March 29, 2024

കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര നാളെ വയനാട്ടില്‍; മൂന്നിടത്ത് ആവേശോജ്വല സ്വീകരണം

0
കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ആവേശോജ്വല സ്വീകരണമൊരുക്കുമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.  ശനിയാഴ്ച  ഉച്ചക്ക് രണ്ട് മണിയോട് കൂടി മാനന്തവാടി ബോയ്‌സ് ടൗണിലെത്തുന്ന കെ സുധാകരനെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളും, നേതാക്കളും, പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. സ്വീകരണത്തിന് ശേഷം മൂന്ന് മണിയോട് കൂടി മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. മാനന്തവാടിയിലെ പരിപാടിക്ക് ശേഷം സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് നടവയലില്‍ യാത്രയെ സ്വീകരിക്കും. തുടര്‍ന്ന് നാല് മണിയോട് കൂടി ബത്തേരി ഗാന്ധിജംങ്ഷനില്‍ നടക്കുന്ന പൊതുപരിപാടിയില്‍ കെ സുധാകരന്‍ സംസാരിക്കും. ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെത്തുന്ന യാത്രയെ വൈകിട്ട് അഞ്ച് മണിയോടെ കൈനാട്ടിയില്‍ സ്വീകരിക്കും. തുടര്‍ന്ന് വിജയ പമ്പ് പരിസരത്ത് നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട്  സി പി എമ്മും ബി ജെ പിയും രാഷ്ട്രീയം കളിക്കുകയാണ്. ശബരിമല ബി ജെ പിക്ക് വീണുകിട്ടിയ അജണ്ടയാണെന്ന് ആ പാര്‍ട്ടിയുടെ പ്രസിഡന്റ് തന്നെ പറഞ്ഞിരിക്കുകയാണ്. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട കേരളത്തിലെ ബി ജെ പി നടത്തുന്ന സമരങ്ങള്‍ വിശ്വാസികളെ വഞ്ചിക്കുന്നതും, രാഷ്ട്രീയനേട്ടത്തിനും വേണ്ടിയുള്ളതാണ്. ശബരിമലയില്‍ നിശ്ചിതപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കോടതിവിധി ആചാരാവുഷ്ഠാനങ്ങള്‍ക്ക് എതിരാണെങ്കില്‍ വിശ്വാസസംരക്ഷണത്തിനായി ആ വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ട ദേവസ്വംബോര്‍ഡിനെ സി പി എം ഭീഷണിപ്പെടുത്തി പിന്മാറ്റുകയാണ്. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നുവെന്ന് മനസിലായിട്ടും ദേവസ്വം ബോര്‍ഡിനെ കൊണ്ട് ഒരു  റിവ്യു ഹര്‍ജി കൊടുക്കാന്‍ പോലും അനുവദിക്കാത്ത സി പി എം ശബരിമലയിലുണ്ടാകുന്ന സമാധാന തകര്‍ച്ചക്ക് കൂടി ഉത്തരവാദിത്വം പറയണമെന്നും നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ക്ക് ആശ്വാസ്യകരമല്ലാത്ത വിവിധ കോടതിവിധികള്‍ നടപ്പിലാക്കാത്ത സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിക്കുന്ന കടുംപിടുത്തം ലക്ഷകണക്കിന് വരുന്ന കേരളത്തിലെ ഭക്തജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും, കോണ്‍ഗ്രസ് എല്ലാകാലത്തും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ കെ പി സി സി അംഗങ്ങളായ കെ എല്‍ പൗലോസ്, പി പി ആലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മാണി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *