April 25, 2024

മഹാത്മാഗാന്ധിയുടെ പാർട്ടിയും ഗോഡ്‌സെയുടെ പാർട്ടിയും തമ്മിലുള്ള അകലം കുറഞ്ഞു : ബിനോയ്‌ വിശ്വം

0
Img 20190414 Wa0077
 
കൽപറ്റ: കോൺഗ്രസ്സ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയതായും 1991 ലെ ബേപ്പൂർ വടകര മണ്ഡലങ്ങളിലെ സഖ്യം പോലെ യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയതായും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്‌ വിശ്വം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പാർട്ടിക്ക് ഗോഡ്‌സെയുടെ പാർട്ടിയുമായുള്ള അകലം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രെസ്സ് ക്ലബ്ബിന്റെ മീറ്റ് ദി പ്രെസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പ്രചാരണമാണ് കേരളത്തിൽ മുഴുവൻ എൽഡിഎഫ് പ്രവർത്തകർ നടത്തിയത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടാൻ ആശയപരമായും രാഷ്ട്രീയമായും സുനീർ ശക്തനാണ്. വയനാട് മണ്ഡലത്തിൽ ഇന്നലെ ഒരു ലക്ഷം വളണ്ടിയർമാരാണ് ക്യാമ്പയിൻ നടത്തിയത്. ഒറ്റ ദിവസം കൊണ്ട് മണ്ഡലത്തിലെ എല്ലാ വീടുകളിലും പ്രചാരണം എത്തി. രാഹുൽഗാന്ധി വയനാട്ടിൽ ഇടതുമുന്നണിക്കെതിരെ സ്ഥാനാർത്ഥിയായത്. ഇന്ത്യൻ രാഷ്ട്രീയ മൂല്യം തിരിച്ചറിയാതെയാണ്. ബിജെപി വെറും രാഷ്ട്രീയ പാർട്ടിയല്ല. ആർഎസ്എസ് പ്രത്യയ ശാസ്ത്രം തുടരുന്ന പാർട്ടിയാണ്, ഫാസിസ്റ്റുമാണ്. ഇവരിലേക്ക് ഭരണം പോകരുത്. കോൺഗ്രസിനിപ്പോഴും അറിയില്ല ഇന്ത്യയിലെ പ്രധാന ശത്രു ആരാണെന്ന്. ബിജെപിക്ക് സ്വാധീനമില്ലാത്ത വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ തങ്ങളുടെ മുഖ്യശത്രു ബിജെപിയല്ലെന്ന് കോൺഗ്രസ്‌ തെളിയിച്ചു.  കോൺഗ്രസുകാർ വീണ്ടും നെഹ്‌റുവിനെ പഠിക്കണം. അവർക്കപ്പോൾ മനസിലാകും ഇടതല്ല  ആർഎസ്എസ് ആണ് ശത്രുവെന്ന്.  കേരളത്തിൽ ബിജെപി മുഖ്യപാർട്ടിയല്ല. ഇവിടെ രാഹുലിനെ കോൺഗ്രസ് കെണിയിലാക്കിയിരിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഇടതു വിരുദ്ധ പ്ലാറ്റ്‌ഫോമിൽ സഖ്യം ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സർവ്വേകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. കമ്പോള ശക്തികളാണ് സർവേ നടത്തുന്നത്. എൽഡിഎഫിനെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇടതിന്റെ രാഷ്ട്രീയത്തെ ഭയപ്പെടുന്നവരാണ് ഇതിന് പിന്നിൽ. ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട്  എന്താണ്  കാര്യമെന്നാണ് ചിലർ ചോദിക്കുന്നത്. ജയിച്ചു പോവുന്ന ഓരോ എംപിമാരും ബിജെപിയെ തടയാൻ കരിമ്പാറ പോലെ പാർലിമെന്റിൽ ഉണ്ടാകും. മിക്കവാറും ഇത്തവണ കൂട്ടു പാർലിമെന്റായിരിക്കും ഉണ്ടാവുക. ബിജെപി എംപിമാർക്ക് വില പറയുമ്പോൾ ഞങ്ങൾ കോൺഗ്രസ്സ് വിടില്ലെന്ന് പറയുന്ന എത്ര എംപിമാരുണ്ടാകും. ഒറ്റയാൾ പോലും ഉണ്ടാകില്ല. ഈ ഭൂമുഖത്തെ മുഴുവൻ സ്വത്തും വെച്ചാലും ആദർശങ്ങളെയും വിശ്വാസങ്ങളെയും തള്ളിക്കളയാൻ ഒറ്റ ഇടതുപക്ഷ എംപിമാരെയും കിട്ടില്ല. ബിജെപിയെ തടയാൻ കോൺഗ്രസ്‌ അല്ല ഇടതുപക്ഷമാണ് ജയിക്കേണ്ടതെന്നും ബിനോയ്‌ വിശ്വം എംപി പറഞ്ഞു. 
പ്രസ്സ് ക്ലബ്‌ പ്രസിഡന്റ് പ്രദീപ്‌ മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു. എം കമൽ സ്വാഗതവും ടിഎം ജെയിംസ് നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയും ബിനോയ്‌ വിശ്വത്തോടൊപ്പം ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *