2027 ൽ കേരളത്തിൽ SDPI MLA വരും


Ad
2027 ൽ കേരളത്തിൽ SDPI MLA വരും.
എസ്ഡിപിഐ  മണ്ഡലം വൈസ് പ്രസിഡൻറ് ബബിത ശ്രീനുവാണ്  ഇത്തവണമാനന്തവാടി  മണ്ഡലത്തിൽ മൂന്ന് പ്രധാന മുന്നണികൾക്കെതിരെ   മത്സരം കാഴ്ചവയ്ക്കുന്നത്. ബബിതയുടെ ഭർത്താവ് ശ്രീനു 2009 ൽ പ്രസ്ഥാനം രൂപീകൃതമായ കാലം തൊട്ടുതന്നെ സജീവ എസ്ഡിപിഐ പ്രവർത്തകനാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ സാധ്യതകളുടെയും അംഗബലത്തിന്റെയും രാഷ്ട്രീയക്കരുത്തിന്റെയും  ആത്മവിശ്വാസം കലർന്ന അവകാശവാദങ്ങളോടെ ബബിത ശ്രീനു ന്യൂസ് വയനാടിനോട് സംസാരിക്കുന്നു.. 
(അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ )
Q : 2009 ജൂൺ 21ന് എസ്ഡിപിഐ നിലവിൽവന്നു. ശേഷം ഒരുപാട് ഇലക്ഷനെ നിങ്ങൾ നേരിട്ടു . എങ്കിലും ഈ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി എന്ന്  എസ്ഡി പി ഐ സംസ്ഥാന കമ്മിറ്റി  അവകാശപ്പെടുന്നു ? .എന്താണ് ഇതിൻറെ മാനദണ്ഡം ?
Ans : 2016 നെ അപേക്ഷിച്ച് മാനന്തവാടി മണ്ഡലത്തിൽ മാത്രം 2500 വോട്ട് കൂടുതൽ കിട്ടിയിട്ടുണ്ട്.പിലാക്കാവിൽ ഞങ്ങൾ പരാജയപ്പെടാൻ കാരണം ബിജെപിയുടെ വോട്ട് സിപിഎമ്മിന് കൊടുത്തതുകൊണ്ടാണ് .വെള്ളമുണ്ട പഞ്ചായത്തിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണം അവിടെ എസ്ഡിപിഐ നല്ല വോട്ട് പിടിച്ചതുകൊണ്ടാണ്  .
Q : പൊതുവേ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആരോപണം ഉണ്ടല്ലോ ? പ്രഖ്യാപിത ഇടതുപക്ഷവുമായി നിങ്ങൾ ധാരണ ഉണ്ടാക്കിയിട്ട് ആണ് ലീഗിനെതിരെ പടവാളും കൊണ്ട് ഇറങ്ങിയത് എന്ന് ?
Ans :  എസ്ഡിപിഐക്ക്  പ്രഖ്യാപിത രാഷ്ട്രീയ സഖ്യങ്ങളും ആയി യാതൊരുവിധ ധാരണകളും ഇല്ല . ഞങ്ങളുടെ ഏറ്റവും വലിയ അജണ്ട ഇവിടെ ആർഎസ്എസ് എന്ന വർഗീയ കക്ഷി ഇല്ലാതാകണം എന്നതാണ്.  സിപിഎം അവർക്കൊപ്പം നിൽക്കുന്നു , കോൺഗ്രസ് പലപ്പോഴും അവരെ സപ്പോർട്ട് ചെയ്യുന്നു , അമിത്ഷാ കണ്ണുരുട്ടിയപ്പോൾ പേടിച്ച് കുഞ്ഞാലിക്കുട്ടി mp സ്ഥാനം മതിയാക്കി മലപ്പുറത്തേക്ക് തിരികെ വന്നു . പക്ഷേ എസ്ഡിപിഐക്ക് അവരെ ഭയമില്ല .
Q : സുഡാപ്പി , അന്തം ജിഹാദി , സ്യൂഡോ കമ്മി ,  സുഡു മാക്രി ഇങ്ങനെയൊക്കെ  നിങ്ങളെ സ്ഥിരമായി അപഹസിച്ച് അഭിസംബോധന ചെയ്യുമ്പോൾ അവരെ പിച്ചിക്കീറാൻ തോന്നാറുണ്ടോ ? സ്വത്വത്തിന് മേലെയുള്ള ഒരു കടന്നാക്രമണം ആയി തോന്നാറില്ലേ ഇതൊക്കെ ?
