April 25, 2024

പെട്ടന്ന് തിരിച്ചുകൊണ്ടുവരാനാവാത്ത വിധം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നുവെന്ന് രാഹുൽഗാന്ധി.

0
03.jpg
കല്‍പ്പറ്റ: പെട്ടന്ന് തിരിച്ചുകൊണ്ടുവരാനാവാത്ത വിധം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നുവെന്നും  രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ധനമന്ത്രിയടക്കമുള്ളവര്‍ക്ക് സാധിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് രാഹുല്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി തകരാനിടയായ സാഹചര്യങ്ങള്‍ അക്കമിട്ട് നിരത്തി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ വിലകയറ്റം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ധനമന്ത്രിക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. ഉള്ളയുടെ വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ ഉള്ളി കഴിക്കാറില്ലെന്നാണ് പറയുന്നത്. രാജ്യത്തെ സാമ്പത്തികസ്ഥിതി തകര്‍ന്നുവെന്ന് മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരവും നഷ്ടമായിരിക്കുകയാണ്. രാജ്യത്തെ കര്‍ഷകരും യുവജനങ്ങളുമെല്ലാം വന്‍ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍, ടെലികോം മേഖലകളെല്ലാം തന്നെ തകര്‍ന്നുകഴിഞ്ഞു. നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയവ സ്വന്തം ഇഷ്ടപ്രകാരം നടപ്പിലാക്കിയതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പതിറ്റാണ്ടുകള്‍ കൊണ്ട് യു പി എ സര്‍ക്കാര്‍ രാജ്യത്തെ വന്‍ സാമ്പത്തികശക്തിയായി വളര്‍ത്തിയെടുത്തു. എന്നാല്‍ സാമ്പത്തികവളര്‍ച്ച ഒമ്പത് ശതമാനത്തില്‍ നിന്നും നാലിലെത്തി നില്‍ക്കുകയാണ്. ജനങ്ങളെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. മറിച്ച് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അദ്ദേഹം പറയുന്നത് മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നു. പ്രധാധമന്ത്രി ചെയ്യേണ്ടത് കര്‍ഷകര്‍, വ്യവസായികള്‍, യുവജനങ്ങള്‍ എന്നിവരോട് അനുഭവിക്കുന്ന വിഷയങ്ങള്‍ ചോദിച്ചറിഞ്ഞ് അതിന് പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കുകയെന്നതാണ്. എന്നാല്‍ ചെയ്യുന്നതാവട്ടെ ജനങ്ങളില്‍ പകയും വിദ്വോഷവും അടിച്ചേല്‍പ്പിക്കാനാണ്. എവിടെ പകയും വിദ്വോഷവും വളര്‍ത്തുന്നുവോ അവിടെയെത്തി സ്‌നേഹം കൊണ്ട് ജനങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം തയ്യാറാകണമെന്നും, എവിടെയൊക്കെ മുറിവുണ്ടാകുന്നുവോ അവിടെയെല്ലാം ബാന്റേജുമായി പോയി അതുണക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി പി എ കരീം, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, കെ സി റോസക്കുട്ടിടീച്ചര്‍, പി കെ ജയലക്ഷ്മി, പി പി ആലി, കെ കെ അബ്രഹാം തുടങ്ങിയ നിരവധി നേതാക്കള്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *