വരൾച്ചാ ഭീഷണിയിലും നാഥനില്ലാതെ ഭൂജല വകുപ്പ് സ്വകാര്യ കുഴൽ കിണർ നിർമാണ ലോബിയെ സഹായിക്കാനെന്ന് ആരോപണം
മാനന്തവാടി ∙ മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും ഇക്കുറി വരൾച്ച
കടുത്തതാക്കുമെന്ന മുന്നറിയിപ്പിനിടയിലും ഭൂജല വകുപ്പ് നാഥനില്ലാ
കളരിയായി തുടരുന്നു. കടും വേനൽ പടിവാതിൽക്കൽ എത്തിയിട്ടും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ സ്വകാര്യ കുഴൽ
കിണർ നിർമാണ ലോബിയുടെ സമ്മർദ്ദമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ജില്ലയിലെ സാധാരണക്കാരായ ആളുകൾ കുഴൽക്കിണർ നിർമിക്കുന്നതിനായി ഭൂജല
വകുപ്പിനെയാണ് ആശ്രയിച്ചിരുന്നത്. 25 സെന്റ് സ്ഥലത്തിന് മുകളിലുള്ള
കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ ഭൂജല വകുപ്പ് കുഴൽ കിണർ നിർമിച്ച്
നൽകി വരുന്നുണ്ട്. കുഴൽ കിണർ നിർമാണ സമയത്ത് എന്തെങ്കിലും കാരണവശാൽ ജലം
ലഭ്യമല്ലങ്കിൽ അടച്ച തുകയുടെ 75 ശതമാനം തുക ഗുണഭോക്താവിന് തിരിച്ച് നൽകി
വരുന്നതിനാൽ സാധാരണക്കാർക്ക് ഏറെ താൽപര്യമാണ് ഉണ്ടായിരുന്നത്. കടുത്ത
വരൾച്ച നേരിടുന്ന ജില്ലയിലെ ചെറുകിട കർഷകർക്ക് വളരെ ആശ്വാസകരമായ
വകുപ്പിന്റെ പ്രവർത്തനമാണ് നിശ്ചലാവസ്ഥയിലായത്.
മീനങ്ങാടിയിലെ ജില്ലാ ഓഫിസിൽ ജില്ലാ ഓഫിസർ ഇല്ലാതായിട്ട് ഒരു വർഷത്തിൽ
അധികമായി. ഇത്രയും നാൾ അസിസ്റ്റൻറ് എൻജിനീയർക്കായിരുന്നു ജില്ലാ ഓഫിസറുടെ
ചുമതല. ജില്ലാ ഓഫിസർ ഇൻ ചാർജ് വഹിച്ചിരുന്ന അസി. എൻജിനീയർ സ്വകാര്യ കുഴൽ
കിണർ നിർമാണ ലോബിയുടെ സമ്മർദ്ദം മൂലം ദീർഘകാല അവധിയിൽ
പ്രവേശിച്ചിരിക്കയാണ്. ജില്ലാ ഓഫിസർ ചുമതല നിലവിൽ ആർക്കും
കൈമാറിയിട്ടുമിലല്. ഇതോടെ ഒരു മാസത്തിലേറെയായി ഭൂജലവകുപ്പിന്റെ ഓഫിസ്
തികച്ചും നാഥനില്ലാത്ത അവസ്ഥയിലായി. വരൾച്ച ദുരിതം
അനുഭവിക്കുന്നിടങ്ങളിലെ കാർഷിക, കുടിവെള്ള, ആവശ്യങ്ങൾക്കായും സർക്കാർ
ആവശ്യങ്ങൾക്കായും ഉളള കുഴൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾ ഇതോടെ
അവതാളത്തിലായിരിക്കയാണ്.
സ്വകാര്യ ഏജൻസികൾ വൻതുക വാങ്ങി കുഴൽ കിണർ നിർമ്മിക്കുമ്പോൾ വളരെ തുച്ഛമായ
തുക ഈടക്കി ഉത്തര വാദിത്തത്തോടയാണ് വകുപ്പ് കുഴൽകിണർ നിർമ്മിച്ച്
വരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ സ്വകാര്യ കുഴൽ കിണർ നിർമാണ ലോബിയുടെ
നിരന്തര സമ്മർദ്ദഫലമായാണ് വകുപ്പിന്റെ നിലവിലെ അവസ്ഥക്ക് കാരണമെന്ന്
ആക്ഷേപം ഉയർന്നിട്ടുണ്ട്. ജീവനക്കാർക്ക് തന്നെ ശമ്പളം പോലും ലഭിക്കാത്ത
അവസ്ഥയാണ്. ഡീസൽ വാങ്ങാൻ പണമില്ലാതെ വകുപ്പിന്റെ രണ്ട് കുഴൽ കിണർ നിർമാണ
യൂണിറ്റുകളും മീനങ്ങാടി ഓഫിസിന്റെ മുന്നിൽ പാതയോരത്ത് നിർത്തിയിട്ട
നിലയിലാണ്. വകുപ്പിന്റെ കീഴിൽ കരാർ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും
പ്രതിഫലം ലഭിച്ചിട്ടില്ല. ക്രിസ്മസ് അടുത്തിട്ടും നവംബർ മാസത്തിലെ ശമ്പളം
പോലും മാറി നൽകാത്തതിനാൽ ജീവനക്കാരും കരാർ തൊഴിലാളികളും ദുരിതത്തിലാണ്.
സ്വകാര്യ കുഴൽ കിണർ കരാറുകാർക്ക് സഹായം ഒരുക്കുന്നതിനും ജില്ലയിലെങ്ങും
അനധികൃത കുഴൽ കിണർ നിർമാണങ്ങൾ തകൃതിയായി നടത്തുന്നതിനും ആയുളള വഴി വിട്ട
നീക്കം ഉപേക്ഷിച്ച് ജില്ലാ ഓഫിസറെയും എൻജിനീയറെയും ഉടൻ നിയമിക്കണമെന്നാണ്
ജീവനക്കാരുടെ ആവശ്യം.






Leave a Reply