Ans : ഞങ്ങൾ ഇതൊക്കെ വളരെ ആരോഗ്യകരമായ തമാശയായിട്ടാണ് എടുക്കുന്നത് .  ഹിന്ദു ഐക്യവേദിയെ എച്ച്.ഐ.വി എന്ന് പലരും കളിയാക്കി വിളിക്കാറില്ലേ ? ഈ വിഷയത്തിൽ ശശികല ടീച്ചർ മാനന്തവാടി പ്രസംഗത്തിൽ വച്ച് ഓപ്പണായി പറഞ്ഞതാണ് അവർക്ക് അതിൽ പരാതി ഇല്ല എന്ന് . വിളിക്കുന്നവർ എന്തെങ്കിലുമൊക്കെ വിളിക്കട്ടെ . കഴമ്പില്ലാത്ത വിമർശനത്തിന്റെ  നാവടക്കലല്ല ഞങ്ങളുടെ അജണ്ട . ഞങ്ങൾ അതൊക്കെ സ്നേഹപൂർവ്വം നിരസിക്കുന്നു .
Q : അതൊന്നുമല്ല അജണ്ട എന്ന് നിങ്ങൾ ആവർത്തിച്ചു പറയുന്നു. സത്യത്തിൽ എന്താണ് നിങ്ങളുടെ അജണ്ട?
Ans : ഇന്ത്യാ മഹാരാജ്യത്തിന്റെ ശത്രുവായ ആർഎസ്എസിനെ രാഷ്ട്രീയമായി നേരിട്ട് ജനാധിപത്യപരമായി ചെറുത്തു തോൽപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ അജണ്ട.
Q : പോരാട്ടത്തിന്റെ നാൾവഴികളിൽ ആയുധം എടുക്കാനും തയ്യാറുള്ള സംഘടനയാണ് എസ്ഡിപിഐ എന്ന് ആരോപണം ഉണ്ടല്ലോ ? നിങ്ങൾ ഇസ്ലാമിക ശാഖകൾ നടത്തുന്നു എന്ന് പലരും പച്ചക്ക് വിളിച്ചു പറയുന്നുണ്ടല്ലോ ? നിങ്ങളുടെ രൂപീകരണ സമയത്ത് ഏറ്റവും കൂടുതൽ പഴയ എൻ.ഡി.എഫ് കാർ ആണ്  കുപ്പായം മാറ്റി വന്നിരിക്കുന്നത് എന്നും ആരോപണമുണ്ടല്ലോ ?
Ans : എൻ.ഡി.എഫ് ഒരു മുസ്ലിം ഓറിയൻറഡ് സംഘടനയാണ് . എസ് ഡി പി ഐ യിൽ എല്ലാ മതവിഭാഗത്തിൽ ഉള്ള ജനങ്ങളും പ്രവർത്തിക്കുന്നു. ബബിത ശ്രീനു എന്ന ഞാൻ എൻഡിഎഫ് കാരി അല്ല .ഇവിടെ മുന്നാക്കം പിന്നാക്കം വിഭാഗീയത ഇല്ല . ആയോധനകലയോ സായുധവിപ്ലവമോ ഞങ്ങളുടെ അജണ്ട അല്ല . 
Q : മാനന്തവാടിയിൽ മൂന്ന് പ്രമുഖ രാഷ്ട്രീയ വിഭാഗങ്ങൾക്കെതിരെ അവരുടെ ശക്തരായ സ്ഥാനാർത്ഥികളെ ക്കെതിരെ നിങ്ങൾ മത്സരിക്കുന്നു. ഈ അവസ്ഥയിൽ ബബിതയ്ക്ക് എന്തുതോന്നുന്നു ? മുട്ടു വിറ ആണോ അതോ ചങ്കുറപ്പ് ആണോ ?
Ans : ഒരു ഭയവുമില്ല. തികഞ്ഞ ആത്മവിശ്വാസം തന്നെയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മേൽപ്പറഞ്ഞ പ്രമുഖ രാഷ്ട്രീയ കക്ഷികളെ ജനാധിപത്യപരമായി ഒന്ന് വിറപ്പിക്കാൻ എസ്ഡിപിഐക്ക് സാധിച്ചിട്ടുണ്ടല്ലോ  ?
Q:  മൂന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികൾ മാനന്തവാടിയിലെ ട്രൈബൽ വിഭാഗങ്ങൾക്ക് പൈപ്പുവെള്ളം കൊടുക്കാം വീടു കൊടുക്കാം കുഴൽ വെളിച്ചം കൊടുക്കാം എന്നൊക്കെ പറയുന്നു . നിങ്ങളുടെ വാഗ്ദാനങ്ങൾ എന്തൊക്കെയാണ് ?
