സി.പി.എം. ജില്ലാ സമ്മേളനം തുടങ്ങി : ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസോ കോണ്‍ഗ്രസിന് ബദല്‍ ബി.ജെ.പി.യോ അല്ലെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കല്‍പ്പറ്റ: ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസോ കോണ്‍ഗ്രസിന് ബദല്‍ ബി.ജെ.പി.യോ അല്ലെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എം വയനാട് ജില്ല സമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്കുലറിസം പറഞ്ഞ് കോണ്‍ഗ്രസും ഹിന്ദുത്വം പറഞ്ഞ് ബി.ജെ.പി.യും സാമ്പത്തീക ഉദാരവത്കരണനയങ്ങള്‍ നടപ്പാക്കുന്നു. ഈ രണ്ട് പാര്‍ടികള്‍ക്കും ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ബി.ജെ.പി.യെ ഒറ്റപ്പെടുത്താനും ആര്‍എസ്എസ് വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും ഭരണത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അധികാരം ഉള്ളപ്പോള്‍ ബിജെപിയെ നേരിടാന്‍ തയ്യാറാകാതെ അധികാരം നഷ്ടമായപ്പോള്‍ ബിജെപിയെ നേരിടാന്‍ തങ്ങളുടെ കൂടെ കൂടണമെന്നാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വവര്‍ഗീയത നേരിടാന്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് മൃദു ഹിന്ദുത്വമാണ്. ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടായിട്ടും ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള മത വികാരം ഉപയോഗിച്ച് കൊണ്ടല്ല വര്‍ഗീയതക്കെതിരെ പോരാട്ടം നടത്തേണ്ടത് . 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ബദലായി ഇടത്പക്ഷം യു.പി.എ സര്‍കാരിനെ പിന്തുണച്ചു. എന്നാല്‍ ബി.ജെ.പിയെ ഒറ്റപ്പെടുത്താന്‍ തയ്യാറാകാതെ സാമ്പത്തിക ഉദാവത്കരണനയം തുടരാനാണ് കോണ്‍ഗ്രസ് ഔത്‌സുക്യം കാണിച്ചത്. പത്ത് വര്‍ഷം ഭരിച്ചിട്ടും ബാബ്‌റിമസജിദ് തകര്‍ത്ത സംഭവത്തില്‍ അദ്വാനിയെയും ഗുജറാത്ത് വംശീയ കലാപത്തിന് നേതൃത്വം നല്‍കിയ അമിത്ഷായെയും കൂട്ടരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. മുംബെ കലാപത്തിന്റെ ഭാഗമായി തയ്യാറാക്കിയ ശ്രീകൃഷ്ണ കമീഷന്‍ റിപോര്‍ട്ടിലും കോണ്‍ഗ്രസ് നടപടി സ്വീകരിച്ചില്ല. നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്. സാനതന്‍ സംസ്ഥാന്‍ എന്ന സംഘടനയാണ് കൊലക്ക് പിന്നിലെന്നും ഈ സംഘടനയെ നിരോധിക്കണമെന്നുമുള്ള മഹാരാഷ്ട്ര സര്‍കാര്‍ ആവശ്യം കോണ്‍ഗ്രസ് നടപ്പാക്കിയില്ല. പിന്നീട് ഗോവിന്ദ് പന്‍സാരെയെയും കല്‍ബുര്‍ഗിയെയും വധിച്ചതും ഈ സംഘടന തന്നെയാണ്. ഉദാരവത്കരണസാമ്പത്തികനയം നടപ്പാക്കിയതിലുള്ള തെറ്റ് സമ്മതിക്കാനോ അന്നവര്‍ സ്വീകരിച്ച നയത്തിന്റെ പാളിച്ചകള്‍ സമ്മതിക്കാനോ തയ്യാറാകാതെ സോണിയ ഗാന്ധിയെ മാറ്റി രാഹുല്‍ ഗാന്ധിയെ പ്രസിഡണ്ടാക്കിയത് കൊണ്ട് മാത്രം കോണ്‍ഗ്രസ് നയം മാറില്ല- കോടിയേരി പറഞ്ഞു. ജി.എസ്.ടി. വന്നപ്പോള്‍ ആന്റണി അനുകൂലിച്ചു. ഇത്തരം കാര്യങ്ങളില്‍ എതിര്‍ക്കാനുള്ള സ്ഥിതി ഇല്ലാത്തത് കൊണ്ട് ഇവര്‍ പറയുന്നത് ജനങ്ങള്‍ വിശ്വസിക്കുന്നില്ല.
വര്‍ഗീയതക്കും ഉദാവത്കരണസാമ്പത്തിക നയങ്ങള്‍ക്കും എതിരായി യോജിപ്പുള്ള കക്ഷികള്‍ ചേര്‍ന്ന് രാഷ്ട്രീയ കൂട്ട്‌കെട്ടുണ്ടാക്കിയാല്‍ മാത്രമേ ബി.ജെ.പി.യെ പ്രതിരോധിക്കാന്‍ കഴിയൂ. ഏതെങ്കിലും കക്ഷികള്‍ ചേര്‍ന്ന് രാഷ്ട്രീയ കൂട്ട്‌കെട്ടുണ്ടാക്കിയാല്‍ അത് ബി.ജെ.പി.ക്ക് ബദലാകാന്‍ പോകുന്നില്ല. യുപിയിലെയും ബീഹാറിലെയും തെരഞ്ഞെടുപ്പ് ഫലം ഇതാണ് തെളിയിക്കുന്നത്. പോരാട്ടങ്ങളിലൂടെ സമരങ്ങളിലൂടെ നയപരമായി യോജിപ്പുള്ള കക്ഷികള്‍ ചേര്‍ന്ന് ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണം രാജ്യത്തുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.






Leave a Reply