തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്ര സർക്കാര്‍ കാണിക്കുന്ന കർഷക പ്രേമം കപടം – ജനാധിപത്യ കേരള കോൺഗ്രസ്
മാനന്തവാടി:
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കും പെട്ടെന്നുണ്ടായ കർഷക പ്രേമം കപട നാടകവും, കടുത്ത വഞ്ചനയുമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്. എ.ജെ. ജോസഫ് .
രാജ്യം ഭരിക്കുന്ന മോദി സർക്കാർ കർഷകന്‍റെ നടുവൊടിക്കുന്ന നയങ്ങളുമായിട്ടാണ് മുമ്പോട്ട് പോകുന്നത്. കർഷക താൽപ്പര്യമല്ല മറിച്ച് കോർപ്പറേറ്റ് വൽക്കരണമാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ നടന്ന കർഷക പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിൽ വന്നാൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി കാർഷിക വിളകൾക്ക് മതിയായ ലാഭം ഉറപ്പാക്കാമെന്നു പറഞ്ഞ മോദിയും, അധികാരത്തിലിരുന്ന കാലഘട്ടത്തിൽ റബ്ബർ ഇറക്കുമതി,കസ്തൂരിരംഗൻ റിപ്പോർട്ട്, പട്ടയപ്രശ്നം തുടങ്ങി വിവിധ കാർഷിക പ്രശ്നങ്ങളുടെ നേരെ കണ്ണടച്ച ചില പ്രാദേശിക ദേശീയ പാർട്ടികളും വർഷങ്ങളായി കർഷകരെ വഞ്ചിക്കുകയായിരുന്നു എന്ന്. യോഗം ആരോപിച്ചു. തെറ്റായ റബ്ബർ ഇറക്കുമതിയിലൂടെയും, ജി.എസ്.ടി-യിലൂടെയും നോട്ട് നിരോധനത്തിലൂടെയും കാർഷിക മേഖലയെ തകർത്ത മോദി സർക്കാർ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത് 6 ശതമാനം തുക മാത്രമാണ്. സർഫാസി ആക്ടിന്‍റെ മറവിലും, മറ്റു മാർഗ്ഗങ്ങളിലൂടെയും വായ്പ എടുത്ത വയനാട്ടിലെ എണ്ണായിരത്തോളം വരുന്ന കർഷകരുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്ന ബാങ്കുകളുടെ നീക്കം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ട് ശതമാനം വരുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുവാൻ ബഡ്ജറ്റിന്‍റെ തൊണ്ണൂറു ശതമാനംചിലവഴിക്കുന്ന സർക്കാരുകൾ രാജ്യത്തെ80% വരുന്ന കർഷകർക്കുവേണ്ടി ബജറ്റിന്‍റെ 20 ശതമാനമെങ്കിലും വകയിരുത്തണം എന്നും യോഗം ആവശ്യപ്പെട്ടു.
പ്രളയകാലത്ത് കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം പൂർണമായി വിതരണം ചെയ്യുക, കാർഷികകടങ്ങൾ പൂർണ്ണമായും എഴുതിതള്ളുക. കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കാർഷിക പാക്കേജും ആശ്വാസ പദ്ധതികളും കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിക്കുക, സ്വാമിനാഥൻ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കുക, ഏക്കർ ഒന്നിന് ഒരു ലക്ഷം രൂപ പലിശരഹിത വായ്പയായി കർഷകർക്ക് അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധ സദസ്സിൽ ഉന്നയിച്ചത്. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.എ ആന്‍റണി അധ്യക്ഷതവഹിച്ചു. അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, വിൽസൺ നെടുംകൊമ്പിൽ, സുനിൽ അഗസ്റ്റിൻ, ജോർജ് ചാമക്കാല, വി.എം.ജോസ്, ജോർജ് ഊരാശ്ശേരി, അനീഷ് സി.ജെ. പൗലോസ് കെ. എം., റെജി.കെ.വി, ജോസഫ് കാവാലം, ടി.പി കുര്യാക്കോസ്, സാബു ചക്കാലക്കുടി, സിബി ജോൺ, പീറ്റർ എം.പി, ജോസ് എ.സി, കുര്യൻ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply