April 16, 2024

ദുരിതങ്ങൾക്കിടയിൽ മനക്കരുത്ത് പകരാന്‍ ഹൃദയഹസ്തം .

0
Img 20190819 Wa0295.jpg

       ഉരുള്‍പൊട്ടലും പ്രളയവും ദുരിതം വിതച്ച വയനാടിനു മനക്കരുത്ത് പകരാന്‍ കണ്ണൂരില്‍ നിന്നുമുള്ള മാനസികരോഗ വിദഗ്ധരുടെ സംഘം ജില്ലയിലെത്തി. കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും കണ്ണൂര്‍ സര്‍വ്വകലാശാല അംഗീകൃത സ്ഥാപനമായ ഹൃദയാരാം കമ്മ്യുണിറ്റി കോളേജ് ഓഫ് കൗണ്‍സലിങിന്റെയും നേതൃത്വത്തിലാണ് കൗണ്‍സലിങ്, സൈക്കോ തെറാപ്പി വിദഗ്ധരുടെ മുപ്പതംഗസംഘം ജില്ലയില്‍ എത്തിയത്. 'ഹൃദയഹസ്തം' മാനസിക ശാക്തീകരണം എന്ന പദ്ധതിയിലൂടെ ഉരുള്‍പൊട്ടലിനും പ്രളയത്തിനും ശേഷമുണ്ടാകുന്ന വിവിധ മാനസിക പ്രശ്നങ്ങള്‍ക്ക് വിവിധ തെറാപ്പികളിലൂടെ ശാസ്ത്രീയമായ പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. മേപ്പാടി പുത്തുമലയില്‍ ദുരിതബാധിതരായവരുടെ മാനസികനില വീണ്ടെടുക്കാന്‍ വീടുകള്‍തോറും കയറി ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെത്തി പൊതുവായി കാണപ്പെടുന്ന മാനസിക പ്രശ്‌നങ്ങളും  പരിശോധിക്കും.

    ഹൃദയാരാം കമ്മ്യുണിറ്റി കോളേജില്‍ നിന്നും കൗണ്‍സലിങ് സൈക്കോളജിയില്‍ ബിരുദമെടുത്ത കന്യാസ്ത്രീകള്‍, പൊലീസുകാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ് സംഘത്തിലുള്ളത്. വയനാട് നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ആദ്യഘട്ടത്തില്‍ മൂന്നു ദിവസം 'ഹൃദയഹസ്തം' ശാക്തീകരണ പരിപാടിയും സംഘടിപ്പിക്കും. തിങ്കളാഴ്ച ഉച്ചയോടെ എത്തിയ സംഘം പുത്തുമല പ്രദേശം സന്ദര്‍ശിച്ചു. 
ജില്ലാ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, എ.ഡി.എം കെ. അജീഷ്, ഡി.എം.ഒ ആര്‍. രേണുക, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) മുഹമ്മദ് യൂസഫ് എന്നിവര്‍ സംസാരിച്ചു. ഹൃദയാരാം കമ്മ്യുണിറ്റി കോളേജ് ഓഫ് കൗണ്‍സലിങിന്റെ ഡയറക്ടര്‍ സിസ്റ്റര്‍ ട്രീസ പാലക്കല്‍ പദ്ധതി വിശദീകരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *