November 10, 2026

പൊതുഫണ്ട് വിനിയോഗിച്ച് കേസുകള്‍ നടത്തുന്നതില്‍ സഹകരണ സംഘങ്ങള്‍ക്കു മൂക്കുകയര്‍

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:-പൊതുഫണ്ട് ഉപയോഗിച്ചു കേസുകള്‍ നടത്തുന്നതില്‍ സഹകരണ  സംഘങ്ങള്‍ക്കു നിയന്ത്രണം. ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ സഹകരണ രജിസ്ട്രാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ സഹകരണ സംഘങ്ങള്‍ കോടതിയെ  സമീപിക്കുന്നതു പൊതുഫണ്ട് ചെലവഴിച്ചാകരുതെന്നു സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. സഹകരണ നിയമം, ചട്ടം എന്നിവകളിലെ വ്യവസ്ഥകള്‍ക്കെതിരെയും പൊതുഫണ്ട് വിനിയോഗിച്ച് സംഘങ്ങള്‍ കോടതികളില്‍ കേസ് നടത്താന്‍ പാടില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘം ഭരണസമിതികള്‍ക്കെതിരെ സഹകരണ നിയമത്തിലെ വകുപ്പ് 32,68 എന്നിവ പ്രകാരം നടപടി സ്വീകരിക്കും. 
സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ദുര്‍ച്ചെലവ് നിയന്ത്രിക്കുന്നതു സംബന്ധിച്ചു 2011ല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. രജിസ്ട്രാറുടെ നടപടികളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സഹകരണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ഉപയോഗപ്പടുത്തുന്നതിനു പകരം സംഘങ്ങള്‍ പൊതുഫണ്ട്  ചെലവഴിച്ച് നീതിന്യായ സംവിധാനങ്ങളെ സമീപിക്കുകയാണ്. സംസ്ഥാന സഹകരണ നിയമത്തിലും ചട്ടത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം സംസ്ഥാന നിയമസഭയിലും സര്‍ക്കാരിലും നിക്ഷിപ്തമാണ്. എന്നിരിക്കെ നിയമഭേദഗതിക്കെതിരെ വ്യവഹാരം നടത്തുന്നതിനു സംഘം ഫണ്ട് വിനിയോഗിക്കുന്നതു ദുര്‍ച്ചെലിവിന്റെ പരിധിയില്‍ വരും. ഈ പശ്ചാത്തലത്തിലാണ് സഹകരണ നിയമം വകുപ്പ് 66 എ പ്രകാരമുള്ള അധികാരം വിനിയോഗിച്ച് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയത്. 
ദുര്‍ച്ചെലവുകള്‍ ശ്രദ്ധയില്‍പ്പെടുകയും എന്നാല്‍ ഭരണസമിതി തീരുമാനത്തിന്റെ അഭാവത്തിലാണ് ഫണ്ട് വിനിയോഗിച്ചതെന്നു ബോധ്യപ്പെടുകയും ചെയ്യുന്നപക്ഷം അതതു സംഘം ചീഫ് എക്‌സിക്യൂട്ടീവിനുമേല്‍ സഹകരണനിയമം വകുപ്പ് 66 ബി പ്രകാരം നടപടി സ്വീകരിക്കും. 
കേസ് നടത്തിപ്പിനു ചെലവായ തുക സസൂക്ഷ്മം പരിശോധിക്കണമെന്നും ദുര്‍ച്ചെലവുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരില്‍ ചുമത്തി ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും  സംഘം ഓഡിറ്റര്‍മാര്‍ക്കും  രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കണ്ടെത്തുന്ന ദുര്‍ച്ചെലവുകള്‍ ഓഡിറ്റര്‍മാര്‍ ന്യൂനത സംഗ്രഹത്തില്‍ ഉള്‍പ്പെടുത്തണം. 
സംഘങ്ങളുടെ കേസ് നടത്തിപ്പുചെലവുകള്‍ വകുപ്പിലെ ഭരണവിഭാഗം പ്രത്യേകം പരിശോധിക്കണം. ഉദ്യോഗസ്ഥരുടെ ആകസ്മിക-വിശദ പരിശോധന റിപ്പോര്‍ട്ടില്‍ ദുര്‍ച്ചെലവ് സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തി നിയമാനുസൃത നടപടികള്‍ കര്‍ശനമായി സ്വീകരിക്കണം. സംഘങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്നു  ജോയിന്റ് രജിസ്ട്രാര്‍മാര്‍ ഉറപ്പുവരുത്തണം. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news