March 28, 2024

“ബീഫ് ഫ്രൈയിലെ ആ വിചിത്രമായ എല്ല് ” ബീഫിന്റേത് തന്നെ: പരിശോധനാ ഫലം പുറത്ത്.

0
  
       കഴിഞ്ഞ രണ്ടാഴ്ചക്കാലം ഫെയ്സ് ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും മലയാളികൾ ഏറെ ചർച്ച ചെയ്ത സംഭവം.  പരാതിക്കാരൻ മാനന്തവാടി കാട്ടിക്കുളത്തുള്ള ഒരു ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് ഫ്രൈയിൽ അസ്വാഭാവികമായ ഒരു എല്ല് കാണുന്നു.പൊതു ജനാഭിപ്രായം  ആരായുന്നതിന് ഫെയ്സ് ബുക്കിൽ ചിത്രം  സഹിതം പോസ്റ്റിടുന്നു…. …… തുടർന്ന് സ്ഥലത്തെ ഒരു  വെറ്ററിനറി ഡോക്ടർ ശാസ്ത്രീയമായ പരിശോധനകൂടാതെ നൽകിയ 
 " വിദഗ്ദ്ധ ഉപദേശം  " പോത്തിന്റെ എല്ല് അല്ല എന്ന് അഭിപ്രായപ്പെടുന്നു !!! അതോടൊപ്പം സോഷ്യൽ മീഡിയ " വിദഗ്ദ്ധരും" പോത്തിന്റെ എല്ല് അല്ല എന്ന് അഭിപ്രായപ്പെടുന്നു, തുടർന്ന് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കുറ്റപ്പെടുത്തിയും, തെരുവുനായ്ക്കളുടെ തിരോധാനം, ഹോട്ടലിലൂടെ പട്ടിയിറച്ചി വിൽപ്പന നടത്തുന്നു, പേ പിടിച്ച നായ്ക്കളുടെ വരെ മാംസം ഉപയോഗിക്കുന്നു, നായ്ക്കളുടെ അറുത്ത തല ഹോട്ടലിന് സമീപം കാണുന്നു, ബീഫ് നിരോധിക്കണം, ഉദ്യോഗസ്ഥർക്ക് രാഷ്ട്രിയ ബന്ധം…….. തുടങ്ങി ഓൺലൈൻ ചാനൽ വിദഗ്ദ്ധരുടെ വാർത്തകളും കേരള ജനത പരസ്പരം ഷെയർ ചെയ്ത് ആഘോഷിച്ചു. ഫലമോ ബീഫ് കഴിക്കുന്നവരിൽ പരിഭ്രമവും. ആശങ്കയും,അറപ്പും ഉണ്ടാക്കുവാനും, പ്രളയവും സാമ്പത്തിക മാന്ദ്യവും മൂലം കഷ്ടപ്പെടുന്ന ഭക്ഷ്യ വ്യാപാര മേഖല തകർക്കുന്നതിനും, നമ്മുടെ നാടിനെക്കുറിച്ച് പ്രത്യേകിച്ച് വയനാടിനെക്കുറിച്ച് മറ്റുള്ളവരുടെ ഇടയിൽ അവമതിപ്പ് ഉണ്ടാക്കുവാനും, ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനും ഉപകരിച്ചു. 
             പാകം ചെയ്ത മാംസം ഏത് മൃഗത്തിന്റേതാണ് എന്ന് വിദഗ്ദ്ധ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ലാബുകളിലെന്നല്ല കേരളത്തിലെ ഒരു ലാബിലും സംവിധാനമില്ല. മറിച്ച് ആവശ്യമെന്ന് തോന്നുന്ന പക്ഷം കേരളത്തിന് പുറത്തുള്ള വിദഗ്ദ്ധ ലാബുകളെയാണ് ആശ്രയിക്കാറ്.  മേൽ സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരനിൽ നിന്നും രേഖാമൂലം പരാതിയും സാമ്പിളും ലഭിച്ചയുടൻ  തന്നെ സാമ്പിൾ വിദഗ്ദ്ധ പരിശോധനക്കായി ഹൈദരാബാദിലുള്ള MSIL ICAR  നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ് എന്ന സ്ഥാപനത്തിലേക്ക്  നിശ്ചിത ഫീസ് അടക്കം ( പതിനായിരം രൂപ) വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും അയച്ചിട്ടുള്ളതാണ്. ആയതിന്റെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. സാമ്പിൾ DNA Molicular അനാലിസിസ് നടത്തിയാണ് ബീഫ്  തന്നെ എന്ന് സ്ഥിരീകരിച്ചത്.
   ഇതുപോലെ സങ്കീർണ്ണമായ ഒരു പരാതിയിൻമേൽ ഫലം  നിർണ്ണയിക്കേണ്ടതും, നിഗമനത്തിലെത്തേണ്ടതും  ശാസ്ത്രീയ പരിശോധനയ്ക്ക്  ശേഷം മാത്രമാണ്. അല്ലാതെ ചിത്രം നോക്കിയും, രുചിച്ചും മണത്തും നോക്കിയും. പൊതുജനാഭിപ്രായം ആരാഞ്ഞുമല്ല എന്ന് വിനയപൂർവ്വം അറിയിക്കട്ടെ. ഒരുവന്  ഉത്തമ വിശ്വാസമില്ലാത്ത അഭിപ്രായങ്ങളും .കണ്ടെത്തലുകളും പ്രചരിപ്പിക്കുക വഴി മറ്റുള്ളവർക്ക് ഭീമമായ കഷ്ടനഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് ഇനിയെങ്കിലും മനസിലാക്കുക,
     കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അസൂയാവഹമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിവിധ ഭക്ഷ്യ വ്യാപാര മേഖലയിലെ പരിശോധനകൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ.. സംസ്ഥാന സർക്കാരിന് കീഴിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിന് രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ പ്രഥമസ്ഥാനം ലഭിക്കാനിടയായത്. പരിമിതികൾ ഇല്ല എന്നല്ല പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഏത് പരാതിയും സമയബന്ധിതമായി പരിശോധിക്കുവാനുള്ള സംവിധാനം ഇന്ന്  കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഉണ്ട് എന്ന് നിസംശയം പറയുവാൻ സാധിക്കും. അത് കൊണ്ട് മാത്രമാണല്ലോ മറ്റേത് സംസ്ഥാനങ്ങളിൽ നിന്നും  വിഭിന്നമായി കേരളത്തിലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ എവിടെ നിന്നും ധൈര്യപൂർവ്വം ഭക്ഷണം കഴിക്കുവാൻ സാധിക്കുന്നത്.
(പി.ജെ.വർഗീസ്
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, വയനാട്.
"അഭിപ്രായങ്ങൾ വ്യക്തിപരം" )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *