപ്പ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ സഹായത്തോടെ കണ്ടെത്തും.പഞ്ചായത്ത്തലത്തില്‍ വിവിധ വകുപ്പുമായി ചേര്‍ന്ന് പ്രത്യേകം രൂപരേഖയും തയ്യാറാക്കുന്നുണ്ട്. ഇതിനായി മെയ് 7 നകം പ്രത്യേകം യോഗം ചേരും. ഓരോ വാര്‍ഡുകളിലും പ്രദേശങ്ങളെ വേര്‍തിരിച്ച് ശുചീകരണ ടീമിനെ സജ്ജമാക്കിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍,ആശാപ്രവര്‍ത്തകര്‍,സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുയിടങ്ങളിലാണ് ശുചീകരണം നടത്തുന്നത്. അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളിള്‍ (എം.സി.എഫ്) സംഭരിക്കും. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ജില്ലയെ മഴക്കാലത്തിന് മുമ്പ് വിവിധ തരത്തിലുളള മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കി സാംക്രമിക രോഗങ്ങളുടേയും മറ്റ് രോഗങ്ങളുടെയും ഭീഷണിയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നത്.





Leave a Reply