Ans : ഞങ്ങൾ അതും ഇതും പറഞ്ഞു മുങ്ങുന്ന ടീമല്ല . ജയിച്ചു കഴിഞ്ഞാൽ ജനഹിതം അറിഞ്ഞ് എല്ലാം ചെയ്തു കാണിക്കാം എന്ന് വിശ്വസിക്കുന്ന ടീമാണ്. കേരളത്തിൽ എസ്ഡിപിഐ വിജയിച്ചിട്ടുള്ള വാർഡുകളുടെ വികസനം നിങ്ങൾ ഒന്ന് പോയി നോക്കുക. അപ്പോൾ തന്നെ എല്ലാം നിങ്ങൾക്ക് മനസ്സിലാകും .
Q : മെമ്പർഷിപ്പ് ഗ്രാഫ് ഉയർന്നിട്ടുണ്ടോ ? മൃദുസമീപനം ആണ് എന്ന്  ജനങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ ?
Ans : കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് മാനന്തവാടിയിൽ മാത്രം അറുന്നൂറോളം പുതിയ മെമ്പർഷിപ്പ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.മക്കിമല പ്രദേശത്ത് മുസ്ലിങ്ങളല്ലാത്ത വ്യക്തികളാണ് ഏറ്റവും കൂടുതൽ എസ് ഡി പി ഐ യിൽ ചേർന്നത് . 
Q : നിങ്ങൾ ഒരു വൈറസ് പോലെയാണ് കോൺഗ്രസിലും കമ്യൂണിസ്റ്റുകളും എൻഡിഎയിലും  പ്രതിനിധികളെ അയച്ച് ആര് ഭരണത്തിൽ വന്നാലും ഞമ്മളുടെ ആളുണ്ടാകും എന്ന് ഉറപ്പു വരുത്തുന്നു എന്ന ഒരു ആരോപണം ഉണ്ടല്ലോ ? അത് നിഷേധിക്കുന്നുണ്ടോ ?
Ans : സിപിഎമ്മിന്റെ കേഡർ സ്വഭാവം നിങ്ങൾക്ക് അറിയില്ലേ ? അവിടെയൊക്കെ കമ്യൂണിസ്റ്റ് പാർട്ടി മൂന്നുവർഷക്കാലത്തോളം  ഒരാളെ പഠിച്ചിട്ടു മാത്രമേ ബ്രാഞ്ചിൽ പോലും എടുക്കുകയുള്ളൂ . അവരുടെ സംസ്ഥാന കമ്മിറ്റിയിൽ വെറും മുസ്ലിങ്ങൾ മാത്രമല്ല . തമിഴ്നാട്ടിൽ ഞങ്ങൾ ആറ് സീറ്റിൽ മത്സരിക്കുന്നു. മൂന്നു സീറ്റ് ജയം ഉറപ്പാണ്.
Q : പുതിയതായി വരുന്ന പാർട്ടികളെല്ലാം മുതിർന്ന രാഷ്ട്രീയ പാർട്ടികളെ അസിസ്റ്റ് ചെയ്യുകയാണ് പതിവ്. പക്ഷേ നിങ്ങൾ നേരിട്ട് സ്വതന്ത്രമായി മത്സരിക്കുന്നു . അങ്ങനെ ഒരു തീരുമാനം എടുക്കാൻ ഉള്ള കാരണം എന്താണ് ?
Ans : രാജ്യത്തെ പൊളിറ്റിക്കൽ പാർട്ടി എല്ലാം ആർഎസ്എസ്ൻറെ അസിസ്റ്റൻറ് കളാണ് . ഞങ്ങളുടെ സംസ്ഥാന കമ്മിറ്റിക്ക് ഉറപ്പുണ്ട് 2030 ആകുമ്പോൾ കേരളം ആരു ഭരിക്കണം എന്ന് എസ്ഡിപിഐ തീരുമാനിക്കും. 2047 ആകുമ്പോഴേക്കും ഇന്ത്യ രാജ്യം ആരു ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കും. ഈ പറഞ്ഞതിന് അർത്ഥം എസ്ഡിപിഐ യിലൂടെ  ഇന്ത്യക്കാരായ ജനങ്ങൾ എല്ലാ കാര്യവും  തീരുമാനിക്കും എന്നാണ് 
Q : ദളിത് കമ്മ്യൂണിസ്റ്റ് ദളിത് കോൺഗ്രസ്സ് ദളിത് മോർച്ച . അതു പോലെ ദളിത് എസ്ഡിപിഐ ആണോ അതോ , എസ്ഡിപിഐ യിലെ ഒരു സാധാരണ പ്രവർത്തകൻ ജന്മംകൊണ്ട് ദളിത് എന്നാണോ ?
Ans : അവരവരുടെ സ്വത്വം എസ്ഡിപിഐയുടെ രാഷ്ട്രീയം ഞങ്ങൾ അതാണ് പ്രോത്സാഹിപ്പിക്കുന്നത്. സി.ജി. ഉണ്ണി  എന്ന നായർ സമുദായത്തിലെ വ്യക്തി ഞങ്ങളുടെ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ട് . ബബിത എന്ന ഹിന്ദു മത വിശ്വാസിയായ ഞാൻ അമ്പലത്തിൽ പോയി തിരികെ വരുംവരെ മറ്റു മതക്കാരായ സഹപ്രവർത്തകർ പുറത്ത് കാത്തു നിൽക്കാറുണ്ട് . അത്രയേ ഉള്ളൂ.
Q : നിങ്ങളുടെ പാർട്ടി ഘടന സംവിധാനം എങ്ങനെയാണ് ? ഒന്ന് വിശദീകരിക്കാമോ ?
Ans : ബ്രാഞ്ച്, പഞ്ചായത്ത് ,മണ്ഡലം , ജില്ല ,സ്റ്റേറ്റ് ,ദേശീയം ഇങ്ങനെയാണ് ഘടന.
Q : എസ്.ഡി.പി.ഐ യിലെ മുസ്ലീങ്ങൾ നല്ല ഇസ്ലാം ആണ് എന്ന് അവകാശപ്പെട്ടു കേട്ടിട്ടുണ്ട് . ഖലീഫ ഉമറിനെ പോലെ നല്ല ഭരണം കാഴ്ച വെക്കാൻ അവർ ആഗ്രഹിക്കുന്നുവത്രേ . അവരാരും തൊപ്പിയിട്ടു നടക്കുന്നത് കണ്ടിട്ടില്ലല്ലോ ?
Ans : ഖലീഫ ഉമർ തൊപ്പിയിട്ട മനുഷ്യൻ ആയിരുന്നില്ല . അറബികൾക്ക് ഒരു പ്രത്യേക വേഷം ഉണ്ടായിരുന്നു . അത് മരുഭൂമിയിലെ മണൽ കാറ്റിനെ ചെറുക്കാൻ ഒക്കെ ആയിരുന്നു. എസ്ഡിപിഐ ഇന്ത്യൻ ഭരണഘടന ഉൾക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടിയാണ്. ഞങ്ങൾ വേഷം കൊണ്ട് അറേബ്യയും നാക്കുകൊണ്ട് ഇന്ത്യയും പ്രവൃത്തികൊണ്ട് വേറെ ചിലതും ആകാൻ ആഗ്രഹിക്കുന്നില്ല .
Q : നിങ്ങൾ അധികം ടൗണുകളിൽ പ്രസംഗിക്കാതെ ഗ്രാമാന്തരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആയി കാണുന്നു .  ഇത് പുതിയ പ്രചരണ തന്ത്രമാണോ ?
Ans : പ്രധാനമായും ഞങ്ങൾക്ക് ഡിജിറ്റൽ പ്രചാരണത്തിനുള്ള അത്ര വലിയ ഫണ്ട് ഒന്നും കയ്യിലില്ല . രണ്ടാമത്തെ കാര്യം ഗ്രാമങ്ങളിൽ ചെന്ന് ഗ്രാമീണരോട്  സംസാരിക്കുന്നത് ആണ് ജനാധിപത്യപരമായി ഏറ്റവും നല്ല 
ഇന്റൊറാക്ഷൻ ഉള്ള കാര്യം എന്ന് എസ്ഡിപിഐ വിശ്വസിക്കുന്നു. 
Q : ഉറപ്പാണ് എൽഡിഎഫ് . നാട് നന്നാക്കാൻ കോൺഗ്രസ് . മോദിജിക്ക് കരുത്താകാൻ NDA . എസ്ഡിപിഐക്ക് എന്താണ് ഇതുപോലെത്തെ മുദ്രാവാക്യം ?
Ans : നോ കോംപ്രമൈസ് വിത്ത് ആർഎസ്എസ് . വിൻ ദി ഇലക്ഷൻ വിത്ത് എസ്ഡിപിഐ ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം.
Q : താമര വിരിയും എന്നു പറഞ്ഞു . നേമത്ത് രാജേട്ടൻ അത് വിജയിച്ചു . അതുപോലെ കേരളത്തിൽ എസ്ഡിപിഐക്ക് ഒരു എംഎൽഎയെ എപ്പോൾ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ?
Ans : 2027 ൽ എസ്ഡിപിഐക്ക് ഒരു എംഎൽഎ എങ്കിലും കേരളത്തിൽ ഉണ്ടായിരിക്കും. ഇത് യാഥാർത്ഥ്യമാകാൻ പോകുന്ന ഒരു പ്രവചനമാണ് .ഒരു വെല്ലുവിളിയല്ല .പൊള്ളയായ അവകാശവാദവുമല്ല . കാത്തിരുന്ന് കാണുക .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *