നൂറ് കണക്കിന് കുടുംബങ്ങൾക്ക് സാന്ത്വനവും സഹായവും നൽകി തമിഴ് മക്കൾ മടങ്ങി.
കോട്ടത്തറ:
പ്രളയബാധിത പ്രദേശമായ കോട്ടത്തറ പഞ്ചായത്തിന് സാന്ത്വനവുമായി തമിഴ്നാട് കൊടൈക്കനാൽ സ്വദേശികളായ ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. വെണ്ണിയോട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ സെല്ലിന്റെ കീഴിലായി ഊണും ഉറക്കവും ഒഴിച്ച് കയ്യും മെയ്യുംമറന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ദുരിതമേഖലക്ക് വേറിട്ടോരു കാഴ്ചയും സന്ദേശവുമായി മാറി.
നാല് ദിവസമായി ദുരിതാശ്വാസ സെല്ലെരുക്കിയ കെട്ടിടത്തിൽ ഭക്ഷണം പാകം ചെയ്തു കഴിച്ചും അരപ്പട്ടിണികിടന്നും അർഹരെ കണ്ടെത്തി ഭക്ഷ്യവസ്തുക്കൾ തലച്ചുമടായി എത്തിച്ചുകൊടുത്തും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ഗ്രാമീണ മനസ്സുകളിൽ മനുഷ്യസ്നേഹത്തിന്റെ ഇരിപ്പിടം ഒരുക്കി. അവർ നാട്ടുകാരോട് നിറകണ്ണുകളോടെ യാത്ര ചോദിച്ചു മടങ്ങി.
വീണ്ടും വരാമെന്ന ആശ്വാസവാക്കുകളോടെ,
സ്വന്തം ഊരിലേ കച്ചവടക്കാരനായ വയനാട്ടുകാരനായ നൗഷാദിൽനിന്നാണ് വയനാടിന്റെ വിശപ്പിനെക്കുറിച്ച് ഇവരറിയുന്നത്.
പിന്നീട് ഉള്ളതല്ലൊം കെട്ടിയെടുത്ത് ഒരു ലോഡ് അവശ്യസാധനങ്ങളുമായി കൊടൈക്കനാൽ തഹ്സിൽദാർ രമേഷിന്റെ സാനിധ്യത്തിൽ നാട്ടുകാരുടെ ആശിർവാദത്തോടെ ദുരിതമേഖല തേടി വെണ്ണിയോടെത്തുകയായിരുന്നു.
അപ്പോഴേക്കും തമിഴ് മക്കളുടെ അയൽപക്ക സ്നേഹത്തേ വരവേൽക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമയും അവർക്ക് സൗകര്യമൊരുക്കാൻ ദുരിതാശ്വാസ സെല്ല് സാരഥികളായ ഗഫൂർ വെണ്ണിയോടും കെ .കെ മുഹമ്മദലിയും പി.സുരേഷും വാർഡ് മെമ്പർ വി.അബ്ദുൾ നാസറും കാത്തിരിപ്പുണ്ടായിരുന്നു.
അന്നംമുട്ടിയവന് അന്നമെത്തിക്കാൻ വെളുപ്പാൻ കാലത്ത് ഊര് തേടിയിറങ്ങുന്ന ഈ തമിഴ് മക്കൾ പ്രദേശത്തേക്കിറച്ചുള്ള നാട്ടറിവുകൾ തേടുകയും കെടുതിയുടെ തീരാക്കയത്തിൽനിന്നും കൂലിയും വേലയും ഇല്ലാതെ പോയവരുടെ കൈപിടിച്ചുയർത്താൻ" അണ്ണാറക്കണ്ണനും തന്നാലായത്''ചെയ്യാൻ കഴിയുമോ എന്ന ചിന്തയിലാണ് നാട്ടിലേക്ക് തിരിക്കുന്നത്.
12 അംഗ സംഘത്തെ നയിച്ച മൈക്കിളും വിനോദും മലയാളി വേരുള്ള നൗഷാദുമൊക്കെ ഈ നാടിന്റെ നല്ല മനസ്സിൽ കൂടുകൂട്ടാൻ വീണ്ടും വിരുന്നെത്തും.
(ഗഫൂർ വെണ്ണിയോട്)








Leave a Reply