ഒടുവിൽ സൈന്യം രക്ഷകരായെത്തി.: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് വയനാട്
വയനാട്ടിൽ തുടർച്ചയായി പ്രളയക്കെടുതി : മണ്ണിനടിയിൽപ്പെട്ട ഒരാൾ കൂടി മരിച്ചു.: സൈന്യം രക്ഷാപ്രവർത്തനം തുടങ്ങി.
കൽപ്പറ്റ:
വയനാട്ടിലെ പ്രളയക്കെടുതിക്ക് ശമനമില്ല. നാല് പേർ മരിക്കുകയും 18 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്ത ദുരിതത്തിൽ 530 വീടുകൾ ഭാഗികമായി തകർന്നു. 137 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനയ്യയായിരത്തിലധികം പേരെ മാറ്റി താമസിപ്പിച്ചു.
കൽപ്പറ്റ വെള്ളാരം കുന്നിൽ മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത യുവാവ് മരിച്ചു .മേപ്പാടി വാറക്കോടൻ ഷൗക്കത്തലി (30) ആണ് മരിച്ചത് വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിലാണ് സമീപത്ത് ഗുജറി നടത്തുന്ന ഷൗക്കത്ത് മണ്ണിൽ പെട്ടത് ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 .15 ഓടെ മിടിപ്പുകളോടെ കണ്ടെത്തി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഈ മഴക്കാലത്ത് ഇത് വരെ 2669.27 മില്ലിമീറ്റർ മഴ ലഭിച്ചു. കാരാപ്പുഴയിൽ സമുദ്ര നിരപ്പിൽ നിന്ന് 758.2 മീറ്റർ ഉയരത്തിലും ബാണാസുര സാഗർ ഡാമിൽ 775.6 മീറ്റർ ഉയരത്തിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തിയതാണ് ദുരിതം വർദ്ധിച്ചത്. കോട്ടത്തറ പഞ്ചായത്തിലും പനമരത്തും വടക്കേവയനാട്ടിലെ വിവിധ പ്രദേശങ്ങളിലും സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന രക്ഷാപ്രവർത്തന പുറമെയാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും എയർ ഫോഴ്സ്, നാവിക സേന അംഗങ്ങളും സേവനത്തിനിറങ്ങിയിട്ടുള്ളത്.
കബനി നദി കരകവിഞ് ഒഴുകിയതിനെ തുടർന്ന് കുറുവ ദ്വീപിന് സമീപം ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ റവന്യൂ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം നാവിക സേന രക്ഷപ്പെടുത്തി. രാവിലെ കബനിക്ക് സമീപം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട ആറ് പേരും രക്ഷപ്പെട്ടു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പാൽ വെളിച്ചം കക്കേരി യിൽ അഞ്ച് ആദിവാസി കുടുംബങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
വിവിധ ദുരിത ബാധിത പ്രദേശങ്ങളിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശനം നടത്തി. കലക്ട്രേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.
കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി രണ്ട് പേർ മരിച്ച മക്കിമലക്ക് സമീപം വീണ്ടും പല ഭാഗങ്ങളിലായി മണ്ണിടിച്ചിൽ ഉണ്ടായി.
മലവെള്ളപ്പാച്ചിലിൽ തലപ്പുഴ വ്യാഴാഴ്ചത്തേതു പോലെ വെള്ളിയാഴ്ചയും വെള്ളപ്പൊക്കമുണ്ടായി. വയനാം പാലം തകർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. പുഴ ഗതി മാറി ഒഴുകുകയാണ്. ഉരുൾപ്പൊട്ടൽ ഉണ്ടായ മക്കി മലയിൽ റോഡിൽ ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് മാറ്റി. മുൻ മന്ത്രി പി.കെ. ജയലഷ്മിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്ററും വിവിധ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.വയനാട് ജില്ലയെ അതീവ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നും ഒരു മന്ത്രിക്ക് വയനാടിന്റെ പ്രത്യേക ചുമതല നൽകണമെന്നും എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.
ജി.എസ്.ടി. വകുപ്പിലെ ഉദ്യോഗസ്ഥർ ഓണാഘോഷത്തിന് നീക്കിവെച്ച പണമുപയോഗിച്ച്
കോട്ടത്തറ പ്രദേശത്ത് 101 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തു.
പുളിഞ്ഞാൽ സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസക്യാമ്പിൽ മക്കിയാട് ഹോളിഫെയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ പുതുവസ്ത്രങ്ങളും പുതപ്പുകളും എത്തിച്ചു നൽകി. ക്യാമ്പിലുള്ളവർക്ക് ആശ്വാസമായി ഇന്ന് രാവിലെയാണ് വിദ്യാർത്ഥികളെത്തിയത്.നിരവധി സ്ഥാപനങ്ങളും സംഘടനകളും സഹായ ഹസ്തവുമായി വയനാട്ടിലെത്തിയിട്ടുണ്ട്.






Leave a Reply