പുലർകാലത്തിനൊപ്പം; എം വി ശ്രേയാംസ്കുമാർ
പുലർകാലത്തിനൊപ്പം; എം വി ശ്രേയാംസ്കുമാർ
കല്പറ്റ: കല്പറ്റക്കാരുടെ സ്വന്തം ഫിറ്റ്നസ് കൂട്ടായ്മ പുലർകാലത്തിനൊപ്പം, മണ്ഡലത്തിന്റെ സ്പോർട്സ് സ്വപ്നങ്ങൾ കൂടി പങ്കിട്ടൊരു പുലർകാല സവാരി.. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ ഞായറാഴ്ചത്തെ പ്രചാരണം തുടങ്ങിയത് ഊർജസ്വലതയോടെയാണ്. പുലർകാലം കൂട്ടായ്മക്കാർക്കൊപ്പം കറുപ്പ് ജേഴ്സിയണിഞ്ഞായിരുന്നു ശ്രേയാംസിന്റെ രാവിലത്തെ വ്യായാമം. സ്പോർട്സും വ്യായാമവും ദിനചര്യയാവേണ്ടതും അതിനായി കല്പറ്റയിൽ ഒരുക്കേണ്ട പദ്ധതികളും ചർച്ചയായി. കല്പറ്റയെ അല്ല വയനാടിനെ ആകെക്കണ്ടാണ് ശ്രേയാംസ് മറുപടി നൽകിയത്. പ്രത്യേക മിഷനായി നാലോ അഞ്ചോ മേഖലകൾ കേന്ദ്രീകരിച്ചുള്ള കായിക വികസന പദ്ധതികളാണ് വേണ്ടത്. പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരുടെ കായികശേഷിയെ കൂടി പരിഗണിക്കുന്ന തരത്തിൽ. ലോകോത്തരക്ലബുകൾക്കായി വയനാട്ടുകാർ മത്സരിക്കുന്ന കാലം വിദൂരമല്ലെന്നും ഗോകുലം ക്ലബിന്റെ വിജയശില്പകളായ വയനാട്ടുകാരെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ചുഴലിയിലെ നീന്തൽക്കാരുടെ കൂട്ടായ്മയിലും ശ്രേയാംസെത്തി. എല്ലാ പഞ്ചായത്തിലും കളിസ്ഥലവും പൊതുനീന്തൽക്കുളം നിർമിക്കുന്ന പ്രകടന പത്രികയിലെ വാഗ്ദാനവും അദ്ദേഹം ഓർമിപ്പിച്ചു.
മൂന്നാംഘട്ട പ്രചാരണ പരിപാടികളുടെ സമാപനം കൂടിയായിരുന്നു ഞായറാഴ്ച. നൂറുകണക്കിനാളുകൾ പങ്കെടുത്ത പൊതുയോഗങ്ങളായിരുന്നു ഞായറാഴ്ച സ്ഥാനാർഥിയെ എതിരേറ്റത്. എൽ.ഡി.എഫ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ എല്ലായിടത്തും ചർച്ചയായി.
കാലിക്കുനിയിലെ ചെക്കണ്ണിക്കുന്ന് കോളനിയിലെത്തിയപ്പോൾ കുടിവെള്ള പ്രശ്നത്തിന്റെ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. എല്ലാവർക്കും എല്ലാവീടുകളിലും കുടിവെള്ളമെത്തിക്കുമെന്നതാണ് തന്റെ വാഗ്ദാനമെന്നും അതുറപ്പായും നടപ്പാക്കുമെന്നും ശ്രേയാംസ് കുമാർ ഉറപ്പുനൽകി.
കോട്ടവയൽ, ചെമ്പോത്തറ, തളിമല.. ബൈക്ക് റാലിയുമായാണ് എൽ.ഡി.എഫ്. പ്രവർത്തകർ സ്ഥാനാർഥിയെ എതിരേറ്റത്. ഓശാന ഞായറാഴ്ച പ്രാർഥനകൾ കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങിയ വിശ്വാസികളും കുരുത്തോലകളുമായി പല പൊതുയോഗങ്ങളിലും കാത്തുനിന്നു.
സുഗന്ധഗിരി മേഖലയിലെ പൊതുയോഗത്തിൽ ലൈഫ് പദ്ധതിയിൽ പ്രദേശത്തു നിർമിച്ച വീടുകൾ തന്നെയായിരുന്നു വികസന സാക്ഷ്യം. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫിയും പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു.
കല്ലങ്കാരി കോട്ടക്കുന്ന്, തരിയോട് എച്ച്.എസ്., ഹൈസ്കൂൾ കുന്ന്, വയനാംകുന്ന്, അത്തിമൂല, കല്ലൂർ, തളിമല, ആനപ്പാറ, ഓടത്തോട്, കാപ്പംകൊല്ലി, ചെമ്പോത്തറ, അഡ്ലൈഡ്, വാവാടി, ചൂരിയാറ്റ, കോട്ടത്തറ തങ്ങൾമുക്ക്, മലന്തോട്ടം, വെള്ളച്ചിമൂല, കരിമ്പടക്കുനി, ചിത്രമൂല, പച്ചിലക്കാട് എന്നിവിടങ്ങളിലായിരുന്നു പര്യടനം. ഇതോടെ പ്രചാരണത്തിന്റെ മൂന്നാംഘട്ടവും സ്ഥാനാർഥി പര്യടനത്തിന്റെ രണ്ടാംഘട്ടവും സമാപിച്ചു.
Leave a Reply